ചിതറയിൽ കൊല്ലപ്പെട്ട സിപിഎം പ്രവര്‍ത്തകന്റെ മരണം രാഷ്ട്രീയ കൊലപാതകം; ഇനിയെങ്കിലും കോണ്‍ഗ്രസ് കൊലക്കത്തി താഴെവെയ്ക്കണമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍

കൊല്ലം ചിതറയിൽ സിപിഎം പ്രവര്‍ത്തകന്റെ മരണം രാഷ്ട്രീയ കൊലപാതകമാണെന്നും കോണ്‍ഗ്രസ് കൊലക്കത്തി താഴെവെയ്ക്കണമെന്നും സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കൊല്ലത്ത് സിപിഎം പ്രവര്‍ത്തകര്‍ പക വെച്ച് ആക്രമിക്കപ്പെടുകയാണെന്നും പെരിയ ഇരട്ടകൊലപാതകത്തിന്റെ തിരിച്ചടിയെന്ന നിലയിലാണ് കോണ്‍ഗ്രസിന്റെ അക്രമമെന്നും എന്നാല്‍ കൊല്ലത്തെ കൊലപാതകത്തിനു തിരിച്ചടി നല്‍കാന്‍ സിപിഎം അഗ്രഹിക്കുന്നില്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
കാസര്‍കോട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതിന്റെ തിരിച്ചടിയാണ് ചിതറയില്‍ ഉണ്ടായത്. കാസര്‍കോട് കൊലപാതകത്തിന് തിരിച്ചടി ഉണ്ടാകുമെന്ന് കോണ്‍ഗ്രസ് ഭീഷണി മുഴക്കിയിരുന്നു. കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കാന്‍ കോണ്‍ഗ്രസ് ഇനിയെങ്കിലും തയ്യാറാകണം.
കമ്മ്യൂണിസ്റ്റുകാര്‍ കൊല്ലപെടുമ്പോള്‍ മാത്രം അതിനെ വാക്ക് തര്‍ക്കമായി വ്യാഖ്യാനിക്കുകയാണ്. ആര്‍എസ്എസും കോണ്‍ഗ്രസും തുടര്‍ച്ചയായി അക്രമസംഭവങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലുള്ളവരാണ് കേരളത്തില്‍ ഏറ്റവുമധികം കൊലചെയ്യപ്പെട്ടിട്ടുള്ളത്. കൊലപാതകത്തിന്റെ കണക്കുകള്‍ പറയാന്‍ ഉദ്ദേശിക്കുന്നില്ല. കോണ്‍ഗ്രസുകാര്‍ കൊലക്കത്തി താഴെ വയ്ക്കാന്‍ തയ്യാറല്ലെന്ന സൂചനയാണ് ഇന്നലത്തെ കൊലപാതകം തെളിയിക്കുന്നത്. കോണ്‍ഗ്രസും ആര്‍എസ്എസും കൊലപാതകം ചെയ്താല്‍ രാഷ്ട്രീയ കൊലപാതകം ആകാത്തതെന്താണെന്നും കോടിയേരി ബാലകൃഷ്ണന്‍ ചോദിച്ചു. കൊല്ലം ജില്ലയില്‍ അടുത്തിടെ കോണ്‍ഗ്രസ് നടത്തുന്ന രണ്ടാമത്തെ രാഷ്ട്രീയ കൊലപാതകമാണിതെന്നും കോണ്‍ഗ്രസിനുവേണ്ടി പ്രവര്‍ത്തിക്കുന്ന കൊലയാളിസംഘങ്ങള്‍ കൊല്ലം ജില്ലയിലുണ്ടെന്നും കോടിയേരി ആരോപിച്ചു.ചിതറ കൊലപാതകത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ സംയമനം പാലിക്കണം. സിപിഎം പ്രവര്‍ത്തകര്‍ ഒരു തരത്തിലുള്ള അക്രമപ്രവര്‍ത്തനവും നടത്തരുതെന്നും കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു.
ചിതറ വളവുപച്ച മഹാദേവര്‍കുന്ന് തടത്തരികത്ത് വീട്ടില്‍ മുഹമ്മദ് ബഷീര്‍ (70) ആണ് കുത്തേറ്റ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് മൂന്നിനായിരുന്നു സംഭവം. സംഭവവുമായി ബന്ധപ്പെട്ട് വളവുപച്ച കൊച്ചു കോടാനൂര്‍ മുബീനാ മന്‍സിലില്‍ ഷാജഹാനെ (60) കടയ്ക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തു. ബഷീര്‍ വീട്ടിലേക്ക് മടങ്ങുമ്പോള്‍ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാവുകയും ഇതിനുപിന്നാലെ ഷാജഹാന്‍ ബഷീറിനെ വീട്ടിലെത്തി കുത്തിയെന്നുമാണ് പോലീസ് അറിയിച്ചത്. എന്നാല്‍ വാക്കുതര്‍ക്കത്തിനൊടുവില്‍ ഇരട്ടപ്പേര് വിളിച്ചതിനാണ് ഷാജഹാന്‍ ബഷീറിനെ കുത്തിയതെന്നും ആരോപണമുണ്ട്.
സംഭവം രാഷ്ട്രീയകൊലപാതകമാണെന്ന് സി.പി.എം. കഴിഞ്ഞദിവസം തന്നെ ആരോപണമുന്നയിച്ചിരുന്നു. ബഷീറിന്റേത് രാഷ്ട്രീയ കൊലപാതകമാണെന്ന് ആരോപിച്ച സിപിഎം ഇന്ന് ചിതറ പഞ്ചായത്തില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha

























