വർഷങ്ങൾക്ക് മുൻപ് കാന്‍സര്‍ ബാധിതനായ യുവാവിനെ തേടിയെത്തിയ ദുരന്ത വാർത്തയിൽ ആ കുടുംബം ഒന്നടങ്കം ഞെട്ടി... ക്ഷയരോഗലക്ഷണം കാട്ടിയതിനെ തുടര്‍ന്ന് നടത്തിയ രക്ത പരിശോധനയിൽ എച്ച് ഐവി രോഗിയാണെന്ന് കണ്ടെത്തിയതോടെ കുടുംബത്തെ ഒന്നടങ്കം നാട്ടുകാർ അടിച്ചോടിച്ചു; ഭയപ്പാടോടെ യുവാവും കുടുംബവും

വർഷങ്ങൾക്ക് മുൻപ് കാന്‍സര്‍ ബാധിതനായ യുവാവിനെ തേടിയെത്തിയ ദുരന്ത വാർത്തയിൽ ആ കുടുംബം ഒന്നടങ്കം ഞെട്ടി. പത്തനംതിട്ട റാന്നി സ്വദേശിയായ യുവാവും കുടുംബവുമാണ് നാട്ടുകാർക്കെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. പത്തു വര്‍ഷം മുമ്പ് കാന്‍സര്‍ ബാധിതനായ യുവാവ് അടുത്ത കാലത്ത എച്ച്‌ഐവി രോഗിയാണെന്ന് കണ്ടെത്തിയതോടെ ഇയാളെയും ഭാര്യയേയും പ്‌ളസ് ടൂവിനും എട്ടിലും പഠിക്കുന്ന പെണ്‍മക്കളെയും നാട്ടുകാര്‍ താമസിക്കാന്‍ അനുവദിക്കുന്നില്ലെന്നാണ് പരാതി. സ്വന്തമായി വീടില്ലാത്തതിനാല്‍ വാടക വീടുകളിലാണ് ഇവര്‍ താമസിച്ചു വന്നിരുന്നത്. നിലവില്‍ റാന്നി അങ്ങാടി പഞ്ചായത്തിലെ നെല്ലിക്കാമണ്ണില്‍ കരിങ്കുറ്റി ലക്ഷംവീട് കോളനിയിലാണ് കഴിയുന്നത്.
കൂലിപ്പണി ചെയ്ത് കുടുംബം പോറ്റുന്നതിനിടയില്‍ 2007 ല്‍ ഇയാള്‍ കാന്‍സര്‍ ബാധിതനായതിനെ തുടര്‍ന്ന് നാട്ടുകാര്‍ പണം പിരിച്ചു കൊടുക്കുകയും സര്‍ക്കാര്‍ സഹായം സ്വീകരിച്ച് ചികിത്സ നടത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് പല ജോലികളും ചെയ്തു വരുന്നതിനിടയില്‍ ക്ഷയരോഗലക്ഷണം കാട്ടിയതിനെ തുടര്‍ന്ന് നടത്തിയ രക്ത പരിശോധനയിലാണ് എച്ച്‌ഐവി ബാധിതനായി കണ്ടെത്തിയത്. ഭാര്യയൂടെയും മക്കളുടെയും രക്തം പരിശോധിച്ചെങ്കിലും അവരുടെ ഫലം നെഗറ്റീവ് ആയിരുന്നു.
എന്നാല്‍ യുവാവിനോടുള്ള വൈരാഗ്യത്തില്‍ ചിലര്‍ ഇവര്‍ക്കും എച്ച്‌ഐവി ആണെന്ന് പ്രചരിപ്പിച്ച് ജോലികളും പഠനവും മുടക്കാന്‍ രംഗത്തിറങ്ങിയിട്ടുണ്ട്. നന്നായി കൂലിപ്പണി ചെയ്തിരുന്ന ബാബുവിന്റെ ശരീരം എച്ച്‌ഐവി പിടികൂടിയതോടെ ക്ഷീണിച്ച അവസ്ഥയിലായി. ഭാരമുള്ള ജോലികള്‍ ചെയ്യാന്‍ കഴിയാതായതോടെ രണ്ടു മക്കളുടെയും പഠന ചെലവ് പള്ളി ഏറ്റെടുത്തെന്നും കുടുംബ ചെലവ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കായി ആക്രിസാധനങ്ങള്‍ വില്‍ക്കുകയും ലോട്ടറി വില്‍പ്പന നടത്തുകയുമായിരുന്നു.
സ്വന്തമായി വീടില്ലാതിരുന്നതിനാലാണ് സുഹൃത്തിന്റെ വീട്ടില്‍ താമസിക്കാന്‍ പോയതും ആ വീട് പിന്നീട് നാലുലക്ഷം കൊടുത്ത് വാങ്ങിയത്. ഇതിന്റെ അറ്റകുറ്റ പണികള്‍ക്ക് ധനസഹായം കിട്ടാന്‍ നല്‍കിയ അപേക്ഷയിലാണ് രോഗവിവരം പുറത്തായത്. വിവരം പുറത്തായതോടെ കോളനിയില്‍ ആള്‍ക്കാര്‍ തനിക്കെതിരേ തിരിയുകയും ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെടുകയുമായിരുന്നെന്ന് ഇയാള്‍ പറയുന്നു. പിന്നീട് അധികൃതരുടെ ഇടപെടലിലാണ് പ്രശ്‌നം ഒതുങ്ങിയത്.
ഇതിനിടയില്‍ ഭാര്യ ജോലി ചെയ്യുന്ന സ്‌കൂളിലെത്തി അസുഖമില്ലാതിരുന്ന അവര്‍ക്ക് അസുഖമാണെന്ന തരത്തില്‍ കുപ്രചരണം നടത്തി. പലതരത്തില്‍ ഓടിക്കാന്‍ ശ്രമിച്ച് ഒടുവില്‍ പ്രശ്‌നമായത് പത്തനംതിട്ട ജില്ലയെ കൂടി പ്രളയം ബാധിച്ച ഓഗസ്റ്റ് 22 നായിരുന്നു. ഒരുകൂട്ടം ആളുകള്‍ വീടിനു നേരെ കല്ലെറിയുകയും ജനലുകള്‍ അടിച്ചു പൊട്ടിക്കുകയും അതിക്രമിച്ച് കയറാന്‍ ശ്രമിക്കുകയും ചെയ്‌തെന്നാണ് ഇയാളുടെ ആരോപണം. അകത്തേക്ക് മുളകുപൊടി വിതറി. ഉപദ്രവിക്കരുതേയെന്ന് മക്കള്‍ നിലവിളിച്ചിട്ടും കേട്ടില്ല. ഇളയ മകളുടെ ശരീരത്തും വന്ന് കല്ലുകള്‍ വീണതോടെ അവര്‍ മുളക് പൊടി കലക്കി പുറത്തേക്ക് ഒഴിച്ചു. കോളനിക്കാര്‍ മാത്രമല്ല, പുറത്തു നിന്നും വന്ന, തങ്ങള്‍ മുമ്പ് കണ്ടിട്ടില്ലാത്തവര്‍ ഉള്‍പ്പെടെ അക്രമികളില്‍ ഉണ്ടായിരുന്നു എന്ന് ഇയാള്‍ ആരോപിക്കുന്നു.
ഒടുവില്‍ മറ്റ് ചിലരുടെ ഇടപെടലിനെ തുടര്‍ന്ന് പൊലീസ് വരികയായിരുന്നു. എന്നാല്‍ നീതി കിട്ടിയില്ലെന്നും പൊലീസുകാരും അറപ്പോടെയാണ് പെരുമാറിയതെന്നും ഇയാള്‍ ആരോപിക്കുന്നു. ഭാര്യയേയും കുഞ്ഞുങ്ങളെയും വണ്ടിയില്‍ കയറ്റിയെങ്കിലും തന്നെ മാത്രം കേറ്റിയില്ല. രോഗമുള്ളവനെയൊന്നും വണ്ടിയില്‍ കയറ്റാന്‍ പാടില്ലെന്നാണ് ഒരു പോലീസുകാരന്‍ പറഞ്ഞത്. ആ രാത്രിയില്‍ ഭാര്യയേയും രണ്ട് പെണ്‍മക്കളെയും ഒറ്റയ്ക്കാക്കി ഞാന്‍ എങ്ങനെ പോകാനാണ്. പിന്നീട് രാത്രി പതിനൊന്നരയോടെ എല്ലാവരേയും സ്‌റ്റേഷനില്‍ കൊണ്ടുപോയി.
അവിടെ ചെന്നപ്പോഴും എന്നെ മാത്രമേ സ്‌റ്റേഷനില്‍ ഇരുത്താന്‍ പറ്റൂ, ഭാര്യയും കുഞ്ഞുങ്ങളും വേറെ എങ്ങോട്ടെങ്കിലും പോയ്‌ക്കോളണമെന്നാണ് പറഞ്ഞത്. ആ രാത്രിയില്‍ അവര്‍ എവിടെ പോകാനാണ്? ഒരു സുഹൃത്തിന്റെ വീട്ടില്‍ കൊണ്ടുപോയി ആക്കാന്‍ പറ്റുമോ എന്നു ചോദിച്ചപ്പോഴും ആദ്യം പോലീസുകാര്‍ക്ക് അറപ്പായിരുന്നു. പിന്നെയും എസ് ഐയുടെ ഇടപെടല്‍ ഉണ്ടായതുകൊണ്ടാണ് കൊണ്ടു പോയത്. പിറ്റേ ദിവസം രാവിലെ ഞാനും അങ്ങോട്ടു പോയി. അവരെയും കൂട്ടി വീണ്ടും സ്‌റ്റേഷനില്‍ വന്നു. രാവിലെ എട്ടുമണിതൊട്ട് രാത്രി ഏഴരവരെ സ്‌റ്റേഷനില്‍ ഇരുന്നു. രണ്ടു മൂന്നു ദിവസം ഞങ്ങള്‍ ഇതുപോലെ സ്‌റ്റേഷനില്‍ കയറിയിറങ്ങി. എന്നാല്‍ തങ്ങളുടെ പരാതി രജിസ്റ്റര്‍ ചെയ്യാന്‍ അവര്‍ തയ്യാറായില്ല.
പ്രതികളായവരെ, സ്‌റ്റേഷനിലേക്ക് വരാമോയെന്ന് അഭ്യര്‍ത്ഥിക്കുന്നതു പോലെയാണ് പൊലീസുകാര്‍ വിളിച്ചത്. അവര്‍ വരികയും അതുപോലെ പോവുകയും ചെയ്തു. റാന്നി എംഎല്‍എയുടെ ആളുകളാണവര്‍. അതിന്റെ പരിഗണനയാണ് പോലീസ് നല്‍കുന്നത്. പ്രതികളോട് പൊയ്‌ക്കോളാനും ഞങ്ങളോട് അവിടെ നില്‍ക്കാനുമാണ് പറയുന്നത്. പരാതി ഒത്തുതീര്‍പ്പാക്കാനാണ് പൊലീസ് ശ്രമിച്ചത്. ഏതോ പേപ്പര്‍ കാണിച്ച് അതില്‍ ഒപ്പിടാന്‍ പറഞ്ഞിട്ട് ഞങ്ങളത് ചെയ്തില്ല.
ഇപ്പോള്‍ നാലഞ്ച് ദിവസങ്ങളായി ഒരു സുഹൃത്തിന്റെ വീട്ടിലാണ് താമസം. ഞങ്ങളുടെ സ്വന്തം വീട്ടിലേക്ക് തിരിച്ചു പോകാന്‍ കഴിയാത്ത അവസ്ഥയാണെന്നും ഇയാള്‍ പറയുന്നു. പരാതി നല്‍കിയിട്ടു പോലും വീടാക്രമിച്ച് തന്നെ കൊല്ലാന്‍ ശ്രമിച്ചവര്‍ക്കെതിരേ പോലീസ് നടപടിയെടുത്തില്ലെന്ന് യുവാവ് പറയുമ്പോള്‍ വാക്കു തര്‍ക്കം, ഉണ്ടാക്കി അക്രമ സ്വഭാവം കാട്ടിയതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ ചെറുത്തതാണ് കാരണമെന്നും പ്രശ്‌നത്തില്‍ മുതലെടുപ്പ് നടത്താന്‍ യുവാവ് എച്ച്‌ഐവി ബാധിതനാണെന്നത് മറയാക്കുകയാണെന്നുമാണ് പോലീസ് പറയുന്നത്.
https://www.facebook.com/Malayalivartha























