കുടിവെള്ളം വരുന്നതും കാത്ത് റോഡില്‍ കിടന്ന യുവാവ് ഭാര്യയുടെ മുന്നില്‍വച്ച് കാര്‍ കയറി മരിച്ചു

നാട് കുടിവെള്ളം കിട്ടാതെ അലയുന്ന സമയത്താണ് തിരുവനന്തപുരം അഞ്ചുതെങ്ങലെ ശിങ്കാരത്തോപ്പില്‍ നിന്നുള്ള ദയനീയമായ വാര്‍ത്ത വരുന്നത്. പാതിരാത്രിയില്‍ കുടിവെള്ളത്തിന് കാത്തുകിടന്ന ഭര്‍ത്താവ് ഭാര്യയുടെ മുന്നില്‍വച്ച് കാര്‍ കയറി മരിച്ചു.
ഈ പ്രദേശങ്ങളില്‍ രാത്രി മാത്രമാണ് പൈപ്പുകളില്‍ നിന്നും കുടിവെള്ളം കിട്ടുക. പൊതുപൈപ്പില്‍ നിന്നും കുടിവെള്ളം ശേഖരിക്കാനായി പല കുടുംബങ്ങളും ഉറക്കമൊഴിച്ചാണ് കാത്തിരിക്കുന്നത്. അങ്ങനെയാണ് ശിങ്കാരത്തോപ്പിലെ പള്ളിപ്പുരയടത്തില്‍ ജറോണും ഭാര്യയും കുടിവെള്ളത്തിനായി കാത്തിരുന്നത്. പൈപ്പിനരികെ കുടം വച്ചതിന് ശേഷം വെള്ളവും കാത്തിരുന്നു. കുറേനേരം കഴിഞ്ഞിട്ടും വെള്ളം വരാത്തതിനാല്‍ ജറോണ്‍ റോഡില്‍ കിടന്നു.
രാത്രിയായതിനാല്‍ വാഹനത്തിരക്കില്ലാത്ത റോഡുകൂടിയായിരുന്നു. ആ സമയത്താണ് അതുവഴി ഒരുകാര്‍ പാഞ്ഞ് വന്നത്. റോഡില്‍ ആളു കിടക്കുന്നത് കാണാതെ കാര്‍ ജറോണിന്റെ ദേഹത്തുകൂടെ കയറിയിറങ്ങുകയായിരുന്നു. ആള്‍ക്കാരുടെ നിലവിളി കേട്ടാണ് കാര്‍ നിര്‍ത്തിയത്. രക്തത്തില്‍ കുളിച്ചുകിടന്ന ജറോണിനെ ആ കാറില്‍ തന്നെ ചിറയിന്‍കീഴ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാല്‍ അപ്പോഴേക്കും ജറോണ്‍ മരിച്ചിരുന്നു.
ശിങ്കാരത്തോപ്പ് സ്വദേശിയായ സന്തോഷായിരുന്നു കാര്‍ ഓടിച്ചിരുന്നത്. ജറോണിനെ കാര്‍ കയറ്റികൊന്നു എന്ന രീതിയില്‍ നാട്ടുകാര്‍ പ്രതിഷേധിക്കുകയാണ്. സന്തോഷിന്റെ ആള്‍ട്ടോകാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു.
https://www.facebook.com/Malayalivartha