ഫ്രാങ്കോ വീണ്ടും ഹൈക്കോടതിയില്‍, റിമാന്‍ഡ് കാലാവധി ഈമാസം 20 വരെ പാലാ കോടതി നീട്ടിയതോടെയാണ് ജലന്ദര്‍ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളയ്ക്കല്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കുന്നത്

കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്ത കേസില്‍ പാലാ മജിസ്‌ട്രേട്ട് കോടതി റിമാന്‍ഡ് കാലാവധി നീട്ടിയതോടെ മുന്‍ ജലന്ദര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ വീണ്ടും ഹൈക്കോടതിയെ സമീപിക്കും. ഈമാസം 20 വരെയാണ് റിമാന്‍ഡ് കാലാവധി നീട്ടിയത്. ബിഷപ്പ് 14 ദിവസമായി പാലാ സബ് ജയിലില്‍ റിമാന്റിലായിരുന്നു. കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് ശനിയാഴ്ച രാവിലെയാണ് വീണ്ടും കോടതിയില്‍ ഹാജരാക്കിയത്.
ബിഷപ്പിന്റെ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളിയിരുന്നു. ബിഷപ്പിനെതിരെ ശക്തമായ തെളിവുകളുണ്ടെന്നും അന്വേഷണം നന്നായി നടക്കുന്നുണ്ടെന്നുമായിരുന്നു ഹൈക്കോടതി നിരീക്ഷണം. ജാമ്യം അനുവദിച്ചാല്‍ അന്വേഷണത്തെ ബാധിക്കാന്‍ ഇടയുണ്ടെന്ന പ്രോസിക്യൂഷന്‍ വാദവും കോടതി അംഗീകരിച്ചു. സാക്ഷികളെ സ്വാധീനിക്കാനുള്ള സാധ്യത കണക്കിലെടുത്ത് അന്വേഷണ സംഘം അവരുടെ രഹസ്യമൊഴികളും മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തില്‍ രേഖപ്പെടുത്തിയിരുന്നു. അടുത്തയാഴ്ച വീണ്ടും ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കുമെന്ന് ഫ്രാങ്കോയുടെ അഭിഭാഷകന്‍ അറിയിച്ചു.
ഫ്രാങ്കോ മുളയ്ക്കല്‍ പാലാ സബ് ജയിലില്‍ റിമാന്‍ഡിലായ ശേഷം പി.സി ജോര്‍ജ്ജ്, മാര്‍ മാത്യു അറയ്ക്കല്‍, സഹായ മെത്രാന്‍ ജോസ് പുളിക്കല്‍, പത്തനംതിട്ട രൂപത സഹായ മെത്രാന്‍ സാമുവല്‍ മാര്‍ ഐറേനിയോസ് എന്നിവര്‍ സന്ദര്‍ശിച്ചിരുന്നു. മാത്രമല്ല കന്യാസ്ത്രീക്കെതിരായ തെളിവുകള്‍ പുറത്ത് വിടുമെന്ന് പി.സി ജോര്‍ജ്ജ് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. കൊച്ചിയില്‍ കന്യാസ്്ത്രീകള്‍ സമരം തുടങ്ങിയ ദിവസം പരാതിക്കാരിയായ കന്യാസ്ത്രീ മാധ്യമങ്ങളെ കാണാന്‍ തീരുമാനിച്ചിരുന്നു.
അന്ന് തന്നെ പി.സി ജോര്‍ജ്ജ് കന്യാസ്ത്രീക്കെതിരെ കോട്ടയത്ത് വാര്‍ത്താസമ്മേളനം നടത്തിയിരുന്നു. അവരെ അഭിസാരിക എന്നടക്കം വിളിച്ചു. 12 തവണ ബലാല്‍സംഗം ചെയ്തിട്ടും മിണ്ടാതിരുന്ന കന്യാസ്ത്രീ 13ാമത്തേത് മാത്രം പരാതിയാക്കിയതിന് പിന്നില്‍ ദുരൂഹതയുണ്ടെന്നും അവര്‍ക്കൊപ്പം സമരം ചെയ്യുന്ന അഞ്ച് കന്യാസ്ത്രീകളുടെ സ്വഭാവം ശരിയല്ലെന്നും പി.സി ആരോപിച്ചിരുന്നു. തുടര്‍ന്ന് പരാതിക്കാരി വാര്‍ത്താസമ്മേളനം ഉപേക്ഷിച്ചു. പി.സി ജോര്‍ജ്ജിനെതിരെ കേസ് കൊടുത്തു. ഇതെല്ലാം ബിഷപ്പിന്റെ ജാമ്യത്തിന് തടസമായെന്നാണ് നിയമവിദഗ്ധര്‍ പറയുന്നത്. ഉന്നതരുമായി ബിഷപ്പിന് ബന്ധമുണ്ടെന്ന് തെളിയിക്കുന്നതാണ് ഇക്കാര്യങ്ങള്‍.
https://www.facebook.com/Malayalivartha





















