ശബരിമലയിലെ യുവതീ പ്രവേശനം 1991ല്‍ ഹൈക്കോടതി തടഞ്ഞപ്പോള്‍ മുഖ്യമന്ത്രിയായിരുന്ന കരുണാകരന്റെ സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലം കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പ് വ്യക്തമാക്കുന്നു... ബി.ജെ.പിയും സി.പി.എമ്മും അത് ആയുധമാക്കുന്നു

ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കണമെന്നുള്ള സുപ്രീംകോടതി വിധി തിടുക്കത്തില്‍ നടപ്പാക്കാനൊരുങ്ങുന്ന പിണറായി സര്‍ക്കാരിനെതിരെ ആഞ്ഞടിരക്കുന്ന കോണ്‍ഗ്രസിന് കെ.കരുണാകരന്‍ സര്‍ക്കാരിന്റെ നിലപാട് തലവേദനയാകുന്നു. 1991ലാണ് പത്തിനും 50നും ഇടയിലുള്ള സ്ത്രീകളെ വിലക്കിക്കൊണ്ട് കേരള ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് വിധി പ്രസ്താവിച്ചത്. അന്ന് മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരന്‍ സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ മണ്ഡല-മകരവിളക്ക് കാലത്ത് യുവതികളെ പ്രവേശിപ്പിക്കാനാവില്ലെന്നും എല്ലാ മലയാളമാസവും ഒന്നിന് നടതുറക്കുമ്പോള്‍ അവര്‍ക്ക് ദര്‍ശനം നടത്താമെന്നും പറഞ്ഞിരുന്നു. സി.പി.എമ്മും ബി.ജെ.പിയും ഈ നിലപാട് ആയുധമാക്കുകയാണിപ്പോള്‍.
ശബരിമലയിലെ യുവതീ പ്രവേശനത്തില്‍ കോണ്‍ഗ്രസിന് ഇരട്ടത്താപ്പാണെന്ന് ജന്‍മഭൂമി മുന്‍ എഡിറ്റര്‍ കെ.വി ഹരിദാസ് ആരോപിച്ചു. ഇപ്പോള്‍ വിധിക്കെതിരെ രംഗത്ത് വന്ന കോണ്‍ഗ്രസുകാര്‍ കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് മണ്ഡലകാലത്ത് ഒഴികെ യുവതികള്‍ക്ക് മലകയറാം എന്ന നിലപാടാണ് സ്വീകരിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 90കള്‍ക്ക് മുന്‍പ് പലപ്പോഴും യുവതികള്‍ ശബരിമല കയറിയിരുന്നെന്ന് സ്വാമി സന്ദീപാനന്ദഗിരിയും വ്യക്തമാക്കി. താനും ഭാര്യയും യുവാക്കളായിരുന്നപ്പോള്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയിട്ടുണ്ടെന്ന് കവിയും അധ്യാപകനുമായ വിഷ്ണുനാരായണന്‍ നമ്പൂതിരി വെളിപ്പെടുത്തിയിട്ടുണ്ടെന്നും അതിന്റെ വീഡിയോ തന്റെ കൈവശം ഉണ്ടെന്നും സന്ദീപാനന്ദഗിരി പറഞ്ഞു.
സര്‍ക്കാര്‍ നിലപാടിനെതിരെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആദ്യം രംഗത്ത് വന്നില്ല. എന്നാല്‍ ഭക്തര്‍ എതിരാണെന്ന് അറിഞ്ഞതോടെ ഇരുവരും നിലപാട് മാറ്റി. വിധി തിടുക്കപ്പെട്ട് നടപ്പാക്കരുതെന്ന് കാട്ടി ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. എന്നാല്‍ സുപ്രീംകോടതിക്കെതിരെ ഇരുവരും നിലപാട് എടുത്തില്ല എന്നതും ശ്രദ്ധേയമാണ്. സര്‍ക്കാര്‍ റിവ്യൂപെറ്റീഷന്‍ നല്‍കണം, ഭക്തരുടെ വികാരം മാനിക്കണം എന്നീ ആവശ്യങ്ങളാണ് ഇവര്‍ ഉന്നയിച്ചത്.
https://www.facebook.com/Malayalivartha





















