ക്ഷേത്രതന്ത്രി കണ്ഠര് രാജീവരും മേല്‍ശാന്തി ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയും ചേർന്ന് ശ്രീകോവില്‍ നട തുറന്നു ..ഭദ്രദീപം കൊളുത്തി

തുലാമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രം തുറന്നു. . ക്ഷേത്രതന്ത്രി കണ്ഠര് രാജീവരും മേല്‍ശാന്തി ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയും ചേര്‍ന്നാണ് ശ്രീകോവില്‍ നട തുറന്ന് ദീപം തെളിയിച്ചത് .യുവതികളിലാരും തന്നെ ദർശനത്തിനു എത്തിയിട്ടില്ല.
ഇന്ന് പ്രത്യേക പൂജകള്‍ ഒന്നും തന്നെ ഇല്ല. രാത്രി പത്തിന് ഹരിവരാസനം പാടി നട അടയ്ക്കും. തുലാമാസം ഒന്നായ നാളെ രാവിലെ നിര്‍മാല്യവും പതിവ് പൂജകളും നെയ്യഭിഷേകവും ഗണപതി ഹോമവും നടക്കും.അഞ്ചുദിവസത്തെ തുലാമാസ പൂജകള്‍ പൂര്‍ത്തിയാക്കി 22ന് രാത്രി ഹരിവരാസനം പാടി ക്ഷേത്രനട അടയ്ക്കും
നാളെ ഉഷപൂജയ്ക്ക് ശേഷം ശബരിമലയിലെ മേല്‍ശാന്തി നറുക്കെടുപ്പ് നടക്കും. പട്ടികയില്‍ ഇടംനേടിയ ഒമ്പതുശാന്തിമാരുടെ പേരുകള്‍ വെള്ളിക്കുടത്തിലിട്ട്, പന്തളം കൊട്ടാരത്തില്‍നിന്ന് എത്തുന്ന കുട്ടികള്‍ നറുക്ക് എടുക്കും.
തുടര്‍ന്ന് മാളികപ്പുറം മേല്‍ശാന്തി നറുക്കെടുപ്പും നടക്കും. ഒമ്പതുപേരാണ് മാളികപ്പുറം മേല്‍ശാന്തി പട്ടികയിലുമുള്ളത്. തെരഞ്ഞെടുക്കപ്പെട്ട ശാന്തിമാര്‍ക്ക് അടുത്ത ഒരു വര്‍ഷമാണ് കാലാവധി. ഇവര്‍ നവംബര്‍ 16ന് ഇരുമുടിക്കെട്ടുമായി മലചവിട്ടി സന്നിധാനത്ത് എത്തും. തുടര്‍ന്ന് തന്ത്രി കണ്ഠര് രാജീവര് അഭിഷേകംനടത്തി, അവരോധിച്ച് അവരുടെ കൈപിടിച്ച് ശ്രീകോവിലിലേക്ക് ആനയിക്കും. വൃശ്ചികം ഒന്നിന് നട തുറക്കുന്നത് പുതിയ മേല്‍ശാന്തിയായിരിക്കും. . തെരഞ്ഞെടുക്കപ്പെടുന്ന മേൽശാന്തിമാര്‍ പുറപ്പെടാ ശാന്തിമാർ ആയിരിക്കും .. അടുത്ത ഒരു കൊല്ലം ഇവർ സന്നിധാനത്താണ് കഴിയേണ്ടത്
അതേസമയം പ്രായഭേദമെന്യേ എല്ലാ സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ച സുപ്രിംകോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ കനത്ത ജാഗ്രതയിലാണ് ശബരിമല. സ്ത്രീകളെ ശബരിമലയില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്നാണ് ഹൈന്ദവ സംഘടനകള്‍ പറയുന്നത്. എന്നാല്‍ ദര്‍ശനം നടത്താന്‍ എത്തുന്ന സ്ത്രീകള്‍ക്ക് സംരക്ഷണം ഒരുക്കുമെന്നാണ് സര്‍ക്കാര്‍ നിലപാട്.
https://www.facebook.com/Malayalivartha























