വിഷമദ്യം കഴിച്ച് മൂന്ന് പേർ മരിച്ച സംഭവത്തിൽ രണ്ട് പേർ പൊലീസ് കസ്റ്റഡിയിൽ

വയനാട് വെള്ളമുണ്ട വാരാമ്പറ്റയിൽ വിഷമദ്യം കഴിച്ച് മൂന്ന് പേർ മരിച്ച സംഭവത്തിൽ രണ്ട് പേർ പൊലീസ് കസ്റ്റഡിയിൽ. പിടിയിലായ ഇരുവരും നന്തവാടി സ്വദേശികളാണ് . വിഷമദ്യം കഴിച്ച് മൂന്ന് പേർ മരിച്ച സംഭവത്തിൽ വില്ലനായത് തമിഴ്നാട് മദ്യം 1848 എക്സോ ബ്രാൻഡി. വെള്ളമുണ്ട വാരാമ്പറ്റ കൊച്ചാറ പുലയ കോളനിയിലെ തിഗന്നായി (75) ഇയാളുടെ മകൻ പ്രമോദ്(35) ബന്ധു പ്രസാദ്(35) എന്നിവരാണ് മരിച്ചത്. ചെറിയ തോതിൽ മന്ത്രവാദ ക്രിയകൾ നടത്തി വരുന്ന ആളാണ് തിഗന്നായി.
ബുധനാഴ്ച രാവിലെ 11 മണിക്ക് ചരട് മന്ത്രിച്ച് കെട്ടാൻ വന്ന യുവാവ് കൊടുത്ത മദ്യം കഴിച്ച തിഗന്നായി ഉടൻ കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയാണ് ഇയാൾ മരിച്ചത്. മാനന്തവാടി സ്വദേശിയായ മറ്റൊരു യുവാവിൽ നിന്നാണ് ഇയാൾ മദ്യം വാങ്ങി വാരാമ്പറ്റക്ക് പോയത്. ഇവർ രണ്ട് പേരുമാണ് പൊലീസ് കസ്റ്റഡിയിലുള്ളത്.
തിഗന്നായി അസുഖങ്ങൾ ഉണ്ടായിരുന്ന ആളായിരുന്നതിനാൽ മരണകാരണം മദ്യമല്ല ,രോഗമായിരിക്കുമെന്ന് കരുതി ബന്ധുക്കൾ മൃതദേഹം വീട്ടിലേക്ക് കൊണ്ടുവന്നു. ഇന്ന് രാവിലെ പത്ത് മണിക്ക് സംസ്കാരം നടത്താൻ തീരുമാനിക്കുകയും ചെയ്തു. രാത്രി 10 മണിയോടൊയാണ് പ്രസാദ് രാവിലെ ബാക്കിയുണ്ടായിരുന്ന മദ്യത്തിന്റെ കാര്യം സുഹൃത്തുക്കളോട് പറയുന്നത്. നാല് പേർ ചേർന്ന് കഴിക്കാൻ ശ്രമിക്കുകയും പ്രമോദും പ്രസാദും ആദ്യം കഴിക്കുകയും ചെയ്തു.
മദ്യം കഴിച്ചശേഷം ഇരുവരും കുഴഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന് ഇരുവരെയും മാനന്തവാടി ജില്ലാശുപത്രിയിലെത്തിച്ചെങ്കിലും പ്രമോദ് യാത്രാമധ്യേയും പ്രസാദ് ആശുപത്രിയില്‍ വെച്ചും മരണപ്പെടുകയായിരുന്നു.
https://www.facebook.com/Malayalivartha

























