മൂന്നുവയസ്സുകാരിയും ഒരു വയസ്സുകാരിയും തോട്ടില്‍ മുങ്ങി താഴുന്നത് കണ്ട് ആത്മധൈര്യം കൈവിടാതെ രക്ഷകരായി അമ്മയും അയല്‍ക്കാരിയും

മൂന്നുവയസ്സുകാരിയും ഒരു വയസ്സുകാരിയും തോട്ടില്‍ മുങ്ങി താഴുന്നത് കണ്ട് ആത്മധൈര്യം കൈവിടാതെ രക്ഷകരായി അമ്മയും അയല്‍ക്കാരിയും. തമിഴ്‌നാട് സ്വദേശികളായ രാജേശ്വരിയുടെയും സതീശ(കലൈഞ്ജര്‍)ന്റെയും മക്കളായ മൂന്നുവയസ്സുകാരി തനന്യയും ഒരു വയസ്സുകാരി അനന്യയുമാണ് അദ്ഭുതകരമായി രക്ഷപ്പെട്ടത്. ഇന്നലെ വൈകീട്ട് നാലോടെ ചാവക്കാട് ഇരട്ടപ്പുഴ മണവാട്ടിപ്പാലത്തിനടുത്താണ് സംഭവം നടന്നത്.
ഉറങ്ങിക്കിടന്ന അമ്മയറിയാതെ വീട്ടിനുള്ളില്‍ നിന്ന് പുറത്തുകടന്നതായിരുന്നു കുട്ടികള്‍. മുറ്റത്ത് കളിക്കുന്നതിനിടെ തനന്യയുടെ ചെരിപ്പ് വീടിന് സമീപത്തെ തോട്ടിലേക്കു വീണു. ചെരിപ്പെടുക്കാനുള്ള ശ്രമത്തിനൊടുവില്‍ ഇരുവരും തോട്ടിലേക്കുവീണു.
മക്കളെ വീട്ടിനുള്ളില്‍ കാണാത്തതിനാല്‍ പുറത്തേക്കു വന്ന രാജേശ്വരി കണ്ടത് തനന്യ തോട്ടിലെ വെള്ളത്തില്‍ മുങ്ങിത്താഴുന്നതാണ്. അനന്യ അനക്കമറ്റ് തോട്ടിലെ വെള്ളത്തിലും കരയിലുമായി കിടക്കുകയായിരുന്നു. ഒരു നിമിഷം പകച്ചുനിന്ന രാജേശ്വരി അയല്‍ക്കാരി അജിതയുടെ അടുത്തേക്ക് നിലവിളിച്ചുകൊണ്ടോടി.
രാജേശ്വരിയും അജിതയും ഓടിച്ചെന്ന് എടുക്കുമ്പോള്‍ കുട്ടികള്‍ രണ്ടുപേരും ബോധരഹിതരായിരുന്നു. ആശുപത്രിയിലെത്തിക്കുന്നതിന് മുമ്പുതന്നെ കുട്ടികളുടെ വായിലും മൂക്കിലും കയറിയ ചെളിയും വെള്ളവും അജിത നീക്കംചെയ്തു. അതോടെ ഇരുവരും കരച്ചിലോടെ ഉണര്‍ന്നു. അജിതയുടെ അവസരോചിതമായ ഈ ഇടപെടലാണ് ദുരന്തം ഒഴിവാക്കിയത്.
ഒരു ചുമരിനിരുവശത്തുമുള്ള വാടകവീടുകളിലാണ് രാജേശ്വരിയുടെയും അജിതയുടെയും കുടുംബങ്ങള്‍ കഴിയുന്നത്. രാജേശ്വരിയും സതീശനും വര്‍ഷങ്ങളായി ഇരട്ടപ്പുഴയിലാണ് താമസം. കൂലിപ്പണിക്കാരനായ സതീശന്‍ അപകടസമയത്ത് വീട്ടിലില്ലായിരുന്നു. ഓവാട്ട് സുബ്രഹ്മണ്യന്റെ ഭാര്യയാണ് അജിത. തോട്ടില്‍ നിറയെ ചെളി നിറഞ്ഞ വെള്ളമുണ്ടായിരുന്നു. അപകടത്തിനുശേഷം ആദ്യം വീട്ടുകാരും നാട്ടുകാരും ചെയ്തത് ഓലകൊണ്ട് തോട് മറയ്ക്കുകയാണ്.
https://www.facebook.com/Malayalivartha


























