ശബരിമല വിഷയത്തില്‍ വിയര്‍ത്ത് സര്‍ക്കാര്‍... ആചാരങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും എതിരു നിന്നാല്‍ വിശ്വാസികള്‍ ഇനിയുമിടയും

ശബരിമല വിഷയത്തില്‍ വിയര്‍ത്ത് സര്‍ക്കാര്‍. പുലിപ്പുറത്ത് കയറിയ അവസ്ഥയിലാണ് പിണറായി വിജയന്‍. താഴെയിറങ്ങിയാല്‍ പുലി കടിച്ചു കൊല്ലും, ഇനി പുലിപ്പുറത്തു യാത്ര തുടര്‍ന്നാലോ അതിനൊരന്തവുമില്ല.
ചര്‍ച്ചയ്ക്കില്ലെന്ന് തന്ത്രികുടുംബത്തിന്റെ നിലപാട് സര്‍ക്കാരിനെ വെട്ടിലാക്കുന്നത് കുറച്ചൊന്നുമല്ല. കേരളത്തിലെ വിശ്വാസ സമൂഹം ഒത്തൊരുമിക്കുന്ന കാഴ്ച. ഈ മുന്നേറ്റം മറ്റൊരു നന്ദി ഗ്രാമമായി മാറാതിരിക്കാന്‍ സര്‍ക്കാര്‍ പിടിവാശി കാട്ടാതിരിക്കണം . ശബരിമല വിഷയത്തില്‍ തന്ത്രി കുടുംബവും, പന്തളം കൊട്ടാരവും, എന്‍എസ്എസും മറ്റു ഹിന്ദ്രു സംഘടനകളുമൊന്നിച്ചതോടെ സര്‍ക്കാരിനു നില്‍ക്കക്കള്ളിയില്ല.
തിരക്കു പിടിച്ച് സുപ്രീംകോടതി വിധി നടപ്പാക്കുന്നതും ഇപ്പോള്‍ ചര്‍ച്ചയാകുന്നു. ഓര്‍ത്തഡോക്‌സ് യാക്കോബായ സഭാ തര്‍ക്കത്തില്‍ സുപ്രീം കോടതി വിധി വന്നിട്ടും അവ നടപ്പിലാക്കിയോ? എന്നു വിശ്വാസ സമൂഹം ചോദിക്കുന്നു. ബാര്‍ ഹോട്ടലുകള്‍ക്ക് സുപ്രീം കോടതി നിയന്ത്രണം കൊണ്ടു വന്നപ്പോള്‍ ആ വിധിയെ പൊളിക്കാന്‍ സ്റ്റേറ്റ് ഹൈവേയുടെ പേരുമാറ്റി, മുന്‍സിപ്പാലിറ്റി പഞ്ചായത്താക്കി എത്രയോ ഉദാഹരണങ്ങളാണ് നമുക്കു മുന്നിലുള്ളതെന്നാണ് വിശ്വാസികളുടെ ചോദ്യം.
സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും പിടിവാശി ഇവിടെ ആളിക്കത്തിക്കുന്നത് മറ്റൊരു പോരാട്ട വീര്യമാണ്. ഒരു പക്ഷേ കേരളം ഇന്നേവരെ കണ്ടിട്ടില്ലാത്ത പോരാട്ട നാളുകളായിരിക്കും ഇനി നമുക്കു മുമ്പില്‍ ഉണ്ടാകുക. ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ പുനപരിശോധനാ ഹര്‍ജിയില്‍ തീരുമാനമായാലേ ഇനി ചര്‍ച്ചയ്ക്കുള്ളൂവെന്ന് തന്ത്രി കുടുംബം ഉറപ്പിച്ചു പറയുന്നു. ഉറച്ച പിന്തുണയാണ് ഇക്കാര്യത്തില്‍ പന്തളം കൊട്ടാരവും നല്‍കുന്നത്.
ആചാരങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും എതിരു നില്‍ക്കുന്നവരുടെ മനസ്സ് മാറിയേ മതിയാകൂ എന്നാണ് കണ്ഠരര് മോഹനര് പറയുന്നത്. പൂജാ സമയത്ത് വനിതാ പോലീസിനെ മല കയറ്റിയാല്‍ വരുന്ന ആചാര ലംഘനത്തിന് സര്‍ക്കാര്‍ വലിയ വില കൊടുക്കേണ്ടി വരും. സര്‍ക്കാര്‍ ഒരു ഓര്‍ഡിനന്‍സിനെ കുറിച്ച് ചിന്തിക്കണമെന്ന് രാഹുല്‍ ഈശ്വര്‍ ആവശ്യപ്പെട്ടു. അനുദിനം വഷളാവുകയും കൂടുതല്‍ പ്രക്ഷോഭ സ്വഭാവം കൈവരിക്കുകയുമാണ് ഇപ്പോള്‍ ശബരിമല വിഷയം.
ടി.പി. സെന്‍കുമാര്‍ കേസിലും നഴ്‌സുമാരുടെ ശമ്പളക്കേസിലും സുപ്രീംകോടതി വിധി അംഗീകരിക്കാന്‍ സര്‍ക്കാര്‍ മടി കാണിച്ചു. അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജ് കേസില്‍ പ്രത്യേക ഓര്‍ഡിനന്‍സിറക്കി കോടതി വിധിയില്‍ നിന്ന് തടിതപ്പി.
"
https://www.facebook.com/Malayalivartha
























