തുലാമാസപൂജയ്ക്കു സ്ത്രീകളെത്തിയാല്‍ തടയില്ല;ശബരിമലയില്‍ തുലാമാസ പൂജയ്ക്കെത്തുന്ന സ്ത്രീകള്‍ക്കുള്ള പ്രത്യേക സജ്ജീകരണങ്ങള്‍ തയാറാക്കുമെന്ന് ദേവസ്വം കമ്മിഷണര്‍ എന്‍.വാസു

ശബരിമലയില്‍ തുലാമാസ പൂജയ്ക്കെത്തുന്ന സ്ത്രീകള്‍ക്കുള്ള പ്രത്യേക സജ്ജീകരണങ്ങള്‍ തയാറാകും. കോടതിവിധിയുള്ളതിനാല്‍ ആരെയും തടയാനാവില്ലെന്നു ദേവസ്വം കമ്മിഷണര്‍ എന്‍.വാസു അറിയിച്ചതിനെ തുടര്‍ന്നാണ് പുകിലു തുടങ്ങുന്നത്. സ്ത്രീപ്രവേശനത്തിനെതിരെ പ്രതിഷേധം ഇരമ്പുന്നതിനിടെ കമ്മിഷണര്‍ പരസ്യപ്രസ്താവന നടത്തിയതില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സര്‍ക്കാരിനെ അതൃപ്തി അറിയിച്ചു. പിന്നാലെ കമ്മിഷണര്‍ എന്‍.വാസു ദേവസ്വം മന്ത്രിയെ കണ്ട് വിശദീകരണവും നല്‍കി.
സുപ്രീംകോടതി വിധിപ്രകാരം പമ്പയിലും ശബരിമലയിലും സ്ത്രീകള്‍ക്കായി ഏര്‍പ്പെടുത്തുന്ന ക്രമീകരണങ്ങള്‍ വിശദീകരിച്ചു ദേവസ്വംബോര്‍ഡ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയതിനുപിന്നാലെയാണു ദേവസ്വം കമ്മിഷണര്‍ മാധ്യമങ്ങളെ കണ്ടത്. തുലാമാസപൂജയ്ക്കു സ്ത്രീകളെത്തിയാല്‍ തടയില്ലെന്നാണ് കമ്മിഷണര്‍ പറഞ്ഞത്. പത്തിനും അന്‍പതുവയസിനുമിടയില്‍ പ്രായമുള്ള സ്ത്രീകള്‍ മലകയറുന്നതു തടയാന്‍ പമ്പയില്‍ ഏര്‍പ്പെടുത്തിയിരുന്ന പരിശോധനാ സംവിധാനം ഒഴിവാക്കുമെന്നും. അടുത്ത ബോര്‍ഡ് യോഗം ഇക്കാര്യത്തില്‍ തീരുമാനം പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാല്‍ സുപ്രീംകോടതി വിധി നടപ്പാക്കുന്നതിനെതിരെ പ്രതിഷേധം അലയടിക്കുന്നതിനിടെ ദേവസ്വം കമ്മിഷണര്‍ വാര്‍ത്താസമ്മേളനം നടത്തിയതിനെ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എ.പദ്മകുമാര്‍ നിശിതമായി വിമര്‍ശിച്ചു. കമ്മിഷണറുടെ നടപടിക്കെതിരെ ദേവസ്വം മന്ത്രിക്ക് ബോര്‍ഡ് പ്രസിഡന്റ് പരാതിയും നല്‍കി. തൊട്ടുപിന്നാലെ ദേവസ്വം കമ്മിഷണര്‍ ദേവസ്വം മന്ത്രിയെ കണ്ടു വിശദീകരണം നല്‍കി. പിന്നാലെ .ദേവസ്വം ബോര്‍ഡില്‍ ഭിന്നതയില്ലെന്നും പ്രസിഡന്റിനോ മന്ത്രിക്കോ അതൃപ്തിയില്ലെന്നും കമ്മിഷ്ണര്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha






















