കണ്ണൂരില്‍ വാഹനപരിശോധനയ്ക്കിടെ ബ്രൗണ്‍ ഷുഗറുമായി രണ്ട് യുവാക്കള്‍ പോലീസ് പിടിയില്‍

ബ്രൗണ്‍ ഷുഗറുമായി രണ്ട് യുവാക്കള്‍ പോലീസ് പിടിയില്‍. കണ്ണൂര്‍ സിറ്റി നാലുവയലിലെ പുല്ലോനന്ദന്‍ ഇര്‍ഷാദ് (29), തൃശൂര്‍ പുല്ലോട്ട് പഴുക്കുന്നത്ത് ടി.സി. ഷോബിന്‍ (22) എന്നിവരെയാണ് ടൗണ്‍ എസ്‌ഐ ശ്രീജിത്ത് കൊടേരി, എഎസ്‌ഐ ഹാരിസ് എന്നിവര്‍ ചേര്‍ന്ന് പിടികൂടിയത്. ഇവരില്‍ നിന്ന് 27 പൊതി മയക്കു മരുന്നാണ് പിടിച്ചെടുത്തത്.
ഇന്നു രാവിലെ കണ്ണൂര്‍ മാര്‍ക്കറ്റ് റോഡില്‍ വാഹന പരിശോധനയ്ക്കിടെ അശ്രദ്ധമായി ഓടിച്ചുവന്ന കാറിന് പോലീസ് കൈനീട്ടി നിര്‍ത്താന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍, കാര്‍ നിര്‍ത്താതെ ചാലാട് ഭാഗത്തക്ക് വളരെ വേഗതയില്‍ ഓടിച്ചുപോയി. വാഹനത്തെ പിന്തുടര്‍ന്ന പോലീസ് ചാലാട് ടൗണില്‍ വച്ച് കാറിന് കുറുകെ പോലീസ് ജീപ്പ് നിര്‍ത്തി.
പ്രതികള്‍ ഓടിപോകാന്‍ ശ്രമിക്കുന്നതിനിടെ എസ്‌ഐ പിടികൂടുകയായിരുന്നു. തുടര്‍ന്ന് വാഹന പരിശോധന നടത്തിയപ്പോഴാണ് കാറിന്റെ ഡാഷ് ബോര്‍ഡില്‍ ചെറിയ പൊതികളായി സൂക്ഷിച്ച 27 പായ്ക്കറ്റ് ബ്രൗണ്‍ ഷുഗര്‍ കണ്ടെടുത്തത്.
പ്രതികളുടെ മറ്റു ബന്ധങ്ങളെക്കുറിച്ചും ബ്രൗണ്‍ഷുഗര്‍ എത്തിക്കുന്ന ഏജന്റുമാരെക്കുറിച്ചും വിശദമായ അന്വേഷണം നടക്കുകയാണ്.
"
https://www.facebook.com/Malayalivartha

























