ആലപ്പുഴയിൽ ടൗണ്‍ ഹാളില്‍ സൂക്ഷിച്ചിരുന്ന ദുരിതാശ്വാസ സാധനങ്ങൾ കൗണ്‍സിലര്‍മാര്‍ പൂട്ട് പൊളിച്ച് കടത്തി...

ആലപ്പുഴയിൽ ദുരിതാശ്വാസ സാധനങ്ങള്‍ മൂന്ന് കൗണ്‍സിലര്‍മാര്‍ പൂട്ട് പൊളിച്ച് കടത്തിയതായി റിപ്പോര്‍ട്ട്. ഇത്തരത്തില്‍ സാധനങ്ങള്‍ കടത്തിയ സിപിഎം കൗണ്‍സിലര്‍മാര്‍ക്കെതിരെ പരാതി നല്‍കുമെന്ന് നഗരസഭാ ചെയര്‍മാന്‍. സിപിഎം ലോക്കല്‍സെക്രട്ടറി ഉള്‍പ്പടെയുള്ള കൗണ്‍സിലര്‍മാരെ രക്ഷിക്കാന്‍ നഗരസഭാ സെക്രട്ടറി ശ്രമിക്കുന്നതായി യുഡിഎഫ് കുറ്റപ്പെടുത്തി.
ടൗണ്‍ ഹാളില്‍ സൂക്ഷിച്ചിരുന്ന ദുരിതാശ്വാസ സാധനങ്ങളാണ് പൂട്ട് പൊളിച്ച് ഇക്കഴിഞ്ഞ പതിനൊന്നിന് ഇടതു കൗണ്‍സിലര്‍മാര്‍ കടത്തിയത്. സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായ കൗണ്‍സിലറും മറ്റ് രണ്ട് വനിതാ കൗണ്‍സിലര്‍മാരും ചേര്‍ന്നാണ് സാധനങ്ങള്‍ കടത്തിയതെന്നായിരുന്നു യുഡിഎഫ് ആരോപണം. നഗരസഭാ ചെയര്‍മാന്‍ അന്വേഷണത്തിന് നിര്‍ദേശം നല്‍കിയതോടെ റിപ്പോര്‍ട്ട് ആരോപണം ശരിവച്ചു. കൗണ്‍സിലര്‍മാരായ കെ.ജെ.പ്രവീണ്‍, ശ്രീജിത്ര, സൗമ്യരാജ് എന്നിവര്‍ ചേര്‍ന്ന് സാധനം കടത്തിയെന്നാണ് ആരോഗ്യവിഭാഗം ഉദ്യോഗസ്ഥന്റെ റിപ്പോര്‍ട്ട്.
എന്നാല്‍ ആരോപണം രാഷ്ട്രീയപ്രേരിതമാണെന്ന് സിപിഎം കൊമ്മാടി ലോക്കല്‍സെക്രട്ടറി കൂടിയായ കൗണ്‍സിലര്‍ കെ.ജെ.പ്രവീണ്‍ പറഞ്ഞു. അന്വേഷണ റിപ്പോര്‍ട്ടിന്മേല്‍ കേസ് നല്‍കാന്‍ ചെയര്‍മാന്‍ നിര്‍ദേശിച്ചിട്ടും നഗരസഭാ സെക്രട്ടറി ഇനിയും തയ്യാറായിട്ടില്ല. റിപ്പോര്‍ട്ടിലുള്‍പ്പടെ സിപിഎം കൗണ്‍സിലര്‍മാരെ രക്ഷിക്കാനുള്ള ശ്രമമാണ് ഉദ്യോഗസ്ഥര്‍ നടത്തുന്നതെന്നും യുഡിഎഫ് ആരോപിച്ചു. ടൗണ്‍ഹാളില്‍ സൂക്ഷിച്ച സാധനങ്ങളുടെ കൃത്യമായ കണക്കില്ലാത്തതിനാല്‍ കടത്തിയ സാധനങ്ങള്‍ എന്തൊക്കെയാണെന്നും നഗരസഭയ്ക്ക് വ്യക്തമായ ധാരണയില്ല.
https://www.facebook.com/Malayalivartha























