സാമ്പത്തിക സംവരണം നടപ്പിലാക്കാൻ തീരുമാനിച്ച് നായർ സർവീസ് സൊസൈറ്റിയെ ബി ജെ പിയുടെ പോക്കറ്റിലാക്കി

സാമ്പത്തിക സംവരണം നടപ്പിലാക്കാൻ തീരുമാനിച്ചതോടെ നായർ സർവീസ് സൊസൈറ്റി പൂർണമായും ബി ജെ പിയുടെ പോക്കറ്റിലായി. ചൊവ്വാ, ബുധൻ ദിവസങ്ങളിൽ വിവിധ രാഷ്ട്രീയ പാർട്ടികൾ നടത്തുന്ന പണിമുടക്ക് എൻ എസ്എസിന്റെ വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ സംഘടനകൾ ബഹിഷ്ക്കരിക്കാനും തീരുമാനിച്ചു. തിങ്കളാഴ്ച രാവിലെ പണിമുടക്കിൽ പങ്കെടുക്കാൻ തീരുമാനിച്ച എൻ എസ് എസ് സംഘടനകൾ സംവരണ പ്രഖ്യാപനം വന്നയുടൻ തീരുമാനത്തിൽ നിന്നും പിൻ വാങ്ങുകയായിരുന്നു
പതിറ്റാണ്ടുകളായുള്ള എൻ എസ് എസിന്റെ ആവശ്യത്തിനാണ് നരേന്ദ്രമോദി പച്ചക്കൊടി കാണിച്ചത്. കഴിഞ്ഞ കുറെ ദിവസങ്ങളായി സുകുമാരൻ നായർ ബിജെപിയെ അനുകൂലിച്ച് നടത്തുന്ന പ്രസ്താവനകൾക്ക് പിന്നിലെ രഹസ്യം കേരളം മനസിലാക്കിയത് ഇപ്പോഴാണ്. ഇത്തരമൊരു തീരുമാനം കേന്ദ്ര സർക്കാർ എടുത്തത് എൻ എസ് എസിന് വേണ്ടിയാണെന്ന് പറയാം.
എൻ എസ് എസിനെതിരെ പിണറായിയും കൂട്ടരും മത്സരിച്ചു പ്രസ്താവന ഇറക്കുന്നത് കണ്ട് സുകുമാരൻ നായർ ഊറി ചിരിച്ചത് ഇതു കൊണ്ടാണ്. സുകുമാരൻ നായർക്കെതിരെ സി പി എമ്മിന്റെ സ്ഥിരം കലാ പരിപാടി തുടങ്ങുമ്പോഴും എൻ എസ് എസ് സൂക്ഷിച്ചാണ് മറുപടി നൽകിയിരുന്നത്. സർക്കാരിന്റെ എടുത്തു ചാട്ടങ്ങളോട് പതിയെ മാത്രമാണ് സുകുമാരൻ നായർ പ്രതികരിച്ചത്. ഇതെല്ലാം ബിജെപി കാണുന്നുണ്ടായിരുന്നു.
സുകുമാരൻ നായരുമായി അമിത് ഷാ ഉൾപ്പെടെയുള്ള നേതാക്കൾ നിരന്തര സമ്പർക്കം പുലർത്തിയിരുന്നു എന്നതിന്റെ തെളിവാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. അമിത ഷായോടും നരേന്ദ്ര മോദിയോടും എൻ എസ് എസ് സംവരണം ഉന്നയിച്ചിരുന്നു. പി എസ്. ശ്രീധരൻ പിള്ളയാണ് പെരുന്നയുടെ ശബ്ദം ഡൽഹിയിലെത്തിച്ചത്. അതിന്റെ നന്ദി സുകുമാരൻ നായർക്ക് പിള്ളയോടുണ്ട്. സാമ്പത്തിക സംവരണം നടപ്പിലാക്കാമെന്ന കാര്യം പിള്ള ഉറപ്പു നൽകിയെങ്കിലും സുകുമാരൻ നായർ പൂർണമായും വിശ്വസിച്ചിരുന്നില്ല. എന്നാൽ കഴിഞ്ഞയാഴ്ച ഇക്കാര്യം പിള്ള ഉറപ്പിച്ചു. അതിന് ശേഷമാണ് സുകുമാരൻ നായർ പിണറായി ക്കെതിരെ തീർത്തടിക്കാൻ തുടങ്ങിയത്. ബിജെപിയുമായി സുകുമാരൻ നായർ കൂടുതൽ അടുത്തതും അങ്ങനെയാണ്.
നായർ സമുദായത്തിന് മാത്രമല്ല ബ്രാഹ്മണർക്കും മറ്റ് ഉന്നത കുലജാതർക്കും മുന്നാക്ക സംവരണം നൽകിയ ആശ്വാസം ചെറുതല്ല. ഉയർന്ന ജാതിക്കാരിൽ 90 ശതമാനവും അനുഭവിക്കുന്നത് കൊടും പട്ടിണിയാണ്. ക്ഷേത്രങ്ങൾ മുഖേന ഉപജീവനം കഴിക്കുന്നവർ അനുഭവിക്കുന്ന പ്രതിസന്ധികൾ നിരവധിയാണ്. മുന്നാക്കക്കാരിലെ പിന്നാക്കക്കാരുടെ വർഷങ്ങളായുള്ള ആവശ്യമാണ് സാമ്പത്തിക സംവരണം.
50 ശതമാനം സംവരണം നിലവിലുണ്ട്. 10 ശതമാനം സംവരണം കൂടി ഏർപ്പെടുത്തുമ്പോൾ ജനറൽ കാറ്റഗറിയിൽ 40 ശതമാനം മാത്രമാകും. ഇത് മൂന്നാക്കക്കാരെ ഗുരുതരമായി ബാധിക്കാനായുണ്ട്. എന്നാൽ തങ്ങൾക്കിടയിൽ സാമ്പത്തികമായി പ്രതിസന്ധി അനുഭവിക്കുന്നവർ ഏതു വിധേനയും രക്ഷപ്പെടട്ടെ എന്ന ചിന്തയും മൂന്നാക്കാർക്കിടയിലുണ്ട്.
കേന്ദ്ര സർക്കാരിന്റെ തീരുമാനം പാർലെമെന്റ് തെരഞ്ഞടുപ്പിനെ കാര്യമായി ബാധിക്കും. ഭൂരിപക്ഷ വോട്ടുകളും ന്യൂനപക്ഷ വോട്ടുകളും കേന്ദ്രീകരിക്കപ്പെട്ടാൽ ഫലം പ്രവചനാതീതമാകും. ഇടതുപക്ഷത്തിന് ഭൂരിപക്ഷം ലഭിക്കാനും സാധ്യതയുണ്ട്. എന്നാൽ കോൺഗ്രസും അതിശക്തമായി രംഗത്തുണ്ട്. അതു കൊണ്ടു തന്നെ പ്രവചനം അസാധ്യമാണ്. അതിനിടയിലാണ് സംവരണത്തെ അനുകൂലിച്ച് ഇടതുപക്ഷവും രംഗത്തെത്തിയത്. എൻ എസ് എസിനെ പ്രതീക്ഷിച്ച് വെള്ളമിറുക്കുന്ന ചെന്നിത്തലക്കാണ് ഫലത്തിൽ അടി കിട്ടിയത്.
https://www.facebook.com/Malayalivartha






















