ഏക മകന്റെ രണ്ടാം പിറന്നാൾ ആഘോഷിച്ച് മണിക്കൂറുകൾക്കുള്ളിൽ ബൈക്കപകടത്തിൽപെട്ട് യുവാവിന് ദാരുണാന്ത്യം, ഗുരുതരാവസ്ഥയിൽ സുഹൃത്ത്

കുളത്തൂരിൽ ബൈക്കപകടത്തിൽപ്പെട്ടു യുവാവിന് ദാരുണാന്ത്യം. കുളത്തൂര്‍ എസ്.എന്‍ നഗര്‍ വടക്കതില്‍ വീട്ടില്‍ ജയചന്ദ്രന്‍ - സതി ദമ്പതികളുടെ മകന്‍ അനുവാണ് (32) മരിച്ചത്. ഏക മകൻ അഥര്‍വ്വിന്റെ രണ്ടാം പിറന്നാൾ ആഘോഷം കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിലായിരുന്നു ബൈക്കപകടത്തിൽപ്പെട്ട് അനു മരണപ്പെടുന്നത്. പിറന്നാള്‍ ആഘോഷത്തിനെത്തിയ സുഹൃത്ത് അശ്വതി നഗറില്‍ സജിയെ അപകടത്തില്‍ ഗുരുതര പരിക്കുകളോടെ കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രി 10.30ന് കഴക്കൂട്ടം ഹൈവേ ജംഗ്ഷനില്‍ ഗുരുപ്രിയ ജുവലറിക്ക് സമീപമായിരുന്നു അപകടം. ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം പിറന്നാള്‍ ആഘോഷത്തിനുശേഷം സുഹൃത്തിന്റെ ഡ്യൂക്ക് ബൈക്കില്‍ പെട്രോള്‍ അടിക്കാനായി ഇവര്‍ ജംഗ്ഷനിലേക്ക് പോയി. പെട്രോള്‍ അടിച്ചശേഷം തിരികെ വരും വഴി ഇവരുടെ ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ തെറിച്ച് റോഡില്‍ വീണ് തലയ്ക്ക് ഗുരുതര പരിക്കേറ്റ ഇരുവരെയും ഉടന്‍ കിംസ് ആശുപത്രിയിലെത്തിച്ചെങ്കിലും അനു മരണപ്പെട്ടു. ബൈപ്പാസില്‍ ബാര്‍ബര്‍ഷോപ്പും ബ്യൂട്ടി പാര്‍ലറും നടത്തുകയാണ് സജി. കഴക്കൂട്ടം പൊലീസ് കേസെടുത്തു.
https://www.facebook.com/Malayalivartha

























