അവ്യക്തതയുടെ നിഴലില്‍ കുട്ടികളും രക്ഷിതാക്കളും; കലോത്സവത്തില്‍ വ്യക്തമായ മറുപടി ഇല്ലാതെ ഇപിയും സര്‍ക്കാരും; ആരാണ് കലോത്സവം വേണ്ടെന്നു പറഞ്ഞതെന്നു ചോദിച്ചെത്തിയ മന്ത്രിമാര്‍ മുഖ്യന്‍ ഇടപെട്ടതോടെ വലിഞ്ഞു

സംസ്ഥാനം ഇപ്പോള്‍ നാഥനില്ലാക്കളരി അവിടെ പല അഭിപ്രായങ്ങളുമായി മന്ത്രിമാരും. എന്നാല്‍ ആഘോഷ ആര്‍ഭാടങ്ങള്‍ ഇല്ലാതെ കലോത്സവം നടത്താനാണ് ഗവണ്‍മെന്റ് ഇപ്പോള്‍ ശ്രമിക്കുന്നത്. എന്നാല്‍ വ്യക്തമായ തീരുമാനം മുഖ്യന്‍ തന്നെ പറയേണ്ടിവരും. സ്‌കൂള്‍ കലോല്‍സവം വേണ്ടെന്നുവെച്ചെങ്കിലും ഗ്രേസ് മാര്‍ക്കിനുവേണ്ടി മല്‍സരം നടത്തുമെന്ന് മന്ത്രി ഇ.പി.ജയരാജന്‍. ആര്‍ഭാടം ഒഴിവാക്കി കുട്ടികള്‍ക്ക് കഴിവ് തെളിയിക്കാന്‍ അവസരമൊരുക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ നിന്ന് തിരിച്ചെത്തിയശേഷം ഇക്കാര്യം പരിശോധിക്കുമെന്ന് മന്ത്രി ഇ.പി. ജയരാജന്‍ അറിയിച്ചു. അതേ സമയം ചലച്ചിത്രമേള ഇല്ലായിരിക്കുമെന്ന് മന്ത്രി എകെ ബാലന്‍ അറിയിച്ചു.
പ്രളയ ദുരിതത്തിന്റെ പശ്ചാത്തലത്തിലാണ് സ്‌കൂള്‍ കലോത്സവവും ചലച്ചിത്ര മേളയും അടക്കം സര്‍ക്കാര്‍ നടത്തുന്ന എല്ലാ ആഘോഷങ്ങളും ഒഴിവാക്കിയത്. ഇതിനായി ചെലവഴിക്കുന്ന തുക കൂടി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. അതേസമയം ആഘോഷങ്ങള്‍ ഒഴിവാക്കി ചലച്ചിത്രോത്സവം നടത്തണമെന്ന് പല മേഖലകളില്‍ നിന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.
പക്ഷേ, സര്‍ക്കാര്‍ നല്‍കുന്ന ഒന്നരകോടി രൂപപോലും ഏറ്റവും കുറഞ്ഞ രീതിയില്‍ കലോല്‍സവം നടത്താന്‍ പര്യാപ്തമല്ല. വ്യക്തികളില്‍നിന്നും വാണിജ്യവ്യവസായ സ്ഥാപനങ്ങളില്‍നിന്നും ഇത്തവണ പണം പിരിക്കാനാവില്ല. കലോല്‍സവ ചട്ടം മാറ്റി സ്‌കൂള്‍തലത്തില്‍ മത്സരം നടത്തുക പ്രായോഗികമല്ലെന്നാണ് അധ്യാപക സംഘടനകള്‍ പറയുന്നത്. ഇതു കോടതിയില്‍ ചോദ്യം ചെയ്യപ്പെടാം. അതേസമയം, നൃത്തം, സംഗീതം തുടങ്ങിയ കലാരൂപങ്ങള്‍ പഠിപ്പിക്കുന്ന അധ്യാപകര്‍, മേക്കപ്പ് കലാകാരന്‍മാര്‍ തുടങ്ങി പന്തലുകെട്ടുന്നവര്‍ വരെയുള്ളവര്‍ക്കു കലോല്‍സവം വേണ്ടെന്നു വയ്ക്കുന്നതു തിരിച്ചടിയാകും. കലോല്‍സവം സംബന്ധിച്ച വിവിധ അഭിപ്രായങ്ങള്‍ ഗുണനിലവാര സമിതി യോഗം ചര്‍ച്ചചെയ്തു സര്‍ക്കാരിനെ അറിയിക്കും. ഏപ്രിലില്‍ നടത്താമെന്ന അഭിപ്രായവും അപ്രയോഗികമാണെന്ന വിലയിരുത്തലാണുള്ളത്. അതേസമയം, പ്രളയ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കലോല്‍സവം വേണ്ടെന്ന നിലപാടിലാണ് അധ്യാപക സംഘടനകള്‍. നാളെ ചേരുന്ന വിദ്യാഭ്യാസ ഗുണനിലവാര സമിതി ഇക്കാര്യത്തില്‍ സര്‍ക്കാരിനു ശുപാര്‍ശ നല്‍കും. എ ഗ്രേഡിന് 30, ബി – 24, സി – 18 മാര്‍ക്ക് ഇങ്ങനെയാണു കലോല്‍സവ വിജയികള്‍ക്കു ലഭിക്കുന്ന ഗ്രേസ്മാര്‍ക്ക്. കലോല്‍സവം വേണ്ടെന്നുവച്ചാല്‍ അര്‍ഹരായ കുട്ടികള്‍ക്ക് ഇത് എങ്ങനെ നല്‍കുമെന്നതാണു സര്‍ക്കാരിനു മുന്നിലുള്ള പ്രധാന ചോദ്യം. ഇക്കാര്യം പരിഗണിക്കുമെന്ന തരത്തിലാണു മന്ത്രി ഇ.പി. ജയരാജന്റെ വാക്കുകള്‍.
https://www.facebook.com/Malayalivartha


























