എന്താണ് ശബരിമലയില്‍ നടക്കുന്നത്?; മാധ്യമങ്ങളെ എന്തിനകറ്റി നിര്‍ത്തുന്നു?

യുവതികളെ സന്നിധാനത്തെത്തിക്കാന്‍ പോലീസ് സജ്ജം .ഒരീച്ചപോലും കടക്കാതെ പോലീസ് സീല്‍ ചെയ്ത ശബരിമല ഇന്നു രാത്രി മുതല്‍ പൂര്‍ണ്ണമായും പോലീസ് നിയന്ത്രണത്തില്‍. മാധ്യമ പ്രവര്‍ത്തകരെപ്പോലും കടത്തിവിടില്ല എന്നു പോലീസ് പറയുമ്പോള്‍ എന്തൊക്കെയോ നിശ്ചയിച്ചുറപ്പിച്ചെന്നു വ്യക്തം.
ചിത്തിര ആട്ടതിരുനാളിന് അധികം ഭക്തര്‍ സാധാരണ എത്താറില്ല. സുപ്രീം കോടതി വിധിയുടെ ബലത്തില്‍ യുവതീ പ്രവേശനം അഞ്ചാം തീയതി തന്നെ പോലീസ് ക്രമീകരിച്ചിരിക്കുന്നു എന്ന റിപ്പോര്‍ട്ടിനെ ശരിവയ്ക്കുന്ന തരത്തിലാണ് ശബരിമലയിലെ ഇപ്പോഴത്തെ ഒരുക്കങ്ങള്‍. സംഘപരിവാര്‍, ആര്‍.എസ്.എസ് വോളണ്ടിയര്‍മാരും, ഹിന്ദു സംഘടനകളില്‍ നിന്നുള്ള പ്രവര്‍ത്തകരും, എന്‍.എസ്.എസ് കരയോഗ മന്ദിരങ്ങളില്‍ നിന്നുള്ള അമ്മമാരുമടക്കം യുവതീ പ്രവേശനത്തെ തടയാന്‍ ശക്തമായ പ്രക്ഷോഭം നടത്താനിരിക്കുന്നതിനിടയിലാണ് പോലീസിന്റെ ഈ മിന്നല്‍ നീക്കം.
യുദ്ധഭൂവില്‍ നേര്‍ക്കുനേര്‍ പോരാടുന്ന ശത്രുപക്ഷത്തെ നേരിടുന്ന തരത്തിലാണ് കാര്യങ്ങള്‍. സംഘപരിവാര്‍ അജണ്ടകള്‍ക്കപ്പുറം വിശ്വാസത്തോടെ തങ്ങളുടെ ആചാരവും, അനുഷ്ഠാനവും നിലനിര്‍ത്താന്‍ നാമജപവുമായെത്തുന്ന ഭക്തരോട് ഈ യുദ്ധപ്രഖ്യാപനം നടത്തുന്നതിലെ യുക്തികേട് വ്യാപക ചര്‍ച്ചയാകുന്നു.
എന്തിനാണിത്ര പോലീസും, സംവിധാനങ്ങളും. ഇത്ര വാശി എന്തിന്. ശബരിമലയില്‍ യുവതികളെ എത്തിക്കുന്നത് ഒരു വാശിയായി സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നതെന്തിന്? പൂങ്കാവനം കലാപ ഭൂമിയാക്കരുത്. ശബരിമലയിലെ ഓരോ നീക്കവും ദക്ഷിണേന്ത്യ മുഴുവന്‍ തുടര്‍ചലനങ്ങളുണ്ടാക്കും. നവംബര്‍ പകുതിയോടെ ഈ കേസ് പരിഗണിക്കുന്ന സുപ്രീം കോടതി എന്തുപറയുന്നു എന്നറിയുന്നതുവരെ ഈ വിഷയത്തെ ഇത്ര കലുഷിതമാക്കണോ?
വിശ്വാസവും, ഭക്തിയും ഇഴപിരിഞ്ഞു നില്ക്കുന്ന ശബരിമല വിഷയം ഒരഗ്നി പര്‍വ്വതമാണ്.നവംബര് അഞ്ചിന് ശബരിമല നട തുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് ശബരിമലയില്‍ മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത് വലിയ ചര്‍ച്ചയാകുന്നു. മാധ്യമങ്ങളെ തിങ്കളാഴ് രാവിലെ 8 മണിമുതലെ കടത്തിവിടൂ എന്ന് പൊലീസ് അറിയിച്ചു. എന്തിനാണ് മാധ്യമങ്ങള്‍ക്ക് വിലക്ക്? എന്തിനാണ് സര്‍ക്കാര്‍ മാധ്യമങ്ങളെ പേടിക്കുന്നത്?
യുദ്ധ സന്നാഹങ്ങളാണ് ശബരിമലയില്‍ ഒരുക്കിയിരിക്കുന്നത് . ശബരിമല ഒരു തീര്‍ത്ഥാടന കേന്ദ്രമാണ്. അവിടെ ഭരിക്കേണ്ടത് വിശ്വാസവും ഭക്തിയുമാണ്. പോലീസിന്റെ ഉരുക്കു മുഷ്ടിയല്ല. സമാധാന പാലനമാണ് ലക്ഷ്യമെങ്കില്‍ അവിടെ മാധ്യമങ്ങള്‍ക്ക് വിലക്കെന്തിന്?
യുദ്ധമുഖത്തുപോലും മാധ്യമപ്രവര്‍ത്തനങ്ങള്‍ക്ക് വിലക്കില്ലെന്നു ഓര്‍ക്കണം. ശബരിമലപോലെയുള്ള ഒരു സ്ഥലത്തുനിന്നു മാധ്യമങ്ങളെ ഒഴിവാക്കുന്നതിന്റെ ആവശ്യം എന്തിനാണ്? മാധ്യമങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുന്നത് ദുരൂഹത വര്‍ധിപ്പിക്കുന്നു. ഒരു കാര്യം ഓര്‍ക്കണം . ശബരിമലയില്‍ പൊലീസിന് നേരിടേണ്ടത് ഭീകരരെ അല്ല. പാവം ഭക്തരെയാണ്. അവരുടെ വിശ്വാസങ്ങളെയാണ്. വിശ്വാസവും നീതിയും ഒരേ തുലാസില്‍ തൂക്കാന്‍ ശ്രമിക്കരുത്.
ഇവിടെ പോലീസിന്റെ അടിയേറ്റു വീഴുന്നത് അയ്യപ്പഭക്തരാണെന്നു ഓര്‍ക്കണം. അവര്‍ സമരം ചെയ്യുന്നത് അവരുടെ വിശ്വാസസംരക്ഷണത്തിനു വേണ്ടിയാണ്. പോലീസ് നടപടികള്‍ സുതാര്യമെങ്കില്‍ അത് ലോകത്തിനു മുന്നില്‍ തുറന്നുകാട്ടാന്‍ തീര്‍ച്ചയായും മാധ്യമങ്ങള്‍ വേണ്ടേ? അപ്പോള്‍ ലോകത്തിനു മുന്നില്‍ മറച്ചു പിടിക്കാന്‍ ഉദ്ദേശിക്കുന്ന എന്ത് നടപടികളാണ് സര്‍ക്കാര്‍ ശബരിമലയില്‍ പ്ലാന്‍ ചെയ്തിരിക്കുന്നത്? എന്തിനാണ് ഈ പാവം അയ്യപ്പ ഭക്തരെ തടയാന്‍ യുദ്ധ സമാനമായ സന്നാഹങ്ങള്‍?
ശബരിമലയില്‍ മുഴങ്ങേണ്ടത് ശരണ മന്ത്രങ്ങളാണ്.. ഭക്തരുടെ നിലവിളിയാണ്, സംരക്ഷിക്കപ്പെടേണ്ടത് ഭക്തരുടെ വിശ്വാസമാണ്.. സര്‍ക്കാരിന്റെ പിടിവാശിയാണ്. ഇവിടെ വേണ്ടത് സമാധാനമാണ് ,പോലീസിന്റെ മര്‍ക്കടമുഷ്ടിയല്ല
വിശ്വാസികള്‍ക്കിടയില്‍ പ്രതിഷേധക്കാര്‍ കടന്നുകൂടും എന്നു പോലീസ് കരുതുന്നുവെങ്കില്‍ മാധ്യമങ്ങള്‍ക്ക് നേരത്തെ തന്നെ അവിടെ റിപ്പോര്‍ട്ടിംഗിനുള്ള മാര്‍ഗം തുറന്നിടുകയല്ലേ വേണ്ടത്. അതോ പോലീസ് തന്ത്രങ്ങള്‍ പുറത്താകരുത് എന്ന ഉദ്ദേശത്തിലാണോ? ശബരിമല കേരളത്തിന്റെ ഒരു വിങ്ങലാവുകയാണ്. നൊമ്പരപ്പെടുത്തുന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്.
https://www.facebook.com/Malayalivartha

























