പാര്‍ട്ടിക്ക് കേസന്വേഷിക്കാന്‍ അധികാരമില്ല; വനിതാ നേതാവ് നല്‍കിയ പരാതി സി.പി.എം നേതൃത്വം പൊലീസിന് കൈമാറാഞ്ഞത് കുറ്റവാളിയെ രക്ഷപ്പെടാന്‍ സഹായിക്കുന്നതിന് തുല്യമാണെന്ന് കെമാൽ പാഷ

ഷൊര്‍ണ്ണൂര്‍ എം. എല്‍. എ പി.കെ.ശശിക്കെതിരെ ഡി.വൈ.എഫ് ഐ വനിതാ നേതാവ് നല്‍കിയ പരാതി സി.പി.എം നേതൃത്വം പൊലീസിന് കൈമാറാഞ്ഞത് കുറ്റവാളിയെ രക്ഷപ്പെടാന്‍ സഹായിക്കുന്നതിന് തുല്യമാണെന്ന് റിട്ട.ജസ്റ്രിസ് കമാല്‍ പാഷ പറഞ്ഞു. ഇന്ത്യന്‍ ശിക്ഷാ നിയമം 201ആം വകുപ്പ് പ്രകാരം കേസെടുക്കാവുന്ന പ്രവൃത്തിയാണ് പരാതി പൊലീസിന് കൈമാറാത്തതിലൂടെ സി.പി.എം നേതാക്കള്‍ ചെയ്തതെന്ന് അദ്ദേഹം തിരുവനന്തപുരം പ്രസ് ക്ലബിന്റെ മുഖാമുഖം പരിപാടിയില്‍ പറഞ്ഞു.
പാര്‍ട്ടിക്ക് കേസന്വേഷിക്കാന്‍ അധികാരമില്ല. നീതി നിര്‍വഹണ സംവിധാനം പാര്‍ട്ടികളുടെയും സഭയുടെയും പരിധിക്ക് പുറത്തുള്ളവര്‍ക്ക് വേണ്ടി മാത്രമല്ല. ഇക്കാര്യം പാര്‍ട്ടി നേതൃത്വം ഗൗരവമായി പരിഗണിക്കണം. ഞങ്ങള്‍ ചെയ്യും, ഞങ്ങള്‍ അന്വേഷിക്കും, ഞങ്ങള്‍ തന്നെ ശിക്ഷിക്കും എന്ന നിലപാട് ശരിയല്ല. ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ ഇടപെടലില്‍ തനിക്ക് തൃപ്തിയില്ലെന്ന് അദ്ദേഹം പറഞ്ഞു. റോഡ് നിര്‍മ്മിച്ചു നല്‍കാമെന്ന് കേന്ദ്രം പറഞ്ഞത് നല്ലതുതന്നെ. അതേസമയം പ്രധാനമന്ത്രി പ്രഖ്യാപിച്ച അടിയന്തരസഹായമായ 500 കോടിരൂപ തീരെ കുറഞ്ഞുപോയെന്നും 5000 കോടിയെങ്കിലും അടിയന്തരസഹായം നല്‍കേണ്ടിയിരുന്നെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രത്തില്‍ നിന്ന് സമ്മര്‍ദ്ദം ഉപയോഗിച്ച് കൂടുതല്‍ പണം വാങ്ങണം.
ജലവൈദ്യുത പദ്ധതികളില്‍നിന്ന് സംസ്ഥാനം കാലക്രമേണ മാറണം. ആതിരപ്പള്ളി പദ്ധതിക്ക് ഒരിക്കലും അനുമതി നല്‍കരുത്. സോളാര്‍ പോലുള്ള ഊര്‍ജ്ജോല്പാദന മാര്‍ഗങ്ങളിലേക്ക് മാറണം. നഷ്ട പരിഹാരം നല്‍കേണ്ടിവരും എന്നുള്ളതുകൊണ്ടാണ് വെള്ളപ്പൊക്കത്തിന് ഡാം തുറക്കലുമായി ബന്ധമില്ലെന്ന് സര്‍ക്കാര്‍ പറയുന്നത്. വീടുകള്‍ വയ്ക്കാന്‍ പറ്രാത്ത സ്ഥലത്ത് വീടുകള്‍ വയ്ക്കാന്‍ സര്‍ക്കാര്‍ ഒരിക്കലും അനുവദിക്കരുത്. പ്രളയദുരന്തത്തിന് ഡാം തുറക്കലും കാരണമായെന്ന് കാര്യം ജൂഡിഷ്യല്‍ അന്വേഷണ വിധേയമാക്കണം. ആളുകള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ സിറ്രിംഗ് ജഡ്ജിമാര്‍ ഉള്‍പ്പെടുന്ന നാലോ അഞ്ചോ ട്രൈബ്യൂണലുകള്‍ രൂപീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഒരു മാസത്തെ ശമ്ബളം കൊടുക്കണമെന്ന് സര്‍ക്കാര്‍ ജീവനക്കാരെ നിര്‍ബന്ധിക്കരുത്. മനസ്സുള്ളവര്‍ കൊടുക്കട്ടെ. തയ്യാറല്ലാത്തവര്‍ എഴുതിക്കൊടുക്കട്ടെ എന്നതിന് പകരും തയ്യാറുള്ളവരോട് എഴുതിക്കൊടുക്കാനാണ് സര്‍ക്കാര്‍ പറയേണ്ടത്. ചടങ്ങില്‍ പ്രസ് ക്ളബ് സെക്രട്ടറി എം. രാധാകൃഷ്ണന്‍ അദ്ധ്യക്ഷം വഹിച്ചു. ട്രഷറര്‍ എസ്. ശ്രീകേഷ് സ്വാഗതം പറഞ്ഞു.
https://www.facebook.com/Malayalivartha


























