റിമാന്‍ഡ് 20 വരെ നീട്ടുകയാണെന്നു മജിസ്‌ട്രേറ്റ് പറഞ്ഞപ്പോള്‍ അതു പ്രതീക്ഷിച്ചിരുന്ന മട്ടിലായിരുന്നു മുഖഭാവം... മൂന്നാം നമ്ബര്‍ സെല്ലില്‍ പഴയ തടവുകാര്‍ക്കൊപ്പം ഫ്രാങ്കോ മുളയ്‌ക്കലിന്റെ ജയില്‍ജീവിതം 15-ാം ദിവസത്തിലേക്ക്; സന്ദര്‍ശകരെത്തുന്നതില്‍ അതിയായ സന്തോഷം പ്രകടിപ്പിച്ചും ജയിലിലെ ചട്ടങ്ങള്‍ അനുസരിച്ചും പ്രാർത്ഥനയിൽ മുഴുകി ഫ്രാങ്കോ...

14 ദിവസത്തെ റിമാന്‍ഡ് കാലാവധി അവസാനിച്ചതോടെ ഇന്നലെ കോടതിയില്‍ ഹാജരാക്കിയിരുന്നു. റിമാന്‍ഡ് 20 വരെ നീട്ടുകയാണെന്നു മജിസ്‌ട്രേറ്റ് പറഞ്ഞപ്പോള്‍ അതു പ്രതീക്ഷിച്ചിരുന്ന മട്ടിലായിരുന്നു മുഖഭാവം. കോടതി നടപടികള്‍ അഞ്ചു മിനിറ്റിനകം പൂര്‍ത്തിയായി. കോടതിക്ക് മുന്നില്‍ കാത്തുനിന്നവര്‍ക്കു നേരേ മുഖമുയര്‍ത്തിയെങ്കിലും നിസംഗതയോടെ പോലീസ് ജീപ്പിലേക്കു കയറി. ജയിലില്‍ തിരിച്ചെത്തിയതിനു പിന്നാലെ ഉച്ചഭക്ഷണത്തിനു സമയമായി. മട്ടന്‍ കറിയും പുളിശേരിയും കൂട്ടിയുള്ള ചോറാണു ശനിയാഴ്‌ചകളില്‍ ജയിലിലെ ഉച്ചഭക്ഷണം. അതിനുശേഷം വീണ്ടും ബൈബിള്‍ കൈയിലെടുത്തു. ബലാത്സംഗത്തിന് ഇരയാക്കിയെന്ന കന്യാസ്‌ത്രീയുടെ പരാതിയില്‍ അറസ്‌റ്റിലായ ബിഷപ് ഫ്രാങ്കോ മുളയ്‌ക്കലിന്റെ ജയില്‍വാസം ഇന്നു 15-ാം ദിവസം.
പാലാ സബ് ജയിലില്‍ പ്രാര്‍ഥിച്ചും വായിച്ചുമാണു സമയംപോക്കുന്നത്. ജയില്‍ ലൈബ്രറിയില്‍ നിന്നുള്ള ബൈബിളും ബന്ധുക്കള്‍ എത്തിച്ചുകൊടുത്ത പ്രാര്‍ഥനാ പുസ്‌തകവും സെല്ലിലുണ്ട്. രാവിലെ ഒരു ഇംഗ്ലീഷ് പത്രമുള്‍പ്പെടെ മൂന്നു പത്രങ്ങള്‍ വായിക്കും. തന്റെ കേസുമായി ബന്ധപ്പെട്ട വാര്‍ത്തകളുണ്ടെങ്കില്‍ വിശദമായി വായിക്കും. മൂന്നാം നമ്ബര്‍ സെല്ലില്‍ പഴയ തടവുകാര്‍ തന്നെയാണ് ഇപ്പോഴും കൂടെയുള്ളത്. വളരെ കുറച്ചു ഭക്ഷണമേ കഴിക്കാറുള്ളൂ. ജയിലിലെ ചട്ടങ്ങള്‍ പ്രകാരം രാത്രി ഒമ്ബതിനു ലൈറ്റണച്ചു കിടക്കും. സഹതടവുകാര്‍ക്കൊപ്പം നിലത്തു പായ വിരിച്ചാണ് ഉറക്കം.
തലയണയും കമ്ബിളിപ്പുതപ്പും നല്‍കിയിട്ടുണ്ട്. പുലര്‍ച്ചെ അഞ്ചരയ്‌ക്ക് ഉറക്കമെണീല്‍ക്കും. ഒരു മണിക്കൂറോളം പ്രാര്‍ഥനയും ബൈബിള്‍ വായനയും.മെത്രാന്‍മാരും വൈദികരും രാഷ്‌ട്രീയ നേതാക്കളുമടക്കം നിരവധി പേര്‍ ജയിലില്‍ ബിഷപ്പിനെ കാണാന്‍ എത്തുന്നുണ്ട്. സന്ദര്‍ശകരെത്തുന്നതില്‍ സന്തോഷം. നിരപരാധിയാണെന്നും തനിക്കുവേണ്ടി പ്രാര്‍ഥിക്കണമെന്നും പറയും. റിമാന്‍ഡ് തടവുകാരനായി ബിഷപ് വന്നതോടെ പാലാ സബ് ജയിലിന്റെ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha
























