തോമാശ്ലീഹാ വന്നില്ലായിരുന്നുവെങ്കിൽ ഞാനിപ്പോ കേശവൻ നായർ; നമ്മള്‍ എല്ലാവരും ഹിന്ദുക്കളാണെന്ന് പിസി ജോർജ്

തോമാശ്ലീഹ വന്നില്ലായിരുന്നുവെങ്കിൽ ഞാനിപ്പോ വല്ല കേശവൻ നായരും ആയിരിന്നിക്കുമെന്ന് പി.സി.ജോർജ് എംഎൽഎ. ബിജെപിയുമായുള്ള അടുപ്പത്തെ വിശദീകരിക്കവെയാണ് പിസി ജോര്‍ജിന്റെ ഈ പ്രതികരണം. ബിജെപിയുമായി അകന്ന് നിൽക്കേണ്ട കാര്യമില്ലെന്നറിയിച്ചാണ് പൂഞ്ഞാർ എംഎൽഎയുടെ ഇത്തരമൊരു പ്രതികരണം. 'നമ്മൾ എല്ലാവരും ഹിന്ദുക്കളാണ് തോമാശ്ലീഹ വന്നില്ലായിരുന്നുവെങ്കിൽ ഞാനിപ്പോള്‍ വല്ല കേശവൻ നായർ ആയിരിക്കും' എന്ന് ബിജെപിയുമായി അടുപ്പത്തെ വിശദീകരിക്കുന്നതിനിടെ പി.സി ജോർജ് പറഞ്ഞു.
പത്തനംതിട്ടയിലും തിരുവനന്തപുരത്തും താമര വിരിയുമെന്നും മോദി തന്നെ അടുത്ത പ്രധാനമന്ത്രിയാകുമെന്നും പിസി ജോര്‍ജ് വ്യക്തമാക്കി. ഈ തെരഞ്ഞെടുപ്പിൽ എൻഡിഎയ്ക്കുള്ള പിന്തുണ പി.സി ജോർജ് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നതാണ്. ഇതിനിടെ കേരള ജനപക്ഷം പിരിച്ചു വിട്ട് പുതിയ പാർട്ടി രൂപീകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്. മകൻ ഷോൺ ജോർജിന് രാജ്യസഭാ അംഗത്വം വാഗ്ദാനം ചെയ്ത് പി.സി. ജോർജിനെ നേതാക്കൾ എൻ ഡി എ യിലെത്തിച്ചു. എൻ ഡി എ സർക്കാർ അധികാരത്തിലെത്തിയാലുടൻ സീറ്റ് നൽകാമെന്നാണ് വാഗ്ദാനം. എന്നാൽ കേന്ദ്രത്തിൽ സർക്കാർ വന്നില്ലെങ്കിലും രാജ്യസഭാ സീറ്റ് വേണമെന്ന ജോർജിന്റ ആവശ്യം ബി ജെ പി അംഗീകരിച്ചു.
അതേ സമയം ജനപക്ഷം നേതാവ് പിസി ജോര്‍ജ് പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം ബിജെപി വേദിയിലെത്തിയതോടെ അദ്ദേഹത്തിന്റെ മണ്ഡലമായ പൂഞ്ഞാറിൽ ജോർജ് ഭക്തർ കയറൂരി. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും അടുത്ത തെരഞ്ഞടുപ്പിൽ താൻ എൻ ഡി എ സ്ഥാനാർത്ഥിയായി പൂഞ്ഞാർ നിന്നും മത്സരിച്ച് ജയിക്കുമെന്നാണ് ജോർജിന്റെ വെല്ലുവിളി.
ഒരു കാരണവശാലും ജോർജിനെ ഇനി നിയമസഭ കാണിക്കില്ലെന്ന വാശിയിലാണ് പി.സി. ജോർജിന്റെ അനുയായികൾ. ക്രൈസ്തവ ഭുരിപക്ഷ മേഖലയായ പൂഞ്ഞാറിൽ നിന്നും സ്വതന്ത്ര സ്ഥാനാർത്ഥിയെന്ന നിലയിൽ തെരഞ്ഞടുത്തയച്ച ജോർജിന്റെ ബിജെ പി പ്രവേശനം നാടിനും നാട്ടാരുമോടുള്ള വഞ്ചനയാണെന്ന് പ്രവർത്തകർ പറയുന്നു. എന്നാൽ യു ഡി എഫിലും എൽ ഡി എഫിലും ചേക്കേറാൻ ശ്രമിച്ച ജോർജ് അവിടൊന്നും ബർത്ത് കിട്ടാതായതോടെയാണ് ബിജെപിയിലെത്തിയത്.
കേരള കോൺഗ്രസ് വൈസ് ചെയർമാനായിരിക്കെ അദ്ദേഹം ബി ജെ പി യുമായി ഒരു ചങ്ങല കോർത്തിരുന്നു. അക്കാലത്ത് ബിജെപിയുടെ നേത്യത്വത്തിൽ സംഘടിപ്പിച്ച യോഗത്തിൽ ജോർജ് പങ്കെടുത്ത് മോദിയുടെ ചിത്രം പതിപ്പിച്ച ടീ ഷർട്ടുകൾ വിതരണം ചെയ്തിരുന്നു. ഇതിനെതിരെ അന്ന് കെ എം മാണി രംഗത്ത് എത്തിയെങ്കിലും ജോർജ് കുലുങ്ങിയില്ല. കെ.എം. മാണിയെ എൻ ഡി എയിലെത്തിക്കാനും ജോർജ് ശ്രമിച്ചിരുന്നു. അതിന് മുമ്പ് മാണിയെ ഇടതുപാളയത്തിൽ എത്തിക്കാൻ ശ്രമിച്ചതും ജോർജ് തന്നെയാണ്.
കോഴിക്കോട് കടപ്പുറത്ത് ബിജെപി സംഘടിപ്പിച്ച വിജയ് സങ്കല്‍പ് റാലിയുടെ വേദിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേരളത്തിലെ പ്രധാന എന്‍ഡിഎ-ബിജെപി നേതാക്കള്‍ക്കും ഒപ്പം പിസി ജോര്‍ജും മുന്‍നിരയിലുണ്ടായിരുന്നു.
https://www.facebook.com/Malayalivartha






















