എല്‍.ഡി.എഫിന് വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ മറുപടി നല്‍കുമെന്നുള്ള എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി കെ.സുകുമാരന്‍ നായര്‍ക്ക് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ചുട്ടമറുപടി, വിരട്ടലും ഭയപ്പെടുത്തലും വേണ്ട

എല്‍.ഡി.എഫിന് വരുന്ന നിയമസഭാതെരഞ്ഞെടുപ്പില്‍ മറുപടി നല്‍കുമെന്നുള്ള എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി കെ.സുകുമാരന്‍ നായര്‍ക്ക് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ചുട്ടമറുപടി. സുകുമാരന്‍ നായരുടെ വിരട്ടലും ഭയപ്പെടുത്തലും സി.പി.എമ്മിനോട് വേണ്ടെന്നും എന്‍.എസ്.എസ് നിഴല്‍യുദ്ധം അവസാനിപ്പിക്കണമെന്നും കോടിയേരി തിരുവനന്തപുരത്ത് ആവശ്യപ്പെട്ടു. എന്‍.എസ്.എസിന്റെ രാഷ്ട്രീയ നിലപാടിനെതിരെ സമുദായ അംഗങ്ങള്‍ തന്നെ പര്യമായി രംഗത്തെത്തിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. നേതൃത്വം പറയുന്നത് അണികള്‍ അനുസരിക്കുന്നില്ല. സമുദായത്തിന് രാഷ്ട്രീയമുണ്ടെങ്കില്‍ രാഷ്ട്രീയപാര്‍ട്ടി രൂപീകരിക്കുകയാണ് വേണ്ടത്. മുമ്പും അങ്ങനെ ഉണ്ടായിട്ടുണ്ട്. പണ്ട് എന്‍.എസ്.എസ് രൂപീകരിച്ച എന്‍.ഡി.പി കേരളം കണ്ട ഏറ്റവും വലിയ അഴിമതി പാര്‍ട്ടികളില്‍ ഒന്നായിരുന്നെന്നും കോടിയേരി ഓര്‍മിപ്പിച്ചു.
എന്‍.എസ്.എസ് പറഞ്ഞാല്‍ സമുദായ അംഗങ്ങള്‍ പോലും കേള്‍ക്കില്ലെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍ കഴിഞ്ഞദിവസം പറഞ്ഞതാണ് സുകുമാരന്‍ നായരെ ചൊടിപ്പിച്ചത്. എന്‍.എസ്.എസിനെ കുറിച്ച് അറിവില്ലാത്തവരാണ് ഇത്തരം പ്രസ്താവനകള്‍ നടത്തുന്നത്. അവര്‍ക്ക് എന്തൊരു ധാര്‍ഷ്ട്യമാണ്. സംസ്‌കാരമുള്ളവര്‍ പ്രയോഗിക്കുന്ന ഭാഷയാണോ മുഖ്യമന്ത്രിയും മന്ത്രിമാരും ഉപയോഗിക്കുന്നതെന്നും സുകുമാരന്‍ നായര്‍ ചങ്ങനാശേരിയില്‍ ചോദിച്ചു. ഇന്നലെ സി.പി.എം ചങ്ങനാശേരി ഏര്യാകമ്മിറ്റിയുടെ പുതിയ ഓഫീസ് ഉദ്ഘാടനം ചെയ്യാന്‍ പിണറായി വിജയന്‍ ഇന്നലെ വൈകുന്നേരം എത്തും മുമ്പായിരുന്നു സുകുമാരന്‍ നായരുടെ രൂക്ഷവിമര്‍ശനം. ശബരിമല യുവതീപ്രവേശനം വിധിക്ക് അനുകൂലമായി സര്‍ക്കാര്‍ നിലപാട് സ്വീകരിച്ചത് മുതല്‍ എന്‍.എസ്.എസ് നേതൃത്വം ഇടഞ്ഞ്‌നില്‍ക്കുകയാണ്.
കോടതിവിധിയെ തുടര്‍ന്ന് മുഖ്യമന്ത്രി നവോത്ഥാന സംഘടനകളുടെ യോഗം വിളിച്ചെങ്കിലും എന്‍.എസ്.എസ് പങ്കെടുത്തില്ല. മുഖ്യമന്ത്രിക്ക് ധാര്‍ഷ്ട്യവും ധിക്കാരവുമാണെന്നും ഭക്തജനങ്ങളെ വെല്ലുവിളിച്ച് ശബരിമല വിധി ഏകപക്ഷീയമായി നടപ്പാക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും സുകുമാരന്‍ നായര്‍ വാര്‍ത്താസമ്മേളനം വിളിച്ച് ആരോപിച്ചിരുന്നു. ആ വിരട്ടൊന്നും ഇവിടെ ചെലവാകില്ലെന്നും ഇത് സര്‍ക്കാര്‍ വേറെയാണെന്നും കണ്ണുരുട്ടലൊക്കെ അവരോട് മതിയെന്നും സുകുമാരന്‍ നായരുടെ പേരെടുത്ത് പറയാതെ മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടിയും നല്‍കി. അതിന് പിന്നാലെയാണ് ആര്‍.എസ്.എസ് നേതൃത്വത്തിലുള്ള ശബരിമല കര്‍മസമിതി നടത്തിയ അയ്യപ്പജ്യോതിക്ക് എന്‍.എസ്.എസ് പിന്തുണ നല്‍കിയത്. അതോടെ സമുദായത്തെ ആര്‍.എസ്.എസ് പാളയത്തിലെത്തിക്കാനാണ് സുകുമാരന്‍ നായര്‍ ശ്രമിക്കുന്നതെന്ന വിമര്‍ശനവുമായി കോടിയേരി എത്തിയിരുന്നു.
എന്‍.എസ്.എസിന്റെ ഒരു വിരട്ടലിന് മുന്നിലും കീഴടങ്ങേണ്ടെന്നാണ് സി.പി.എം തീരുമാനം. സുകുമാരന്‍ നായരും ശ്രീധരന്‍പിള്ളയും ചേര്‍ന്ന് അവരുടെ രാഷ്ട്രീയ അജണ്ട നടപ്പാക്കാന്‍ ശ്രമിക്കുകയാണെന്നും അത് പൊളിച്ചടുക്കണമെന്നുമാണ് പാര്‍ട്ടി നിലപാട്. ശബരിമലയിലേക്ക് പോയ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനെയും ഹിന്ദുഐക്യവേദി അധ്യക്ഷ കെ.പി ശശികലയേയും പൊലീസ് അറസ്റ്റ് ചെയ്തതിനെതിരെയും എന്‍.എസ്.എസ് രംഗത്ത് വന്നിരുന്നു.
ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസും സി.പി.എമ്മും ഭക്തര്‍ക്കൊപ്പം നിന്നില്ലെന്നും ബി.ജെ.പി- ആര്‍.എസ്.എസ് യുവാക്കള്‍ പോയി അടികൊണ്ടത് കൊണ്ടാണ് യുവതീപ്രവേശനം സാധ്യമാകാഞ്ഞതെന്നും എന്‍.എസ്.എസ് പ്രസിഡന്റ് നരേന്ദ്രനാഥന്‍ നായര്‍ യുവതീപ്രവേശനത്തിന് മുമ്പ് ചെങ്ങന്നൂരില്‍ പരസ്യമായി പ്രസംഗിച്ചിരുന്നു. പണ്ട് ആര്‍.എസ്.എസ് എന്ന് കേട്ടാല്‍ ഭയപ്പെട്ടിരുന്നെന്നും ഇന്ന് അക്കാലം കഴിഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതെല്ലാം സി.പി.എമ്മിനെ ചൊടിപ്പിച്ചിരുന്നു. തുടര്‍ന്നാണ് എന്‍.എസ്.എസിന്റെ നാമജപത്തിനെതിരെ ഒന്നും പ്രതികരിക്കാതിരുന്ന സി.പി.എമ്മും സര്‍ക്കാരും കര്‍ക്കശനിലപാടെടുത്തത്.
https://www.facebook.com/Malayalivartha

























