സുകുമാരന്‍നായരുടേയും വെള്ളാപ്പള്ളിയുടേയും വിശാല ഹിന്ദു ഐക്യത്തിന് തടയിടാനായി മുസ്ലീംലീഗ്, കോണ്‍ഗ്രസിന്റെ മൗനാനുവാദത്തോടെ...

എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ മുസ്ലീം ലീഗിനെ പേരെടുത്ത് പറഞ്ഞ് ഒരാക്ഷേപവും ഉന്നയിച്ചില്ല. ആകെ പറഞ്ഞത് 3 ന്യൂനപക്ഷ മന്ത്രിമാരാണ് സംസ്ഥാനം ഭരിക്കുന്നതെന്നാണ്. കെ.പി.സി.സി. പ്രസിഡന്റ് രമേഷ് ചെന്നിത്തലയെ ആക്ഷേപിച്ചതിന്റെ നൂറിലൊരു അംശം പോലും മുസ്ലീം ലീഗിനെതിരെ പറഞ്ഞതുമില്ല. കോണ്‍ഗ്രസിനേയും പ്രത്യേകിച്ച് ചെന്നിത്തലയേയും സര്‍ക്കാരിനേയുമാണ് സുകുമാരന്‍നായര്‍ കടന്നാക്രമിച്ചത്.
കോണ്‍ഗ്രസിലെ ഇന്നത്തെ തലതൊട്ടപ്പനായ കെ.പി.സി.സി. പ്രസിഡന്റിനേയും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയേയുമാണ് സുകുമാരന്‍നായര്‍ കണക്കിന് വിമര്‍ശിച്ചത്. ആവശ്യമില്ലാത്ത കാര്യങ്ങള്‍ക്ക് തലങ്ങും വിലങ്ങും വിമര്‍ശിക്കുന്ന കോണ്‍ഗ്രസിലെ പല നേതാക്കളും മിണ്ടിയില്ല, കിട്ടണങ്കില്‍ രണ്ട് കിട്ടട്ടേയെന്ന മട്ടില്‍. പിന്നെ രമേഷിന്റേയും മുഖ്യമന്ത്രിയുടേയും ഊഴമായിരുന്നു. എന്‍എസ്‌എസിന്റെ സഹായമില്ലെങ്കില്‍ തെക്കുവടക്കു നടക്കേണ്ടി വരുമെന്നോര്‍ത്തിട്ടാണോ എന്തോ രമേഷ് ഇപ്പോള്‍ പറയുന്നത് സാമൂഹിക നേതാക്കന്മാര്‍ക്ക് മറുപടി പറയാറില്ലെന്നാണ്. എല്ലാത്തിനും ജനങ്ങള്‍ മറുപടിപറയുമെന്ന്. പിന്നേ... ജനങ്ങള്‍ക്ക് അതല്ലേ പണി.
മുഖ്യമന്ത്രിയുടെ അഭിപ്രായത്തിനായി മാധ്യമലോകം ലൈവായി പല വഴികളും കാത്തുനിന്നു. അവസാനം മുഖ്യമന്ത്രിയും പറഞ്ഞു ഒന്നും പറയാനില്ല, പറയേണ്ടവര്‍ പറയുമെന്ന മട്ടില്‍.
ഇതാണ് കോണ്‍ഗ്രസിന്റെ അവസ്ഥ. ഇത്രയും വലിയൊരു പ്രസ്ഥാനത്തിന്റെ പ്രസിഡന്റിനെപ്പോലും നിശ്ചയിച്ചത് എന്‍എസ്‌എസ് ആണെന്ന് പറഞ്ഞതിനും ഭരണം നിയന്ത്രിക്കുന്നത് 3 മന്ത്രിമാരാണെന്നതിനും മറുപടിയില്ല.
അങ്ങനെ പറയേണ്ടവര്‍ മറുപടി പറഞ്ഞു. കോണ്‍ഗ്രസിന് അനുഗ്രഹമായത് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്റെ പ്രസ്ഥാവനയാണ്.എന്‍എസ്‌എസും എസ്‌എന്‍ഡിപിയും വര്‍ഗീയത വളര്‍ത്താന്‍ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ പറയുന്നത്. സമുദായം പറഞ്ഞ് ഇരു നേതാക്കളും ജനങ്ങളെ ഭിന്നിപ്പിക്കുകയാണ്. അതിനി കേരളത്തില്‍ വിലപ്പോകില്ല. സമദൂരം പറഞ്ഞ് വന്‍കിടക്കാരെ സഹായിക്കുകയാണ് ചെയ്യുന്നത്. ഭരിക്കുന്നവരെ വിരട്ടി കാര്യം നേടുന്നതിനാണ് എന്‍എസ്‌എസും,എസ്‌എന്‍ഡിപിയും ഒരുമിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
എന്നാല്‍ ശരിക്കും കോണ്‍ഗ്രസിനുവേണ്ടി മറുപടി പറഞ്ഞത് മുസ്ലീം ലീഗാണ്. പെട്ടന്നവര്‍ സംസ്ഥാന സമിതിയില്‍ പോലും വിഷയം ചര്‍ച്ച ചെയ്‌തു. കാരണം അവര്‍ക്കറിയാം സുകുമാരന്‍നായര്‍ ഉന്നം വയ്‌ക്കുന്നത് മുസ്ലീം ലീഗിനേയാണ്. ആ മന്ത്രിസഭയിലെ ഭരണം നിയന്ത്രിക്കുന്ന രണ്ടാമന്‍ കുഞ്ഞാലിക്കുട്ടിയാണെന്ന് ആര്‍ക്കാ അറിയാത്തത്. അതു കൂടാതെ അഞ്ചാം മന്ത്രിസ്ഥാനം ഏറ്റവുമധികം എതിര്‍ത്തത് സുകുമാരന്‍നായരാണ്. ഇനിയിപ്പോള്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് വരികയാണ്. മൂന്നാമതൊരു മണ്‌ഡലംകൂടി എങ്ങനെ പിടിച്ചുവാങ്ങാമെന്ന് ചര്‍ച്ചകള്‍ നടത്തിക്കൊണ്ടിരിക്കുമ്പോഴാണ് സുകുമാരന്‍നായരുടേയും വെള്ളാപ്പള്ളി നടേശന്റേയും ഒരു ഒത്തു ചേരല്‍.
അവരുടെ ഈ ശ്രമങ്ങള്‍ക്ക് ഇപ്പഴേ തടയിട്ടില്ലെങ്കില്‍ തങ്ങളുടെ നിലയും പരുങ്ങലിലാവും. വിശാല ഹിന്ദു ഐക്യം എന്നൊക്കെയാണ് പറയുന്നത്. എസ്‌എന്‍ഡിപിയ്‌ക്കും എന്‍എസ്‌എസിനും കേരളത്തില്‍ വ്യക്തമായ സ്വാധീനമുള്ള സ്ഥലങ്ങളുണ്ടെന്നത് ഒരു വസ്‌തുതയാണ്. അവരോടൊപ്പം മറ്റ് ഹൈന്ദവ സംഘടനകളെക്കൂടി ചേര്‍ത്താല്‍ ഈ ജന്മത്തില്‍ ഇവിടെ ഭരിക്കാമെന്ന് കരുതണ്ട. പിന്നെ ആകെയുള്ള ആശ്വാസം ഈ ഇടതുപക്ഷം അവരെയൊരിക്കലും ഉള്‍ക്കൊള്ളുകയില്ല എന്നുള്ളതാണ്.
കോണ്‍ഗ്രസിനാണെങ്കില്‍ സുകുമാരന്‍ നായരുടെയടുത്തോ വെള്ളാപ്പള്ളി നടേശന്റെയടുത്തോ ഒന്നും മിണ്ടാന്‍ പോലും കഴിയുകയില്ല. ആ നിലയ്‌ക്ക് രണ്ടാമനായ തങ്ങളെങ്കിലും ഇടപെടണം. കോണ്‍ഗ്രസ് ആകട്ടെ ഈ അവസ്ഥയില്‍ ഇതിന് പച്ചക്കൊടിയും കാട്ടും.
അത്‌കൊണ്ടാണ് മോഡിയുമായി സുകുമാരന്‍നായരുടെ പ്രസംഗം വലിച്ചിഴച്ചത്. നരേന്ദ്ര മോഡിയുടെ ശിവഗിരിമഠം സന്ദര്‍ശനം വെള്ളപൂശാനാണ് സമുദായ സംഘടനാ നേതാക്കളുടെ ശ്രമമെന്നാണ് മുസ്ലീംലീഗിന്റെ പൊതുവായ അഭിപ്രായം.
https://www.facebook.com/Malayalivartha