പിണറായിയുടെ ഉറപ്പ് ഇടത് തൊഴിലാളികൾ തകർത്തു; പണിമുടക്കിന് കട തുറക്കാനെത്തിയ വ്യാപാരികള്‍ക്ക് നേരെ മലപ്പുറം മഞ്ചേരിയില്‍ അക്രമം

സെക്രട്ടേറിയറ്റിലും മറ്റ് സര്‍ക്കാര്‍ ഓഫീസുകളിലും ഇന്ന് ഹാജര്‍ നില കുറവാണ്. ഇന്നത്തെ ഭരണകാര്യങ്ങള്‍ മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും ഔദ്യോഗികവസതികളിലിരുന്നാകും നോക്കുക എന്നാണ് സൂചന. വകുപ്പുതല സെക്രട്ടറിമാരും ഇന്ന് സെക്രട്ടേറിയറ്റിലെത്തിയേക്കില്ല. ഉച്ചയോടെ മാത്രമേ ഓഫീസുകളിലെ ഹാജര്‍ നിലയെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ കിട്ടൂ. ബിഎംഎസ് ഒഴികെയുള്ള എല്ലാ തൊഴിലാളിയൂണിയനുകളും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. കേരളത്തിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ ബിഎംഎസ് ശക്തമല്ലാത്തതിനാല്‍ മിക്ക ജീവനക്കാരും പണിമുടക്കില്‍ പങ്കെടുക്കാനാണ് സാധ്യത.
ഹര്‍ത്താലിലും പണിമുടക്കിലും മറ്റും സ്വകാര്യസ്വത്ത് നശിപ്പിച്ചാല്‍ ജീവപര്യന്തം നടവും പിഴയും ചുമത്താന്‍ നിയമം കൊണ്ടുവരുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചതിന് തൊട്ട് പിന്നാലെ പണിമുടക്കിന് കട തുറക്കാനെത്തിയ വ്യാപാരികള്‍ക്ക് നേരെ മലപ്പുറം മഞ്ചേരിയില്‍ സംഘര്‍ഷത്തിന് ശ്രമം. സി.ഐ.ടി.യു ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ യൂണിയനുകള്‍ കടകള്‍ നിര്‍ബന്ധിപ്പിച്ച് അടപ്പിക്കാന്‍ ശ്രമിച്ചു. ഇതോടെ പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രിച്ചു. തുറക്കുന്ന കടകള്‍ക്ക് സംരക്ഷണം നല്‍കുമെന്ന് മലപ്പുറം എസ്.പി പ്രതീഷ്‌കുമാര്‍ അറിയിച്ചു.
രാവിലെ മഞ്ചേരി ടൗണില്‍ മെഡിക്കല്‍ സ്റ്റോറുകള്‍ തുറന്നെങ്കിലും പ്രതിഷേധക്കാര്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയില്ല. എന്നാല്‍ പഴയ ബസ്സ്റ്റാന്‍ഡിന് സമീപം ഒരു തുണിക്കട തുറന്നതോടെ തൊട്ടടുത്ത് തമ്പടിച്ചിരുന്ന തൊഴിലാളികള്‍ സംഘടിച്ചെത്തി കട അടപ്പിക്കാന്‍ ശ്രമിച്ചു. ഇതോടെ വ്യാപാരികളും സംഘടിച്ചെത്തി. ഈ സമയത്ത് പ്രതിഷേധത്തെ നേരിടാന്‍ വേണ്ടത്ര പൊലീസ് ഇല്ലായിരുന്നു. തുടര്‍ന്ന് എസ്.പിയും ഡിവൈ.എസ്.പിയും സ്ഥലത്തെത്തുകയായിരുന്നു. ഇവര്‍ ഇടപെട്ട് അനുകൂലികളെ മാറ്റാന്‍ ശ്രമിച്ചു. ഇത് ചെറിയതോതിലുള്ള സംഘര്‍ഷമുണ്ടാക്കി. തങ്ങളാരും നിര്‍ബന്ധിപ്പിച്ച് കടകള്‍ അടപ്പിച്ചില്ലെന്നും സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുക മാത്രമാണ് ചെയ്തതെന്നും സമരക്കാര്‍ പറഞ്ഞു.
കടകള്‍ തുറന്നാല്‍ എല്ലാവിധ സംരക്ഷണവും നല്‍കുമെന്ന് എസ്.പി വ്യക്തമാക്കി. സമരക്കാരുമായി സംസാരിച്ച ശേഷമാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. ഹര്‍ത്താലിന്റെ മറവില്‍ വ്യാപക അക്രമം ഉണ്ടാകുന്നതിനെ തുടര്‍ന്ന് പണിമുടക്കില്‍ കടകള്‍ നിര്‍ബന്ധിച്ച് അടപ്പിക്കില്ലെന്നും ടൂറിസം മേഖലയേയും ശബരിമല താര്‍ത്ഥാടകരേയും ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കുമെന്ന് തൊഴിലാളി യൂണിയനുകള്‍ ഇന്നലെ അറിയിച്ചിരുന്നു. അതിന് വിരുദ്ധമായ നിലപാടാണ് മഞ്ചേരിയില്‍ ഉണ്ടായത്. ഇപ്പോഴവിടെ സ്ഥിതിഗതികള്‍ ശാന്തമാണ്.
https://www.facebook.com/Malayalivartha






















