കെ.കെ. ശൈലജ ടീച്ചര്‍ എഴുതിയ പ്രതിരോധത്തിന്റെ ദിനങ്ങള്‍, പാഠങ്ങള്‍ പ്രകാശനം മുഖ്യമന്ത്രി നിര്‍വഹിക്കുന്നു

ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ എഴുതിയ 'പ്രതിരോധത്തിന്റെ ദിനങ്ങള്‍ പാഠങ്ങള്‍' എന്ന പുസ്തകത്തിന്റെ ഔപചാരികമായ പ്രകാശനം മാര്‍ച്ച് 9ന് രാവിലെ 11 മണിക്ക് കോഴിക്കോട് കേശവമോനോന്‍ ഹാളില്‍ വച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുന്നു. പ്രമുഖ സാഹിത്യകാരന്‍ ടി. പത്മനാഭന്‍ ചടങ്ങില്‍ പങ്കെടുക്കും. മാതൃഭൂമി ബുക്‌സ് പുറത്തിറക്കുന്ന ഈ പുസ്തകത്തിന്റെ അവതാരിക എഴുതിയിരിക്കുന്നത് മുഖ്യമന്ത്രിയാണ്.
11 അധ്യായങ്ങളിയാണ് പുസ്തകം എഴുതിയിട്ടുള്ളത്. അപ്രതീക്ഷിതമായ നിപ വൈറസ് ബാധ മുതല്‍ രാക്ഷസവൈറസിനെ തുരത്തിയതുവരെയുള്ള കാര്യങ്ങള്‍ അനുഭവത്തിന്റെ ഓര്‍മ്മക്കുറിപ്പായിട്ടാണ് രചന നിര്‍വഹിച്ചിട്ടുള്ളത്.
കോഴിക്കോട് പൊട്ടിപ്പുറപ്പെട്ട വൈറസ് നിപയാണെന്നു സ്ഥിരീകരിച്ചപ്പോള്‍ത്തന്നെ ജനങ്ങളുടെ ആശങ്കകള്‍ ദൂരീകരിക്കുക, രോഗികളോടൊപ്പം ആശുപത്രിജീവനക്കാരുടേയും ജീവന്‍ സംരക്ഷിക്കുക എന്നിങ്ങനെ വലിയ വെല്ലുവിളിയാണ് ഉയര്‍ന്നത്. പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ രോഗിയെ പരിചരിച്ച നഴ്‌സ് ലിനിക്ക് രോഗം ബാധിച്ചത് അങ്ങേയറ്റം ഉത്കണ്ഠാജനകമായ മറ്റൊരു കാര്യമായി മാറി. കോഴിക്കോടുനിന്നും നിപ വൈറസ് ബാധ മലപ്പുറത്തെത്തിയത് വീണ്ടും ആശങ്കയുണര്‍ത്തി. ഇങ്ങനെ ആരോഗ്യ മന്ത്രി എന്ന നിലയിലും വ്യക്തിപരമായും നേരിട്ട സങ്കീര്‍ണ പ്രശ്‌നങ്ങളും മാനസികാവസ്ഥയുമെല്ലാം ഈ അനുഭവ കുറുപ്പില്‍ പ്രതിപാദിക്കുന്നുണ്ട്.
പ്രിയപ്പെട്ട ലിനി അടക്കം കൊലയാളി വൈറസിന്റെ ആക്രമണത്തില്‍ ജീവന്‍ വെടിയേണ്ടി വന്ന സഹോദരങ്ങളുടെ വേര്‍പാടിലുള്ള ദു:ഖം രേഖപ്പെടുത്തിക്കൊണ്ടാണ് കെ.കെ. ശൈലജ ടീച്ചര്‍ ഈ അനുഭവക്കുറിപ്പ് വായനക്കാരുടെ മുമ്പാകെ സമര്‍പ്പിക്കുന്നത്.
https://www.facebook.com/Malayalivartha

























