ശബരിമലക്ഷേത്രം പന്തളം രാജാവ് അധികാരം ഉപയോഗിച്ച് തട്ടിയെടുത്തതാണ്, സര്‍ക്കാര്‍ ഇടപെട്ട് ചര്‍ച്ച നടത്തി അധികാരങ്ങള്‍ തിരികെ തന്നില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് ഐഖ്യമലയര നേതാവ് സജീവ്

തങ്ങളുടെ ക്ഷേത്രം പന്തളം രാജാവ് മോഷ്ടിച്ചതാണെന്നും സര്‍ക്കാര്‍ ഇടപെട്ട് തങ്ങളുടെ അവകാശങ്ങള്‍ തിരികെ തന്നില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് ഐക്യമലയരയ നേതാവ് പി.കെ സജീവ്. ക്ഷേത്രം തങ്ങളുടേത് ആണെന്നതിന്റെ ചരിത്രരേഖകള്‍ കൈവശമുണ്ട്. ചരിത്രകാരന്‍മാരുമായും ഭാഷാപണ്ഡിതന്‍മാരുമായും ചര്‍ച്ചയ്ക്ക് തയ്യാറാണ്. ബന്ധപ്പെട്ടവരെ ചര്‍ച്ചയ്ക്ക് വിളിച്ചിട്ട് അവര്‍ തയ്യാറല്ലെന്നും സജീവ് വ്യക്തമാക്കി. രാജാധികാരവും ബ്രാഹ്മണ്യവും ആദ്യം ഞങ്ങളുടെ ക്ഷേത്രം കയ്യേറി. പിന്നാലെ ദേവസ്വം ബോര്‍ഡിനെയും വനംവകുപ്പിനെയും ഉപയോഗിച്ച് 18 മലകളും മറ്റ് ക്ഷേത്രങ്ങളും പിടിച്ചെടുത്തെന്നും സജീവ് വ്യക്തമാക്കി.
കരിമല ഉള്‍പ്പെടെയുള്ള 18 മലകളും തിരികെ വേണം. കരിമലയിലെ ഞങ്ങളുടെ ക്ഷേത്രം പന്തളം രാജാവിന്റെ നേതൃത്വത്തിലാണ് കത്തിച്ചത്. അതിന്റെ ചിത്രങ്ങള്‍ കയ്യിലുണ്ട്. തകര്‍ന്ന് നാമാവശേഷമായ കുളം ഇപ്പോഴും അവിടെയുണ്ട്. ഞങ്ങളുടെ സ്ത്രീകളെ ഉള്‍പ്പെടെ പൊലീസ് പിടിച്ചുകൊണ്ട് പോയി ഉപദ്രവിച്ചു. ശബരിമല ക്ഷേത്രത്തിന് തീ പിടിച്ച ശേഷം, 1950ല്‍ ഞങ്ങളുടെ ക്ഷേത്രമാണെന്നും അവകാശങ്ങള്‍ തിരികെ നല്‍കണമെന്നും കാട്ടി അയ്യപ്പസേവാസംഘത്തിന് നിവേദനം നല്‍കിയിരുന്നു. അതിന്റെ പകര്‍പ്പും കയ്യിലുണ്ടെന്നും സജീവ് പറഞ്ഞു. അധികാരികളെ ഭയന്ന് 30 വര്‍ഷത്തോളം ഞങ്ങളുടെ കാരണവന്‍മാര്‍ ശബരിമല ക്ഷേത്രത്തെ കുറിച്ച് സംസാരിക്കില്ലായിരുന്നു.
ഞങ്ങളുടെ കുടുംബത്തിലെ കാരണവരായിരുന്ന മൂഴിക്കല്‍ കുഞ്ഞിരാമന്റെ പിതാവ് അയ്യപ്പനാണ് നിലയ്ക്കല്‍ ക്ഷേത്രം നിര്‍മിച്ചത്. പള്ളിയങ്കാവ് ക്ഷേത്രം, പശ്ചിമദേവീക്ഷേത്രം എന്നിവയെല്ലാം മലയരയസമുദായത്തിന്റേതായിരുന്നു. അതെല്ലാം ഞങ്ങളുടെ പൂര്‍വികരെ മര്‍ദ്ദിച്ച് ഓടിച്ച ശേഷം തട്ടിയെടുത്തതാണ്. ശബരിമലയില്‍ ഞങ്ങള്‍ക്കുണ്ടായിരുന്നഅധാകാരങ്ങളും നടത്തിയിരുന്ന ആചാരങ്ങളും തന്ത്രി കുടുംബമാണ് ഇല്ലാതാക്കിയത്.
തേനഭിഷേകം പതിറ്റാണ്ടുകളായി നടത്തിയിരുന്നതാണ്. ഒരു തവണ തന്ത്രി പറഞ്ഞു തേന്‍ നടയില്‍ വെച്ചാല്‍ മതിയെന്ന്, കാരണം അന്വേഷിച്ചപ്പോള്‍ ദേവഹിതം അതാണെന്ന് പറഞ്ഞു. പിന്നീട് തേന്‍ ഇരുമുടിക്കെട്ടില്‍ കൊണ്ടുവന്നാല്‍ മതിയെന്ന് പറഞ്ഞു. അതോടെ ആ ആചാരവും മുടങ്ങി. പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെലിയിച്ചിരുന്നത് മലയരയന്‍മാരാണ്. ദേവസ്വം ബോര്‍ഡിനെ കൂട്ടുപിടിച്ച് തന്ത്രി കുടുംബം ആ അധികാരവും എടുത്ത് കളഞ്ഞെന്നും സജീവ് പറഞ്ഞു.
1950ല്‍ ശബരിമല ക്ഷേത്രത്തിന് തീ പിടിച്ച ശേഷമാണ് പുതിയ പ്രതിഷ്ഠ നടത്തിയത്. അത് ആന്ധ്രയില്‍ നിന്നെത്തിയ ബ്രാഹ്മണരായ താഴമണ്‍കുടുംബമായിരുന്നു. അന്ന് മുതലാണ് അവര്‍ക്ക് ശബരിമലയിലെ താന്ത്രിക അവകാശം കിട്ടിയത്. അതിനും നൂറ്റാറ്റാണ്ടുകള്‍ക്ക് മുമ്പ് ശബരിമല ക്ഷേത്രം ഉണ്ടായിരുന്നു. അതിന്റെ ചരിത്ര രേഖകള്‍ സംസ്ഥാന പുരാവസ്തു വകുപ്പിന്റെ കയ്യിലുണ്ട്. ആചാരലംഘനം നടക്കാന്‍ പാടില്ലെന്ന് വിലപിക്കുന്നവര്‍ അറിയണം പന്തളം രാജാവ് ഞങ്ങളുടെ ക്ഷേത്രം തട്ടിയെടുത്തത് ആചാരംലംഘിച്ചാണെന്ന് സജീവ് ചൂണ്ടിക്കാട്ടി.
https://www.facebook.com/Malayalivartha


























