സര്‍ക്കാര്‍ തരിശുഭൂമി കയ്യേറി അനാശാസ്യം; കെട്ടിയിരുന്ന ടെന്റുകള്‍ തീയിട്ട് നശിപ്പിച്ചു രേണു രാജ്

മലമുകളില്‍ സര്‍ക്കാര്‍ തരിശുഭൂമി കയ്യേറി ടെന്റുകള്‍ കെട്ടി രാത്രി കാലങ്ങളില്‍ ഡിജെ പാര്‍ട്ടിയും അനാശാസ്യ പ്രവര്‍ത്തനങ്ങളും നടക്കുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് കര്‍ശന നടപടിയിലൂടെ വീണ്ടും ഉറച്ച നിലപാട് വ്യക്തമാക്കിയിരിക്കയാണ് സബ്കലക്ടര്‍ ഡോ.രേണു രാജ്.
റവന്യു ഉദ്യോഗസ്ഥരും ഭൂസംരക്ഷണ സേനയും നടത്തിയ പരിശോധനയിലാണ് പള്ളിവാസല്‍ കല്ലാറില്‍ നിന്ന് അഞ്ചു കിലോമീറ്റര്‍ ദൂരെ മലമുകളില്‍ മൂലേപ്പള്ളി എന്ന സ്ഥലത്ത് ആധുനിക സൗകര്യങ്ങളോടെ പ്രവര്‍ത്തിക്കുന്ന കേന്ദ്രം ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്.
ഇവിടെ എത്തുന്നവര്‍ക്ക് താമസിക്കാനായി രണ്ടു വലിയ താല്‍ക്കാലിക ഷെഡ്ഡുകളും വിദേശ നിര്‍മിതമായ 8 ടെന്റുകളും സ്ഥാപിച്ചിരുന്നു. സൗരോര്‍ജ വിളക്കുകളും സ്ഥാപിച്ചിട്ടുണ്ട്. രാത്രികാലങ്ങളില്‍ ഇവിടെ എത്തുന്നവര്‍ക്ക് മദ്യവും ലഹരി മരുന്നുകളും വിതരണം ചെയ്തിരുന്നതായും അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നതായും നാട്ടുകാര്‍ പരാതിപ്പെട്ടിരുന്നു.
ഇതേത്തുടര്‍ന്ന് സബ് കലക്ടറുടെ നിര്‍ദേശപ്രകാരം മൂന്നാര്‍ റവന്യു സ്‌പെഷല്‍ ഇന്‍സ്‌പെക്ടര്‍ പി.കെ.ഷെഫീക്കിന്റെ നേതൃത്വത്തില്‍ ഭൂസംരക്ഷണ സേനയുടെ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് ഈ കേന്ദ്രം കണ്ടെത്തിയത്.
തുടര്‍ന്ന് ഇവിടെ ഉണ്ടായിരുന്ന ഷെഡ്ഡുകളും ടെന്റുകളും തീയിട്ട് നശിപ്പിച്ചു. ഉദ്യോഗസ്ഥരെ കണ്ട് ഇവിടെ ഉണ്ടായിരുന്ന ഒരാള്‍ ഓടി രക്ഷപ്പെട്ടു. കോതമംഗലം സ്വദേശി ആണ് ഈ കേന്ദ്രം നടത്തിയിരുന്നത് എന്നാണ് സൂചന.
https://www.facebook.com/Malayalivartha

























