ദേശാഭിമാനി എഡിറ്റോറിയലില്‍ രാഹുല്‍ഗാന്ധിയെ 'പപ്പു' എന്ന് പ്രയോഗത്തിനെതിരെ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രജേന്ദ്രന്‍ രംഗത്ത്. രാഹുല്‍ ഗാന്ധിയെ വിമര്‍ശിക്കുമ്പോള്‍ അസഹിഷ്ണുത വേണ്ടെന്നും. ഭാഷ അത് പ്രയോഗിക്കുന്നവര്‍ തന്നെ തീരുമാനിക്കണമെന്നും കാനം പറഞ്ഞു. കേസരി ജേര്‍ണലിസ്റ്റ് ട്രസ്റ്റ് സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഹുല്‍ ഗാന്ധിയെ പപ്പുവെന്ന് വിളിച്ച സി.പി.എം മുഖപത്രത്തില്‍ മുഖപ്രസംഗം വിവാദയിരുന്നു. വലിയ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് പരാമര്‍ശത്തെ തള്ളി സി.പി.എം നേതൃത്വവും ദേശാഭിമാനി റസിഡന്റ് എഡിറ്റര്‍ പി.എം മനോജും രംഗത്തുവന്നിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനവും പരിശോധിക്കപ്പെടുമെന്നും കാനം പറഞ്ഞു. എന്നാല്‍ കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള വിധിയെഴുത്താകും തെരഞ്ഞെടുപ്പു ഫലം. നരേന്ദ്രമോദി സര്‍ക്കാരിനെ പുറത്താക്കുക എന്നതാണ് ഇടതുപക്ഷത്തിന്റെ പ്രധാന അജണ്ട. ബിജെപിയെ വിമര്‍ശിക്കുന്ന കോണ്‍ഗ്രസ് രാജ്യത്തു പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യം തകര്‍ത്തു. രാഹുല്‍ ഗാന്ധി വയന്നാട്ടില്‍ മത്സരിക്കുന്നതില്‍ പ്രത്യേകതയൊന്നും കാണുന്നില്ല. തെരഞ്ഞെടുപ്പു ഫലം പുറത്തുവരുമ്പോള്‍ അതു മനസിലാകുമെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥിക്കെതിരെ എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍ നടത്തിയ പരാമര്‍ശം ഒഴിവാക്കേണ്ടതായിരുന്നു. നേതാക്കള്‍ വാക്കുകളില്‍ നിയന്ത്രണം പാലിക്കണമെന്നും കാനം പറഞ്ഞു. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് കാനം സി.പി.എമ്മിനെതിരെ വാളോങ്ങിയത്. സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനം പരിശോധിക്കപ്പെടുമെന്ന് പറഞ്ഞത് പിണറായിക്കെതിരെയുള്ള പരോക്ഷവിമര്‍ശനമാണ്. പാര്‍ട്ടിയില്‍ അപ്രമാദിത്വം നഷ്ടപ്പെട്ട കാനത്തെ നോക്കുകുത്തിയാണ് സി.പി.എം ഇടപെട്ട് സി. ദിവാകരനെ തിരുവനന്തപുരം സ്ഥാനാര്‍ത്ഥിയാക്കിയത്. കൊല്ലം ജില്ലാ സെക്രട്ടറിയെ മാറ്റാന്‍ ചെന്ന കാനത്തെ ജില്ലാ നേതാക്കള്‍ തുരത്തിയതോടെയാണ് സംസ്ഥാന സെക്രട്ടറിയുടെ എല്ലാ പിടിവള്ളികളും അയഞ്ഞത്. അതോടെ കാനം സി.പി.എം വിമര്‍ശനവും ഇല്ലാതാക്കി. മുന്‍ മന്ത്രി തോമസ് ചാണ്ടി നിലംനികത്തിയ സംഭവത്തില്‍ രാജിവയ്ക്കാത്തതിനെ തുടര്‍ന്ന് സി.പി.ഐ മന്ത്രിമാരെ ക്യാമ്പിനെറ്റ് യോഗത്തില്‍ പങ്കെടുപ്പിക്കാന്‍ പോലും കാനം അനുവദിച്ചിരുന്നില്ല.തിരുവനന്തപുരം ലാ അക്കാദമി പ്രശ്‌നത്തിലും കാനം ശക്തമായ നിലപാട് സ്വീകരിച്ചിരുന്നു. അവസാനം സി.പി.ഐയുടെ പിടിവാശിക്ക് വഴങ്ങി പ്രിന്‍സിപ്പല്‍ സ്ഥാനത്ത് നിന്ന് ലക്ഷ്മിനായരെ നീക്കിയിരുന്നു. പിന്നീട് നിലമ്പൂരില്‍ മാവോയിസ്റ്റ് നേതാവ് കുപ്പുദേവരാജിനെയും അജിതയെയും വ്യാജ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയതിനെതിരെയും കാനം രംഗത്ത് വന്നിരുന്നു. മുമ്പ് ഇ.എം.എസും മാവോയിസ്റ്റ് വേട്ട നടത്തിയിട്ടുണ്ടെന്നായിരുന്നു അന്നത്തെ പ്രധാന വിമര്‍ശനം. എന്തായാലും തെരഞ്ഞെടുപ്പ് വേളയില്‍ തന്നെ കാനം തലപൊക്കിയത് ഇരുവരും തമ്മിലുള്ള ബന്ധത്തില്‍ അസ്യാരസ്യങ്ങളുണ്ടാകുമോ എന്ന് കാത്തിരുന്ന് കാണാം.