ഇടുക്കി ചെറുതോണി അണക്കെട്ടിലെ ഷട്ടറുകള്‍ തുറക്കാന്‍ തീരുമാനമായി; ശനിയാഴ്ച്ച രാവിലെ ആറ് മണിയോടെ ഷട്ടറുകൾ ഉയർത്തും; പരിസര പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് അതീവ ജാഗ്രതാ നിർദ്ദേശം

ഇടുക്കി ചെറുതോണി അണക്കെട്ടിലെ ഷട്ടറുകള്‍ തുറക്കാന്‍ തീരുമാനമായി. നാളെ ശനിയാഴ്ച്ച രാവിലെ ആറ് മണിയോടെ ഒരു ഷട്ടർ ഉയർത്തി 50 ഘനമീറ്റര്‍ വെള്ളം ഒഴുക്കി വിടാനാണ് തീരുമാനം. ജലനിരപ്പ് 2387.72 അടിയായതിനെ തുടര്‍ന്ന് ഷട്ടറുകള്‍ തുറക്കില്ലെന്നായിരുന്നു തീരുമാനം. എന്നാൽ ഇന്ന് വൈകിട്ട് 5.30ന് നടന്ന അവലോകന യോഗത്തിലായിരുന്നു അവസാന തീരുമാനം ഉണ്ടായത്.
കനത്ത മഴയെത്തുടർന്ന് ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് നേരിയ തോതില്‍ ഉയരുന്നതിനെ തുടര്‍ന്ന് മുന്‍കരുതലിന്‍റെ ഭാഗമായി ചെറുതോണി അണക്കെട്ടിന്‍റെ ഒരു ഷട്ടര്‍ തുറക്കുമെന്ന് നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും പിന്നീട് പിന്‍വലിക്കുകയായിരുന്നു.
ഷട്ടര്‍ തുറക്കുന്നതിനാല്‍ പരിസര പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും അധികൃതർ നിര്‍ദ്ദേശം നല്‍കി. തീരദേശ പ്രദശങ്ങളില്‍ ശക്തമായ കാറ്റ് അനുഭവപ്പെടുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കനത്ത മഴയുടെ പശ്ചാത്തലത്തിൽ മാട്ടുപ്പെട്ടി, പൊൻമുടി, മലങ്കര അണക്കെട്ടുകളിൽ നിന്നുള്ള ജലമൊഴുക്ക് കൂട്ടിയിരിക്കുകയാണ്. മുതിരപ്പുഴയാർ, പന്നിയാർ, തൊടുപുഴയാർ എന്നിവയുടെ തീരത്തുള്ളവർക്ക് ജാഗ്രത നിർദ്ദേശം നൽകി.
ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുള്ളതിനാൽ ജില്ലയിലെ വിനോദ സഞ്ചാരകേന്ദ്രങ്ങളിലേക്ക് സഞ്ചാരികൾക്കുള്ള നിരോധനം തുടരുകയാണ്. മലയോര മേഖലയിലെ രാത്രി യാത്രയ്ക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha
























