വാഗമണ്ണില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് നാല് ഹൗസ് സര്‍ജന്‍മാര്‍ മരിച്ചു

വാഗമണ്ണില്‍ നിയന്ത്രണം വിട്ട കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് നാല് പേര്‍ മരിച്ചു. ഇന്നലെ രാത്രി പത്തു മണിയോടെ വാഗമണ്‍ തങ്ങള്‍പ്പാറയിലാണ് അപകടം ഉണ്ടായത്. കോട്ടയം മെഡിക്കല്‍ കോളേജിലെ ഹൗസ് സര്‍ജന്‍മാരായ ജോസഫ് ജോര്‍ജ്,ആന്റോ,അനീഷ്,രതീഷ് എന്നിവരാണ് മരിച്ചത്. പരിക്കേറ്റ അല്‍ഫോണ്‍സ്, വിഷ്‌ണു ദയാല്‍ എന്നിവരെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ 1200 അടി താഴ്‌ചയിലേക്ക് മറിയുകയായിരുന്നു. നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം തുടങ്ങിയത്. ജനവാസം കുറവുള്ള മേഖലയാണിവിടെ. പത്തു മണിക്ക് അപകടം നടന്നെങ്കിലും 12 മണിയോടെയാണ് നാട്ടുകാര്‍ വിവരം അറിയുന്നത്. ഏറെ പണിപ്പെട്ട് മണിക്കൂറുകള്‍ക്കു ശേഷമാണ് കാറിനുളളില്‍ ഉണ്ടായിരുന്നവരെ പുറത്തെടുത്തത്. കോട്ടയത്തെയും ഇടുക്കിയിലെയും പോലീസ്, അഗ്നിശമന സേനാ യൂണിറ്റുകളും രക്ഷാപ്രവര്‍ത്തനത്തിന് എത്തിയിരുന്നു. മൃതദേഹങ്ങള്‍ ഇപ്പോള്‍ കോട്ടയം മെഡിക്കല്‍ കോളേജിലാണുള്ളത്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹങ്ങള്‍ പോസ്‌റ്റ് മോര്‍ട്ടം ചെയ്യും. കോട്ടയം മെഡിക്കല്‍ കോളേജില്‍ പൊതുദര്‍ശനത്തിനു വെച്ച ശേഷമായിരിക്കും മൃതദേഹം വീട്ടുകാര്‍ക്ക് വിട്ടു നല്‍കുക.
https://www.facebook.com/Malayalivartha