ഇടതുമുന്നണിയ്ക്ക് ലോക്സഭ തിരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമോ ?; വനിതാമതിലിനെച്ചൊല്ലി എൻ.എസ്.എസ് ഇടഞ്ഞതിന് പിന്നാലെ പള്ളിത്തർക്കത്തിൽ ഓർത്തഡോക്‌സ് സഭയും സർക്കാരിനെതിരാകുന്നു

എൻ.എസ്.എസിന് പിറകേ ഓർത്തഡോക്സ് സഭയും ഇടതുമുന്നണിയോട് അകലുന്നു, ഈ അകൽച്ച ഇടതു മുന്നണിക്ക് ലോക്സഭ തിരഞ്ഞെടുപ്പിൽ തിരിച്ചടിയാകും എന്ന കാര്യത്തിൽ സംശയമില്ല. ശബരിമലയെയും വനിതാമതിലിനെയും ചൊല്ലി എൻ.എസ്.എസിന് ഇടതു മുന്നണിയുമായി തെറ്റിയിരുന്നു. ഇരുവരും പിന്നീട് വനിതാമതിലിനെ ചൊല്ലി തുറന്ന പോരിലേക്ക് ഇരുവരും എത്തിയിരുന്നു. ഇതിനു പുറമെയാണ് പള്ളിത്തർക്കവുമായി ബന്ധപ്പെട്ട കോടതി വിധി നടപ്പാക്കത്തതുമായി ബന്ധപ്പെട്ട് അഭിപ്രായ വെത്യാസങ്ങൾ ഉണ്ടാകുന്നത്. ഇ സാഹചര്യത്തിലാണ് ഓർത്തഡോക്‌സ് സഭയും ഇടതുമുന്നണിയിൽ നിന്ന് അകലുന്നു എന്ന വാർത്തകൾ പുറത്തുവരുന്നത്. ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ യാക്കോബായ -ഓർത്തഡോക്‌സ് വിഭാഗങ്ങളുടെ പിന്തുണ ഉറപ്പിച്ച സർക്കാർ അടുത്ത ലോക്‌സഭ തിരഞ്ഞെടുപ്പിലും പിന്തുണ പ്രതീക്ഷിക്കുന്നതിനിടയിലാണ് പള്ളിത്തർക്കം രൂക്ഷമായി വിശ്വാസികൾ ചേരിതിരിഞ്ഞ് തെരുവിലിങ്ങിയത്. ഇത് സർക്കാരിനെ അക്ഷരാർത്ഥത്തിൽ വെട്ടിലാക്കുന്നുണ്ട്.
1934ലെ സഭാ ഭരണഘടന പ്രകാരം എല്ലാ പള്ളികളും ഓർത്തഡോക്‌സ് സഭയ്ക്ക് അവകാശപ്പെട്ടതെന്ന സുപ്രീം കോടതിവിധി നടപ്പാക്കാതെ യാക്കോബായ സഭയ്ക്ക് സഹായകമായ നിലപാട് സർക്കാർ സ്വീകരിക്കുന്നുവെന്നാരോപിച്ചാണ് ഓർത്തഡോക്‌സ് സഭ ഇടഞ്ഞത്. സർക്കാരാകട്ടെ ലോക് സഭ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ഇരുവിഭാഗത്തെയും പിണക്കാതുള്ള 'ന്യൂട്രൽ' കളി തുടരുകയുമാണ്. കോതമംഗലം മാർത്തോമ്മ പള്ളിയിൽ തോമസ് പോൾ റമ്പാന് ആരാധന നടത്താൻ പൊലീസ് സുരക്ഷ നൽകാത്തത് ഗൗരവത്തോടെയാണ് കാണുന്നതെന്ന് ഓർത്തഡോക്‌സ് സഭ വക്താവ് ഫാ. ഡോ. ജോൺസ് എബ്രഹാം കോനാട്ട് പറഞ്ഞു.
പള്ളിയിൽ കയറുന്നതിന് സി.ആർ.പി.എഫിന്റെ സേവനം ആവശ്യപ്പെട്ട് നൽകിയ ഹർജിയിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു .കേസ് ജനുവരി 4ന് മാറ്റുകയും തോമസ് പോൾ റമ്പാനെ ആരോഗ്യ നില മോശമായെന്ന കാരണം കണ്ടെത്തി പൊലീസ് ആശുപത്രിയിലാക്കിയതോടെ കോതമംഗലം പള്ളിക്കു മുന്നിലെ സംഘർഷത്തിന് അയവു വന്നു. സർക്കാർ ആശ്വസിക്കുമ്പോൾ വിശ്വാസികളെ തെരുവിലിറക്കി യാക്കോബായ സഭ റമ്പാനെ പള്ളിയിൽ കയറ്റാതെ നടത്തിയ നാടകത്തിന് പൊലീസ് കൂട്ടു നിന്നുവെന്നാരോപിച്ച് രൂക്ഷ വിമർശനവുമായി ഓർത്തഡോക്‌സ് സഭ സർക്കാരിനെതിരെ രംഗത്തുവന്നു .
'ഇനി ചർച്ചയുടെ ആവശ്യമില്ല. മുഴുവൻ പള്ളികളും ഓർത്തഡോക് സഭയ്ക്കു വിട്ടു കൊടുത്ത സുപ്രീം കോടതി വിധി സംസ്ഥാന സർക്കാർ അടിയന്തിരമായി നടപ്പാക്കണം. നിയമം നടപ്പാക്കാൻ പൊലീസ് സംരക്ഷണം നൽകണം. ഞങ്ങളുടെ ക്ഷമ ബലഹീനതയായി കാണരുത്. വിധി നടപ്പാക്കുന്നില്ലെങ്കിൽ നിയമപരമായി നേരിടാൻ മറ്റു മാർഗങ്ങളുണ്ട്. സഭ അത് സ്വീകരിക്കും'- മാർത്തോമ്മ പൗലൂസ് ദ്വിതീയൻ കാതോലിക്ക ബാവ
'യാക്കോബായ സഭയുടെ സ്വത്ത് ആർക്കും വിട്ടു കൊടുക്കില്ല . പൊലീസിനെ വരുതിയിലാക്കാൻ ഓർത്തഡോക്‌സ് സഭ വെല്ലുവിളി നടത്തുകയാണ്. സർക്കാർ മുൻ കൈയെടുത്താൽ അനുരഞ്ജന ചർച്ചയ്ക്ക് തയ്യാറാണ്' ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവ.
നവോത്ഥാന മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുക എന്ന മുദ്രാവാക്യവുമായി സംഘടിപ്പിക്കുന്ന വനിതാ മതിലിൽ മത ന്യൂനപക്ഷങ്ങളെയും ഉൾപ്പെടുത്താൻ സിപിഎം തീരുമാനം. ന്യൂനപക്ഷങ്ങളെയും മത മേലധ്യക്ഷന്മാരെയും വനിതാ മതിലിൽ അണിനിരക്കാൻ ക്ഷണിക്കും. എല്ലാ മത വിഭാഗങ്ങളെയും മതിലിൻറെ ഭാഗമാക്കണമെന്ന് സി പി എം സംസ്ഥാന സെക്രട്ടറിയേറ്റാണ് തീരുമാനമെടുത്തത്. നേരത്തെ, സമൂഹത്തെ ഭിന്നിപ്പിച്ചല്ല നവോത്ഥാന മൂല്യം ഉയർത്തേണ്ടതെന്ന് വ്യക്തമാക്കി കെസിബിസി വനിതാ മതിലിനോടുള്ള നിലപാട് തുറന്ന് പറഞ്ഞിരുന്നു. വനിതാ മതിലുമായി ബന്ധപ്പെട്ട് സമൂഹത്തിൽ ചേരിതിരിവ് ഉണ്ടാക്കുന്നത് ശരിയല്ല എന്നും കെസിബിസിയുടെ വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നു എന്തായാലും ഹിന്ദു സംഘടനകൾക്കു പുറമേ മറ്റു മതത്തിലെ സംഘടനകളും സർക്കാരിനെതിരെ ഇത്തരത്തിൽ പരസ്യമായി രംഗത്തു വരുന്നത് ഇടതു മുന്നണിയിൽ പ്രതിസന്ധിയുണ്ടാക്കും എന്ന കാര്യത്തിൽ സംശയമില്ല.
https://www.facebook.com/Malayalivartha






















