ഓരോരുത്തര്‍ക്കും വന്ന നഷ്ടങ്ങളും സര്‍ക്കാര്‍തന്നെ തിട്ടപ്പെടുത്തി നഷ്ടപരിഹാരം നല്‍കും; വ്യക്തികള്‍ പ്രത്യേക അപേക്ഷ നല്‍കേണ്ടതില്ല... റവന്യു, തദ്ദേശസ്വയംഭരണ വകുപ്പ് അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചു നല്‍കുന്ന പരിശോധനാ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും സഹായം നല്‍കുക; പ്രളയക്കെടുതി നഷ്ടപരിഹാരം നല്‍കുന്നതിന് സർക്കാർ ഉത്തരവിറങ്ങി

പ്രളയക്കെടുതി നഷ്ടപരിഹാരം നല്‍കുന്നതിന് സർക്കാർ ഉത്തരവിറങ്ങി. വ്യക്തികള്‍ പ്രത്യേക അപേക്ഷ നല്‍കേണ്ടതില്ല. റവന്യു, തദ്ദേശസ്വയംഭരണ വകുപ്പ് അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചു നല്‍കുന്ന പരിശോധനാ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും സഹായം നല്‍കുക. അപകടനിലയിലായ വീടുകളുടെയും കടകളുടെയും വിവരവും ഓരോരുത്തര്‍ക്കും വന്ന നഷ്ടങ്ങളും സര്‍ക്കാര്‍തന്നെ തിട്ടപ്പെടുത്തിയാകും നഷ്ടപരിഹാരം നല്‍കുക.
റവന്യു, തദ്ദേശസ്വയംഭരണ വകുപ്പ് അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചു നല്‍കുന്ന പരിശോധനാ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മാനദണ്ഡങ്ങള്‍ക്കനുസരിച്ച് സഹായം നല്‍കുന്നത്. രേഖകള്‍ നഷ്ടപ്പെട്ടവര്‍ മാത്രമേ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ അപേക്ഷിക്കേണ്ടതുള്ളു. പ്രളയത്തിലും മഴക്കെടുതിയിലും ദുരിതബാധിതമായ എല്ലാ വീടുകളുടെയും നിലവിലുള്ള സ്ഥിതി സന്നദ്ധ സംഘടനകളുടെ കൂടി സഹായത്തോടെ ഉദ്യോഗസ്ഥര്‍ രേഖപ്പെടുത്തി ലഭ്യമാക്കാന്‍ മൊബൈല്‍ ആപ്പ് തയ്യാറാക്കും.
ഈ വിവരശേഖരണങ്ങള്‍ തദ്ദേശസ്വയംഭരണസ്ഥാപനം വഴി കൂട്ടിച്ചേര്‍ത്ത് അതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ നിശ്ചയിക്കുന്ന നഷ്ടപരിഹാരം നല്‍കും. വീടുകള്‍ക്ക് പുറമേ, കാര്‍ഷികോത്പന്നങ്ങള്‍, കൃഷിയിടങ്ങള്‍, വളര്‍ത്തുമൃഗങ്ങള്‍, ചെറുകിടവ്യവസായങ്ങള്‍, കച്ചവടസ്ഥാപനങ്ങള്‍ തുടങ്ങിയ ജീവനോപാധികള്‍ നശിച്ചുപോയവര്‍ക്കും സഹായത്തിന് അര്‍ഹതയുണ്ടായിരിക്കും.
നഷ്ടമായ ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ് തുടങ്ങിയ പ്രധാന രേഖകളും സര്‍ട്ടിഫിക്കറ്റുകളും ഒറ്റ കേന്ദ്രത്തില്‍നിന്നു നല്‍കും. പേര്, മേല്‍വിലാസം, പിന്‍കോഡ്, വയസ്സ്, ഫോണ്‍ നമ്പര്‍ തുടങ്ങിയ അടിസ്ഥാനവിവരങ്ങള്‍, വിരലടയാളം പോലുള്ള ബയോമെട്രിക് വിവരങ്ങള്‍ തുടങ്ങിയവ ഉപയോഗിച്ച് പ്രധാനരേഖകള്‍ സര്‍ക്കാരിന്റെ വിവിധ സംവിധാനങ്ങളില്‍നിന്നു വീണ്ടെടുക്കാം.
പേരിലും മറ്റും അന്തരം ഉണ്ടെങ്കിലും കണ്ടുപിടിക്കാം. ഇതിനായി സെപ്റ്റംബര്‍ ആദ്യവാരം മുതല്‍ അദാലത്തുകള്‍ നടത്തും. ചെറുകിട വ്യവസായങ്ങള്‍ തകര്‍ന്നുപോയ വ്യാപാരികള്‍ക്ക് പലിശയില്ലാതെ പത്തുലക്ഷം രൂപ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. വ്യവസായ സ്ഥാപനങ്ങളുടെ പുനരുജ്ജീവനത്തിനുള്ള സഹായങ്ങള്‍ നല്‍കുന്ന കാര്യവും സര്‍ക്കാരിന്റെ പരിഗണനയിലാണ്.
പ്രാദേശികമായ സോഷ്യല്‍ ഓഡിറ്റിങ് എന്ന നിലയില്‍ ഈ സംവിധാനം മാറും. പൂര്‍ണമായും തകര്‍ന്ന വാസയോഗ്യമല്ലാത്ത വീടുകള്‍ക്ക് നാലു ലക്ഷം രൂപയും വീടും സ്ഥലവും നഷ്ടമായവര്‍ക്ക് മൂന്നു മുതല്‍ അഞ്ചു സെന്റ് വരെ സ്ഥലം വാങ്ങുന്നതിന് പരമാവധി ആറു ലക്ഷം രൂപയുമാണ് നല്‍കുക. രണ്ടു ദിവസത്തിലധികം വെള്ളം കെട്ടിനിന്ന പുരയിടങ്ങളിലെ കുടുംബങ്ങള്‍ക്ക് പതിനായിരം രൂപ നഷ്ടപരിഹാരം ബാങ്ക് അക്കൗണ്ടിലേക്ക് ഉടന്‍ നല്‍കും. അതിനാവശ്യമായ വിശദാംശങ്ങള്‍ റവന്യു അധികൃതരെ അറിയിക്കണം. ഇതിനകം ക്യാമ്പില്‍ നിന്നും പോയ അര്‍ഹതപ്പെട്ടവര്‍ക്കും തുകയ്ക്ക് അര്‍ഹതയുണ്ടായിരിക്കും.
https://www.facebook.com/Malayalivartha


























