പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് മന്ത്രിമാരും ഇന്ന് സെക്രട്ടറിയേറ്റിലെ ഓഫീസിലെത്തിയില്ല...

സംയുക്ത തൊഴിലാളി യൂണിയനുകളുടെ പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് മന്ത്രിമാരും ഇന്ന് സെക്രട്ടറിയേറ്റിലെ ഓഫീസിലെത്തിയില്ല. കേന്ദ്ര തൊഴില്‍ നിയമം പൊളിച്ചെഴുതുന്നതില്‍ പ്രതിഷേധിച്ചാണ് ബി.എം.എസ് ഒഴികെയുള്ള തൊഴിലാളി യൂണിയനുകള്‍ ഇന്നലെ അര്‍ദ്ധരാത്രി മുതല്‍ 48 മണിക്കൂര്‍ പണിമുടക്ക് ആരംഭിച്ചത്. സാധാരണ രാവിലെ ഒമ്പത് മണിയോടെ സെക്രട്ടേറിയറ്റിലെ സൗത്ത് ബ്ലോക്കിലെ ഓഫീസിലെത്താറുള്ള മുഖ്യമന്ത്രി ഇന്ന് ഔദ്യോഗിക വസതിയായ ക്ലീഫ്ഹൗസില്‍ കഴിയുകയാണ്. മന്ത്രിമാരും പത്ത് മണി കഴിഞ്ഞിട്ടും ഓഫീസുകളിലെത്തിയിട്ടില്ല. പണിമുടക്ക് പെട്ടെന്ന് പ്രഖ്യാപിച്ചതല്ലെന്നും മാസങ്ങളായി ഇതിന്റെ പ്രചരണങ്ങളും മറ്റും തുടങ്ങിയിട്ടെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
തിരുവനന്തപുരത്ത് സെക്രട്ടേറിയേറ്റ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ഓഫീസുകളില്‍ ഹാജര്‍നില നന്നേ കുറവാണ്. സാധാരണ ഇടത് യൂണിയനോ, വലത് യൂണിയനോ ജോലിക്കെത്തുകയാണ് പതിവ്. എന്നാല്‍ ഇരുവരും ഒരുമിച്ച് നടത്തുന്ന പണിമുടക്കായതിനാനാണ് സര്‍ക്കാര്‍ ഓഫീസുകളില്‍ ജീവനക്കാരാരും എത്താത്തത്. മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും ഔദ്യോഗികവസതികളിലിരുന്നാണ് അത്യാവശ്യം വേണ്ട ഫയലുകളും മറ്റ് കാര്യങ്ങളും പരിശോധിക്കുക. വകുപ്പ് സെക്രട്ടറിമാരും ഇന്ന് ഓഫീസുകളില്‍ എത്തിയിട്ടില്ല എന്നത് ശ്രദ്ധേയമാണ്.
ബാങ്ക്, ഇന്‍ഷുറന്‍സ് ബി.എസ്.എന്‍.എല്‍ മേഖലകളിലെ ഒരു വിഭാഗം ജീവനക്കാരും സമരത്തിലാണ്. അതിനാല്‍ ഓഫീസുകള്‍ തുറന്നെങ്കിലും ജീവനക്കാര്‍ വിരളമാണ്. ബി.എം.എസ് യൂണിയന്റെ പോഷകസംഘടനകളില്‍ പെട്ട ജീവനക്കാര്‍ മാത്രമാണ് ഓഫീസുകളില്‍ എത്തിയത്. ചെറുകിട വ്യാപാരികളെ ബാധിക്കുന്ന ജി.എസ്.ടി ഉള്‍പ്പെടെയുള്ള കേന്ദ്രനടപടിക്കെതിരെ സഹകരിക്കണമെന്ന് യൂണിയനുകള്‍ വ്യാപാരികളോട് അഭ്യര്‍ത്ഥിച്ചെങ്കിലും ചിലയിടങ്ങളില്‍ കടകള്‍ തുറന്ന് പ്രവര്‍ത്തിച്ചു.
https://www.facebook.com/Malayalivartha






















