രാസവസ്തുക്കള്‍ ഉപയോഗിച്ചു പുകച്ചെടുത്ത തേങ്ങ, ജില്ലാ ഭക്ഷ്യസുരക്ഷാ വകുപ്പു പിടിച്ചെടുത്തു

ജില്ലാ ഭക്ഷ്യസുരക്ഷാ വകുപ്പ്, രാസവസ്തുക്കള്‍ ഉപയോഗിച്ചു പുകച്ചെടുത്ത ഒരു ടണ്‍ തേങ്ങ പിടിച്ചെടുത്തു നശിപ്പിച്ചു. ഇന്നലെ തട്ടാമല മേല്‍പാട്ട് ക്ഷേത്രത്തിനു സമീപത്തെ തേങ്ങാ വ്യാപാര കേന്ദ്രത്തില്‍, രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രാസപ്രയോഗം നടത്തുന്നതു കണ്ടെത്തിയത്.
മൂപ്പെത്താത്ത തേങ്ങ മൂപ്പെത്തിയതായി തോന്നിപ്പിക്കാനായി സള്‍ഫര്‍ ഉപയോഗിച്ചു പുകയിടുന്നതായി ഭക്ഷ്യസുരക്ഷാ വകുപ്പു ജീവനക്കാര്‍ കണ്ടെത്തി. ഇരുമ്പു ഗ്രില്ലുകള്‍ക്കു മുകളില്‍ പച്ചത്തേങ്ങ നിരത്തിയിട്ട ശേഷം താഴെ സള്‍ഫര്‍ നിറച്ച പാത്രം വച്ച് തീ പുകയ്ക്കുകയായിരുന്നു. സള്‍ഫറിന്റെ പുക തേങ്ങയില്‍ പൊതിയുന്നതോടെ മൂപ്പെത്തിയ തേങ്ങകള്‍ക്കു സമാനമായ നിറം ഇവയ്ക്ക് ലഭിക്കും. മൂപ്പെത്തിയ തേങ്ങയെന്നു കരുതി വാങ്ങുന്നവര്‍ വഞ്ചിക്കപ്പെടുകയും ചെയ്യും.
വര്‍ഷങ്ങളായി തേങ്ങാ വ്യാപാരം നടത്തിയിരുന്ന ഇയാള്‍ മുന്‍പും സമാനമായ രീതിയില്‍ തേങ്ങയില്‍ രാസപ്രയോഗം നടത്തിയോയെന്നതു പരിശോധിക്കുമെന്നു ഭക്ഷ്യസുരക്ഷാ വകുപ്പ് അധികൃതര്‍ പറഞ്ഞു. പിടിച്ചെടുത്തു നശിപ്പിച്ച തേങ്ങകള്‍ക്ക് 40000 രൂപ വില വരും. ഇയാള്‍ക്കെതിരെ പിഴ ചുമത്താനുള്ള നടപടിയും പുരോഗമിക്കുകയാണ്.
വിശദമായ തെളിവെടുപ്പിനും മൊഴി രേഖപ്പെടുത്താനുമായി ഹിയറിങ്ങിന് ഹാജരാകാന്‍ ഇയാള്‍ക്കു നോട്ടിസും നല്‍കി. ഇരവിപുരം ഭക്ഷ്യസുരക്ഷാ ഓഫിസര്‍ ഡോ.എം.അഗത, കൊല്ലം സര്‍ക്കിള്‍ ഭക്ഷ്യസുരക്ഷാ ഓഫിസര്‍ എസ്.മാനസ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
https://www.facebook.com/Malayalivartha

























