ന്യൂനമര്‍ദ്ദം അതിശക്തമാകുന്നു... സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടു ദിവസം ശക്തമായ മഴയ്ക്കും ചുഴലിക്കാറ്റിനും സാധ്യത

ന്യൂനമര്‍ദ്ദം അതിശക്തമാകുന്നു. സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടു ദിവസം ശക്തമായ മഴയ്ക്കും ചുഴലിക്കാറ്റിനും സാധ്യത. അടുത്ത 24 മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റുണ്ടാകാനും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. കാലാവസ്ഥാ വകുപ്പ് ആദ്യ ചുഴലിക്കാറ്റ് മുന്നറിയിപ്പ് പുറപ്പെടുവിപ്പിച്ചു. ന്യൂനമര്‍ദ്ദം കൂടുതല്‍ ശക്തിപ്പെട്ട് ഒമാന്‍, യെമന്‍ തീരത്തേക്കു നീങ്ങുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പിനു പിന്നാലെ അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സെല്‍ പ്രവര്‍ത്തനം തുടങ്ങി. ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങളും ഇതില്‍ പ്രവര്‍ത്തിക്കും.
കേരളാതീരത്ത് മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെയുള്ള കാറ്റിന് സാധ്യതയുണ്ട്. കടലില്‍ മണിക്കൂറില്‍ 85 കിലോമീറ്റര്‍ വരെയും വേഗതയുള്ള കാറ്റിനിടയുണ്ട്. അതേസമയം ന്യൂനമര്‍ദ്ദത്തെതുടര്‍ന്ന് സംസ്ഥാനത്ത് അടുത്ത രണ്ടു ദിവസം ശക്തമായ മഴ ലഭിക്കും. ഇടുക്കി, മലപ്പുറം ജില്ലകളില്‍ പ്രഖ്യാപിച്ച അതിജാഗ്രത നിര്‍ദേശം( റെഡ് അലര്‍ട്ട്) പിന്‍വലിച്ചു. രണ്ടു ജില്ലകളിലും ഓറഞ്ച് അലേര്‍ട്ട് തുടരും.
ഇടുക്കി അണക്കെട്ടിന്റെ മധ്യഭാഗത്തുള്ള മൂന്നാം ഷട്ടര്‍ 70 സെന്റീമീറ്റ ര്‍ ഉയര്‍ത്തി 50,000 ലിറ്റര്‍ വെള്ളം പുറത്തേക്കൊഴുക്കുന്നത് തുടരുകയാണ്. എത്ര സമയത്തേക്ക് ഷട്ടര്‍ ഉയര്‍ത്തിവെയ്ക്കും എന്ന കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ലെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. മലയോരമേഖലയിലെ വിനോദ സഞ്ചാരത്തിനും രാത്രിയാത്രയ്ക്കുമുള്ള നിയന്ത്രണങ്ങള്‍ തുടരും.
"
https://www.facebook.com/Malayalivartha























