ഡോ. ജൂബിലി നവപ്രഭയുടെ ജോലി വിവാദം: യൂണിവേഴ്‌സിറ്റി രജിസ്ട്രാറെ ചുമതലയില്‍ നിന്ന് നീക്കി

മന്ത്രി ജി. സുധാകരന്റെ ഭാര്യ ഡോ. ജൂബിലി നവപ്രഭ വഹിച്ചിരുന്ന കേരള സര്‍വകലാശാല സ്വാശ്രയ കോഴ്‌സുകളുടെ ഡയറക്ടര്‍ തസ്തിക സ്ഥിരപ്പെടുത്താനുള്ള നീക്കമൊന്നും സിന്‍ഡിക്കേറ്റിന്റെ ഭാഗത്ത് നിന്ന് ഇല്ലാതിരിക്കേ , അപ്രകാരം മിനിട്‌സിലുള്‍പ്പെടുത്തിയ രജിസ്ട്രാര്‍ ഡോ. ആര്‍. ജയചന്ദ്രനെ തല്‍സ്ഥാനത്ത് നിന്ന് നീക്കി. രജിസ്ട്രാറുടെ ചുമതല, ഓറിയന്റല്‍ സ്റ്റഡീസിലെ ഡീന്‍ ഡോ. സി.ആര്‍. പ്രസാദിന് നല്‍കി.
സെപ്തംബര്‍ 24-ലെ സിന്‍ഡിക്കേറ്റ് യോഗത്തിന്റെ മിനിട്‌സിലാണ് ഇക്കാര്യം ഉള്‍പ്പെട്ടത്. ഡയറക്ടര്‍ തസ്തിക സ്റ്റാറ്റിയൂട്ടറി പോസ്റ്റ് ആക്കി മാറ്റാനായി സര്‍വകലാശാലാ സ്റ്റാറ്റിയൂട്ട് ഭേദഗതി ചെയ്യാനുള്ള ശുപാര്‍ശ നല്‍കാന്‍ രജിസ്ട്രാറെ സിന്‍ഡിക്കേറ്റ് ചുമതലപ്പെടുത്തിയെന്നാണ് മിനിട്‌സിലുണ്ടായിരുന്നത്.
അങ്ങനെ തീരുമാനിച്ചിട്ടില്ലെന്നും ഇക്കാര്യം എങ്ങനെ മിനിട്‌സില്‍ ഉള്‍പ്പെട്ടെന്ന് പരിശോധിക്കണമെന്നും ഇന്നലെ ചേര്‍ന്ന യോഗത്തില്‍ സിന്‍ഡിക്കേറ്റംഗം കെ.എച്ച്. ബാബുജാന്‍ ആവശ്യപ്പെട്ടു. 24-ലെ യോഗത്തിലെ അഭിപ്രായങ്ങള്‍ മിനിട്‌സായി എഴുതുകയായിരുന്നു. അതിനിടെ, മിനിട്‌സിന്റെ കൈയെഴുത്തുപ്രതി നഷ്ടപ്പെട്ടെന്ന് ഡോ. ജയചന്ദ്രന്‍ വിശദീകരിച്ചു. മിനിട്‌സ്, ഒക്ടോബറിലെ സിന്‍ഡിക്കേറ്റ് യോഗം അംഗീകരിച്ചതാണെന്ന് അദ്ദേഹം പറഞ്ഞെങ്കിലും സിന്‍ഡിക്കേറ്റ് ഈ വിശദീകരണം തള്ളുകയായിരുന്നു.
ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവയ്ക്കാന്‍ അദ്ദേഹം സന്നദ്ധനായി. കാര്യവട്ടത്തെ ഹിന്ദി അദ്ധ്യാപകനായ ജയചന്ദ്രന് രജിസ്ട്രാറുടെ ചുമതല മാത്രമേയുള്ളൂവെന്നും രാജിവയ്ക്കാനാവില്ലെന്നും വിലയിരുത്തിയ സിന്‍ഡിക്കേറ്റ് അദ്ദേഹത്തെ ചുമതലയില്‍ നിന്ന് നീക്കുകയായിരുന്നു.
മിനിട്‌സില്‍ ക്രമക്കേടുണ്ടായതിനെക്കുറിച്ച് വൈസ് ചാന്‍സലര്‍ പ്രാഥമിക അന്വേഷണം നടത്തിയശേഷം ക്രൈംബ്രാഞ്ചിന്റെയോ പൊലീസിന്റെയോ അന്വേഷണത്തിന് ശുപാര്‍ശ നല്‍കാന്‍ സിന്‍ഡിക്കേറ്റ് നിര്‍ദ്ദേശിച്ചു. മിനിട്‌സ് തയ്യാറാക്കുന്ന ചുമതലയില്‍ നിന്ന് ജോയിന്റ് രജിസ്ട്രാര്‍ ഉണ്ണിക്കൃഷ്ണനെ ഒഴിവാക്കി. അദ്ദേഹത്തിന് കാരണംകാണിക്കല്‍ നോട്ടീസ് നല്‍കും. തനിക്കെതിരായ ഗൂഢാലോചന പൊലീസ് അന്വേഷിക്കണമെന്ന് ഡോ. ജൂബിലി നവപ്രഭ വി.സിക്ക് കത്തുനല്‍കിയിട്ടുണ്ട്. തസ്തിക ഉയര്‍ന്ന ശമ്പളത്തോടെ സ്ഥിരപ്പെടുത്താന്‍ പോകുന്നതായ പ്രചാരണത്തെ തുടര്‍ന്ന് ജൂബിലി നവപ്രഭ ഡയറക്ടര്‍ സ്ഥാനം രാജിവച്ചിരുന്നു.
https://www.facebook.com/Malayalivartha























