'അവർ കഠിനാധ്വാനികൾ'; രാഹുലിനേയും പ്രിയങ്കയേയും പുകഴ്ത്തി ശിവസേന മുഖപത്രം; ലോക്സഭയിൽ പ്രതിപക്ഷ നേതൃസ്ഥാനം ലഭിക്കാനുള്ള സീറ്റ് കോണ്‍ഗ്രസിനു ലഭിക്കുമെന്ന് ശിവസേന
കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെയും സഹോദരിയും എഐസിസി ജനറൽ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധിയെയും പുകഴ്ത്തി എൻഡിഎ സഖ്യകക്ഷിയായ ശിവസേന. ഇരുവരും നന്നായി അധ്വാനിച്ചെന്നും ലോക്സഭയിൽ പ്രതിപക്ഷ നേതൃസ്ഥാനം ലഭിക്കാനുള്ള സീറ്റ് കോണ്‍ഗ്രസിനു ലഭിക്കുമെന്നും ശിവസേന മുഖപത്രമായ സാംനയിൽ എഴുതിയ ലേഖനത്തിൽ പറഞ്ഞു.
മോദി സർക്കാർ വീണ്ടും അധികാരത്തിൽ എത്തുമെന്നു പറയാൻ രാഷ്ട്രീയ പണ്ഡിതനാവേണ്ട ആവശ്യമില്ല. മോദിയെ വീണ്ടും അധികാരത്തിൽ തിരിച്ചെത്തിക്കുന്ന തരത്തിലായിരുന്നു രാജ്യത്തെ സാഹചര്യം. മഹാരാഷ്ട്രയിൽ ബിജെപി-സേന സഖ്യം ചരിത്ര വിജയം നേടുമെന്നും ലേഖലത്തിൽ പറയുന്നു.
ഇതിനുശേഷമാണ് സേന രാഹുലിനെയും പ്രിയങ്കയെയും പുകഴ്ത്തിയത്. അവർ നന്നായി പരിശ്രമിച്ചെന്നും ശക്തമായ പ്രതിപക്ഷമാകാൻ കോണ്‍ഗ്രസിനു കഴിയട്ടെ എന്നും സേന ആശംസിച്ചു. ഇക്കുറി ലോക്സഭയിൽ കോണ്‍ഗ്രസിനു പ്രതിപക്ഷ നേതാവുണ്ടാകുമെന്നും അത് രാഹുലിന്റെ വിജയമാണെന്നും മുഖപ്രസംഗത്തിൽ പറയുന്നു.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 282 സീറ്റ് നേടി ബിജെപി അധികാരത്തിൽ എത്തിയപ്പോൾ കോണ്‍ഗ്രസിനു വെറും 44 സീറ്റ് മാത്രമാണ് ലഭിച്ചത്. ആർക്കും വേണ്ടത്ര സീറ്റ് ലഭിക്കാത്തതിനാൽ പ്രതിപക്ഷ നേതാവിന്റെ സ്ഥാനം ഒരു പാർട്ടിക്കും ലഭിച്ചില്ല. സഭയിലെ ആകെ അംഗങ്ങളുടെ 10 ശതമാനമാണ് പ്രതിപക്ഷ നേതൃസ്ഥാനം ലഭിക്കാൻ ആവശ്യമായുള്ളത്.
https://www.facebook.com/Malayalivartha