ലൈംഗിക ആരോപണങ്ങള്‍ ഗൗരവത്തോടെ കാണുന്ന പാര്‍ട്ടിയാണ് സിപിഎം; പി.കെ. ശശി എംഎല്‍എയ്ക്ക് എതിരായ പീഡന പരാതിയില്‍ സിപിഎമ്മിനെ പ്രതിരോധിച്ച് സിപിഐ

പി.കെ. ശശി എംഎല്‍എയ്ക്ക് എതിരായ പീഡന പരാതിയില്‍ സിപിഎമ്മിനെ പ്രതിരോധിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. ലൈംഗിക ആരോപണങ്ങള്‍ ഗൗരവത്തോടെ കാണുന്ന പാര്‍ട്ടിയാണ് സിപിഎം എന്നും ശശിക്കെതിരായ പരാതിയില്‍ സിപിഎം ഉചിതമായ നടപടി സ്വീകരിക്കുമെന്നും കാനം പറഞ്ഞു.
അതേസമയം, സിപിഎം സംസ്ഥാന നേതൃത്വത്തേയും ജില്ലാ ഘടകത്തേയും പ്രതിരോധത്തിലാക്കിയ പീഡന പരാതിയില്‍ ഒത്തുതീര്‍പ്പിനു ശ്രമം നടക്കുന്നതായാണു സൂചന. പരാതി നല്കിയ പെണ്‍കുട്ടിയുടെ ബന്ധുക്കളെയും സുഹൃത്തുക്കളേയും ചിലര്‍ പണവുമായി സമീപിച്ചെന്നാണ് ആരോപണം. ശശി വിഷയത്തില്‍ സിപിഎം, ഡിവൈഎഫ്ഐ പ്രതിരോധത്തിന്റെയും സമ്മര്‍ദത്തിന്റെയും മുള്‍മുനയില്‍ നില്‍ക്കുന്പോഴാണ് ഒത്തുതീര്പ്പുസംബന്ധിച്ച വിവരങ്ങളും പുറത്തുവരുന്നത്.
പെണ്‍കുട്ടി പോലീസില്‍ പരാതി നല്കിയിട്ടില്ലാത്തതിനാല് സ്വാഭാവികമായി പാര്‍ട്ടിക്കകത്തു വിഷയം ഒത്തുതീര്‍ക്കാന്‍ തന്നെയാണു ശ്രമം നടന്നുവരുന്നത്. ഇനി ഏതെങ്കിലും വിധേന പോലീസിനെ സമീപിച്ചാല്‍ അറസ്റ്റിലേക്കുവരെ കാര്യങ്ങള്‍ നീണ്ട് പാര്‍ട്ടി സമ്മര്‍ദ്ദത്തിലാകും. ഇതുകൊണ്ടുതന്നെ ഒത്തുതീര്‍പ്പു എന്നത് മാത്രമാണ് ശശിക്ക് മുന്നിലുള്ള വഴി.
അതേസമയം സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്ന എംഎല്‍എയുടെ വാദവും പാര്‍ട്ടി ഗൗരവത്തോടെ കാണുന്നുണ്ട്. പാലക്കാട് വീണ്ടും വിഭാഗീയതകളുടെ തുരുത്തുകള്‍ രൂപപ്പെടുന്നുവെന്ന ചില വിലയിരുത്തലുകള്‍ നടന്നിരുന്നു. ഇതിന്റെ ഭാഗമാകാം എംഎല്‍എയ്ക്കു നേരെയുള്ള ആരോപണമെന്നത് അന്വേഷണ വിധേയമാക്കിയേക്കും.
https://www.facebook.com/Malayalivartha


























