യുവതികളെ പ്രവേശിപ്പിക്കുന്നതിനോ തടയുന്നതിനോ അല്ല ദേവസ്വം മന്ത്രിയായ താന്‍ സന്നിധാനത്തെത്തിയതെന്ന് കടകംപള്ളി സുരേന്ദ്രന്‍, തെറ്റിദ്ധാരണ പരത്തുന്ന പരാമര്‍ശങ്ങള്‍ വഴി കലാപത്തിന് ശ്രമിക്കുന്നവരെ നേരിടും, ശബരിമല നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വര്‍ഗീയ വാദികള്‍ തടസ്സപ്പെടുത്തുന്നു

ശരണംവിളി മുദ്രാവാക്യമാറ്റി മാറ്റുന്നവര്‍ അയ്യപ്പനെയും ഭക്തജനങ്ങളെയും അപമാനിക്കുകയാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി. ശാന്തമായ അന്തരീക്ഷത്തില്‍ തീര്‍ഥാടനം നടത്താനുള്ള ഭക്തരുടെ അവകാശം ഹനിക്കാന്‍ ആരെയും അനുവദിക്കില്ല. നിയമം കൈയിലെടുത്ത് തീര്‍ഥാടകരെ തടയുന്നത് ഒരു കാരണവശാലും അംഗീകരിക്കില്ല. പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നവര്‍ക്ക് ഭക്തരുടെ പിന്തുണയില്ല എന്നത് വ്യക്തമായി കഴിഞ്ഞു. യുവതികളെ പ്രവേശിപ്പിക്കുന്നതിനോ തടയുന്നതിനോ വേണ്ടിയല്ല ദേവസ്വം മന്ത്രിയെന്ന നിലയില്‍ ഞാന്‍ സന്നിധാനത്തെത്തിയത്. തെറ്റിദ്ധാരണ പരത്തുന്ന പരാമര്‍ശങ്ങള്‍ വഴി കലാപത്തിന് ശ്രമിക്കുന്നവരെ നേരിടുക തന്നെ ചെയ്യും.
മണ്ഡലമകരവിളക്ക് മഹോത്സവത്തിന് മുന്നോടിയായി എല്ലാ വര്‍ഷവും സംഘടിപ്പിക്കുന്ന വിവിധ വകുപ്പുകളുടെയും ദേവസ്വം ബോര്‍ഡിന്റെയും അവലോകന യോഗത്തില്‍ പങ്കെടുക്കാനായാണ് ശബരിമല സന്നിധാനത്തെത്തിയത്. തീര്‍ഥാടന കാലത്തിനുള്ള മുന്നൊരുക്കങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു. പ്രളയത്തെ തുടര്‍ന്ന് തകര്‍ന്ന പമ്പയില്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കും. ഈ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളടക്കം തടസ്സപ്പെടുത്താനുള്ള നീക്കം ചില വര്‍ഗ്ഗീയ തീവ്രവാദികള്‍ നടത്തുന്നുണ്ട്. ഇത് അനുവദിക്കാനാകില്ല.
https://www.facebook.com/Malayalivartha

























