സര്‍ക്കാര്‍ സ്‌കൂളുകള്‍ കൊതിയോടെ നോക്കട്ടെ, മാനേജ്‌മെന്റുകള്‍ക്ക് ഇത് കൊയ്‌ത്തുകാലം, ഒറ്റയടിക്ക് 1083 എയ്‌ഡഡ് സ്‌കൂള്‍ അധ്യാപകര്‍ക്ക് സ്ഥിര നിയമനം

എയ്‌ഡഡ് മേഖലയില്‍ 2011-12 കാലത്തെ 690 സ്‌കൂളുകളിലെ 1083 അധ്യാപകരുടെ സ്ഥിര നിയമനത്തിന് സര്‍ക്കാര്‍ അംഗീകാരം നല്‍കി. മന്ത്രിസഭാ യോഗമാണ് ഇത്രയും അധ്യാപകരെ ഒരുമിച്ച് നിശ്ചയിക്കാനുള്ള അംഗീകാരം നല്‍കിയത്. മാനേജ്‌മെന്റ് യഥേഷ്‌ടം നിയമിച്ച അധ്യാപകാണ് ഇവരെല്ലാം. ഇവരുടെ നിയമനത്തിന് സര്‍ക്കാരിന് യാതൊരു പങ്കുമില്ല. മാനേജ്‌മെന്റ് നിയമിക്കുന്നു. സര്‍ക്കാര്‍ അംഗീകാരം നല്‍കുന്നു, കൃത്യമായി ശമ്പളം നല്‍കുന്നു... അത്രതന്നെ.
ലക്ഷക്കണക്കിന് രൂപയാണ് ഓരോ അധ്യാപകരുടേയും നിയമനത്തിനായ് മാനേജ്‌മെന്റ് വാങ്ങുന്നത്. തുശ്ചമായ ശമ്പളമാണ് പല മാനേജ്‌മെന്റുകളും സ്ഥിരമല്ലാത്ത അധ്യാപകര്‍ക്ക് നല്‍കുന്നത്. മാനേജ്‌മെന്റുകള്‍ കൊടുത്ത ലിസ്റ്റ് അതേപടി സര്‍ക്കാര്‍ അംഗീകരിച്ചതോടെ മാനേജ്‌മെന്റ് പ്രതീക്ഷിക്കാത്ത പല അധ്യാപകരും സ്ഥിരമാകാന്‍ പോകുകയാണ്. ഇത് മുന്നില്‍ കണ്ട് ചെറിയ സംഭാവന മാത്രം വാങ്ങി നിയമിച്ച അധ്യാപകരോടെല്ലാം ലക്ഷങ്ങള്‍ കോഴ നല്‍കണമെന്ന് പല മാനേജ്‌മെന്റുകളും ഇതിനോടകം ആവശ്യപ്പെട്ടു കഴിഞ്ഞു. ഇരുപതിനായിരം മുതല്‍ ശമ്പളമല്ലേ കിട്ടാന്‍ പോകുന്നത്, പിന്നെന്തിനാ തരാന്‍ മടിക്കുന്നതെന്നാണ് പല മാനേജ്‌മെന്റുകളും ചോദിക്കുന്നത്.
ഇത്രയേറെ അധ്യാപകരെ ഒറ്റയടിക്കെടുക്കുമ്പോളുള്ള സര്‍ക്കാരിന്റെ ബാധ്യത വലുതാണ്. കോടിക്കണക്കിന് രൂപ ഇവരുടെ ശമ്പളത്തിന് മാത്രമായി കണ്ടെത്തണം. സര്‍ക്കാര്‍ സ്‌കൂളുകളില്‍ അധ്യാപകരില്ലാതെ നെട്ടോട്ടമോടുമ്പോഴും അതൊന്നും കണ്ടില്ലെന്ന മട്ടിലാണ് ഈ തീരുമാനം.
https://www.facebook.com/Malayalivartha