ആദിവാസിഭൂമി: പാക്കേജിന് അംഗീകാരം

ആദിവാസികളുടെ ഭൂമിവിതരണവുമായി ബന്ധപ്പെട്ട പാക്കേജിനു മന്ത്രിസഭായോഗം അംഗീകാരം നല്‍കി. കുടിയിറക്കപ്പെട്ട ആദിവാസികള്‍ക്കുള്ള നഷ്ടപരിഹാരം ഉള്‍പ്പെടുന്നതാണു പാക്കേജ്. പാക്കേജ് ആദിവാസി സംഘടനകള്‍ അംഗീകരിച്ചതോടെ 162 ദിവസം നീണ്ടുനിന്ന സെക്രട്ടേറിയറ്റിനു മുന്നിലെ നില്‍പ്പുസമരത്തിന് അവസാനമായി. സംഘടനാ നേതാക്കളുമായി ചര്‍ച്ച ചെയ്തശേഷം സമരം ഇന്നു പിന്‍വലിക്കുമെന്നു സി.കെ. ജാനു പറഞ്ഞു.
കേന്ദ്ര സര്‍ക്കാരും സുപ്രീം കോടതിയും അനുമതി നല്‍കിയ 7693 ഹെക്ടര്‍ നിക്ഷിപ്ത വനഭൂമി ആദിവാസികള്‍ക്കു പതിച്ചുനല്‍കാന്‍ വിജ്ഞാപമിറക്കുമെന്നു മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രത്തിന്റെ കണക്കനുസരിച്ചു 1500 ഹെക്ടര്‍ വനഭൂമി വാസയോഗ്യമല്ല. ആദിവാസി പ്രതിനിധികളും സര്‍ക്കാരും സംയുക്തമായി പരിശോധന നടത്തി ഭൂമി വാസയോഗ്യമാണെന്നു കണ്ടെത്തിയാല്‍ ഈ ഭൂമിയും ആദിവാസികള്‍ക്കു നല്‍കാന്‍ നടപടിയെടുക്കും.
വനാവകാശം കൊടുത്തതിന്റെ പേരിലും പട്ടികവര്‍ഗക്കാര്‍ അല്ലാത്തവര്‍ കൈയേറിയതിന്റെ പേരിലും ആദിവാസികള്‍ക്കു കുറവുവന്ന ഭൂമി കൂട്ടിച്ചേര്‍ക്കാന്‍ കേന്ദ്രത്തിനു നിര്‍ദേശം നല്‍കും. കേരള ആദിവാസി ഊരുഭുമി പട്ടികവര്‍ഗ മേഖലയില്‍ ഉള്‍പ്പെടുത്തി പെസ (പഞ്ചായത്ത് എക്‌സ്റ്റന്‍ഷന്‍ ടു ഷെഡ്യൂള്‍ഡ് എരിയ) അക്ട് നടപ്പിലാക്കും. പട്ടികവര്‍ഗ വിഭാഗക്കാര്‍ 40 ശതമാനത്തില്‍ കൂടുതലുള്ള സ്ഥലങ്ങളെ പ്രത്യേക പഞ്ചായത്തുകളാക്കി തിരിക്കാനാണു നിയമത്തില്‍ അനുശാസിക്കുന്നത്. എന്നാല്‍ കേരളത്തിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഇടമലക്കുടി, ആറളം മുതലായ നൂറു ശതമാനവും ആദിവാസി വിഭാഗങ്ങള്‍ താമസിക്കുന്ന സ്ഥലങ്ങളിലും സമാനമായ ആദിവാസി ഊരുകളിലും നിയമം നടപ്പിലാക്കും. ഇവിടങ്ങളില്‍ ആദിവാസികളെ മാത്രം ഉള്‍കൊള്ളിച്ചു പഞ്ചായത്തുകള്‍ നിലവില്‍വരും. ആദിവാസി ഭരണസമിതിയുടെ അനുമതിയോടെ മാത്രമേ ഇവിടങ്ങളിലെ ഭൂമി കൈമാറ്റം നടത്താന്‍ കഴിയൂ.
മുത്തങ്ങ പ്രശ്‌നത്തില്‍ കുടിയിറക്കപ്പെട്ട ആദിവാസികളെ പുനരധിവസിപ്പിക്കുന്നതിനായി പ്രത്യേക പദ്ധതി നടപ്പിലാക്കും. 447 കുടുംബങ്ങളാണ് ഇത്തരത്തിലുള്ളത്. ഇവര്‍ക്ക് ഒരു ഏക്കര്‍ വീതം നല്‍കും. വീടു നിര്‍മ്മിക്കുന്നതിനായി രണ്ടര ലക്ഷം രൂപയും നല്‍കാന്‍ തീരുമാനമായി. ആദിവാസി സമരങ്ങളുടെ ഭാഗമായി ജയിലില്‍ പോയ 44 കുട്ടികള്‍ക്ക് ഒരു ലക്ഷംരൂപ ധനസഹായം നല്‍കും. കൂടുതല്‍ കുട്ടികളുണ്ടെങ്കില്‍ അവര്‍ക്കും ധനസഹായം നല്‍കുമെന്നു മുഖ്യമന്ത്രി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha