സിനിമാ അവാര്‍ഡ് പ്രഖ്യാപിക്കുന്നതു പോലെ എന്തിനാണിങ്ങനെയൊരു എസ്‌എസ്‌എല്‍സി ഫല പ്രഖ്യാപനം, മാനേജ്‌മെന്റിനുമില്ലേ മോഹങ്ങള്‍...

സ്‌കൂളുകളെല്ലാം സന്തോഷത്തിലാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് പത്താംക്ലാസ് പരീക്ഷയില്‍ നൂറ് ശതമാനം പരാജയമായിരുന്ന പല സ്‌കൂളുകളും നൂറുമേനിയോടെയാണ് ഇക്കുറി ജയിച്ചു വന്നത്. സംസ്ഥാനത്ത് 94.17 ശതമാനം എസ്‌എസ്‌എല്‍സി വിജയം. ഇത്രയും മിടുക്കന്മാരും മിടുക്കികളുമായ വിദ്യാര്‍ത്ഥികളുടെ നാടിനെപ്പറ്റി വിദ്യാഭ്യാസ മന്ത്രി ശരിക്കും അഭിമാനം കൊണ്ടു. നല്ല കാര്യം. പക്ഷേ ഈ ഉന്നത വിജയത്തിന്റെ പിന്നാമ്പുറങ്ങള്‍ തേടിപ്പോയപ്പോഴാണ് പലര്‍ക്കും മനസിലായത് ഇതിന്റെ പിന്നിലും ഒരു കച്ചവടക്കണ്ണുണ്ടെന്ന്.
പത്താംക്ലാസ് അടിസ്ഥാനയോഗ്യതയായിരുന്ന ഒരു കാലത്ത് ആ പരീക്ഷയ്‌ക്കായുള്ള ഒരുക്കങ്ങളും മത്സരങ്ങളും എല്ലാം മലയാളികള്‍ക്ക് ഓര്‍മ്മയിലുണ്ട്. റിസള്‍ട്ട് വരുന്ന ദിവസം ഒരാഘോഷമാണ്. പത്രങ്ങളായ പത്രങ്ങളെല്ലാം അവരുടെ ഒന്നാം പേജില്‍ തന്നെ റാങ്ക് നേടിയ കുട്ടികളുടെ ഫോട്ടോ സഹിതമുള്ള വാര്‍ത്തകളും അഭിമുഖങ്ങളും ഒക്കെ നല്‍കും.
ഇടയ്‌ക്ക് എസ്‌എസ്‌എല്‍സിയുടെ ഒരു എസ് കളഞ്ഞ് എസ്‌എല്‍സി മാത്രമാക്കിയെങ്കിലും വീണ്ടുമത് തിരിച്ചുകൊണ്ടുവന്നു. സെക്കന്ററി സ്‌കൂള്‍ ലിവിംഗ് സര്‍ട്ടിഫിക്കറ്റ് ഭാവിയിലേക്കുള്ള ഒരു ചവിട്ടുപടി മാത്രമാക്കിയപ്പോള്‍ റാങ്കിംഗ് സമ്പ്രദായം കളഞ്ഞു. ചുരുക്കിപ്പറഞ്ഞാല്‍ ആരും തോല്‍ക്കുന്നില്ല. തോറ്റ കുട്ടികളുടെ മാനസികാവസ്ഥ മനസിലാക്കി എല്ലാവര്‍ക്കും ഗ്രേഡിംഗ് നല്‍കി. ഗ്രേഡ് കുറഞ്ഞവര്‍ക്ക് വീണ്ടും പരീക്ഷയെഴുതി ജയിക്കാനുള്ള അവസരവും നല്‍കി. ഇന്നിപ്പോള്‍ റാങ്ക് കാര്‍ക്ക് വലിയ പ്രസക്തിയില്ല. ആരും അവരുടെ അഭിമുഖത്തിന് പോകുന്നുമില്ല. പകരം മന്ത്രിയാണിപ്പോള്‍ റാങ്ക് നേടുന്ന താരം. സിനിമാ അവാര്‍ഡ് പ്രഖ്യാപിക്കുന്നതു പോലെ എന്തിനാണിങ്ങനെയൊരു എസ്‌എസ്‌എല്‍സി ഫല പ്രഖ്യാപനം.
എസ്‌എസ്‌എല്‍സിയുടെ വിജയ ശതമാനം ഒന്നു പരിശോധിക്കോമ്പോഴാണ് ഈ കള്ളക്കളികളൊക്കെ മനസിലാക്കുന്നത്. 2002 വരെ 60 ശതമാനത്തിന് താഴെ മാത്രമായിരുന്ന എസ്‌എസ്‌എല്‍സി വിജയം ഈ വര്‍ഷം 94.17 ആക്കിയത് എന്തിനാണെന്ന് നോക്കുന്നത് നന്നായിരിക്കും.
കേവലം 5 മാര്‍ക്ക് വാങ്ങുന്ന കുട്ടിയെപ്പോലും ജയിപ്പിച്ചിട്ടുണ്ട് എന്നാണ് അധ്യാപക സംഘടനകളുടെ പോലും പരാതി. അതായത് ചോദ്യമെങ്കിലും തെറ്റുകൂടാതെ എഴുതിയ എല്ലാവരും ജയിച്ചു. മുപ്പത് ശതമാനം മാര്‍ക്കാണ് ജയിക്കാന്‍ ആവശ്യമായത്. 50 മാര്‍ക്കിനാകുമ്പോള്‍ കേവലം 15 മാര്‍ക്ക് മതി. ഇതില്‍ നിന്നാണ് 5 മാര്‍ക്ക് നേടേണ്ടത്. ബാക്കി സ്‌കൂളിന്റെ സംഭാവനയാണ്. അസൈമെന്റിനും പ്രോജക്‌ടിനും സെമിനാറിനുമൊക്കെയാണ് ഈ 10 മാര്‍ക്ക് നല്‍കുന്നത്. മിക്ക സ്‌കൂളുകളും എല്ലാവര്‍ക്കും ഈ പത്തുമാര്‍ക്കും നല്‍കും. കാരണം സ്‌കൂളിന്റെ നിലനില്‍പ്പ്, വിജയ ശതമാനം എന്നിവയെല്ലാമാണ്.
ഇങ്ങനെ പത്താംക്ലാസുകാരെ മുഴുവനായും ജയിച്ചുവിട്ടതിന്റെ പിന്നില്‍ കുട്ടികളെ തകിടം മറിക്കുകയാണ് ചെയ്യുന്നത്. ഉന്നത ക്ലാസുകളില്‍ എഴുത്തും വായനയുമറിയാതെ അവരെ കൂപ്പ് കുത്തിക്കും.
ഈ ഉന്നത വിജയത്തിന് പിന്നില്‍ ശക്തമായ രാഷ്‌ട്രീയ ലോബി ഉണ്ടെന്നാണ് പറയപ്പെടുന്നത്. സംസ്ഥാനത്തിപ്പോള്‍ 1907 ഹയര്‍സെക്കന്ററി സ്‌കൂളുകളുണ്ട്. സര്‍ക്കാര് മേഖലയില്‍ 760 എണ്ണവും എയ്‌ഡഡ് മേഖലയില്‍ 690 എണ്ണവും. ആകെ ഇപ്പോഴത്തെ സീറ്റ് 2,35,400 ആണ്. എസ്‌എസ്‌എല്‍സി പാസായവര്‍ 4,79,085 ആണ്. എല്ലാവര്‍ക്കും സീറ്റ് നല്‍കുമെന്ന് മന്ത്രി തന്നെ വ്യക്തമാക്കി. കൂടുതല്‍ പേര്‍ ജയിച്ച് വന്നതോടെ കൂടുതല്‍ പുതിയ ഹയര്‍ സെകന്ററി സ്‌കൂളുകളും അധ്യാപകരും വേണ്ടിവരും. സര്‍ക്കാര്‍ സ്‌കൂളുകളില്‍ അതിനുള്ള സൗകര്യം ഇല്ലാത്തിതിനാല്‍ അവരെല്ലാവരും എയ്‌ഡഡ് സ്‌കൂളുകളിലേക്ക് പൊയ്‌ക്കൊള്ളും. ലക്ഷങ്ങള്‍ കൈക്കൂലി വാങ്ങിച്ച് അധ്യാപകരെ മാനേജ്‌മെന്റ് നിയമിച്ചോളും. സര്‍ക്കാര്‍ മാസാമാസം മുടങ്ങാതെ അവര്‍ക്കുള്ള ശമ്പളം കൊടുത്താല്‍ മതി. കൂടാതെ കുട്ടികളുടെ കൈയ്യില്‍ നിന്നും അഡ്‌മിഷന്‍ ഫീസ്, ഡൊണേഷന്‍, ഡെപ്പോസിറ്റ് തുങ്ങിയ വന്‍ തുകയും കിട്ടും. ചുമ്മാ സ്‌കൂളുകള്‍ മാത്രം കെട്ടിയിട്ടിരുന്നാല്‍ എങ്ങനെ ലാഭം കിട്ടാനാണ് അവിടെ പഠിക്കന്‍ വിദ്യാര്‍ത്ഥികള്‍ വേണ്ടേ.
https://www.facebook.com/Malayalivartha