ഫയലുകള്‍ക്കിടയിലും ചവറ്റുകുട്ടയിലും കെട്ടുകണക്കിന് നോട്ടുകള്‍; കോട്ടയം ആര്‍.ടി ഓഫീസിലെ ഉദ്യോഗസ്ഥൻ ഓടുന്നതിനിടയില്‍ വലിച്ചെറിഞ്ഞ നോട്ടുകൾ കണ്ട് പരിശോധനയ്ക്കെത്തിയ വിജിലന്‍സ് സംഘം ഞെട്ടി...

കോട്ടയം ആര്‍.ടി ഓഫീസിൽ മിന്നൽ പരിശോധനയ്‌ക്കെത്തിയ സംഘം കണ്ടെത്തിയത് ഫയലുകള്‍ക്കിടയിലും ചവറ്റുകുട്ടയിലും കെട്ടുകണക്കിന് നോട്ടുകള്‍. എസ്.പി വി.ജി വിനോദ്‌കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ആര്‍.ടി.ഓഫീസില്‍ ഇന്നലെ വൈകുന്നേരം എത്തിയതോടെയാണ് ഉദ്യോഗസ്ഥര്‍ കൈക്കൂലി പണം ഫയലുകള്‍ക്കിടയിലും ചവറ്റുകൊട്ടയിലും ഒളിപ്പിച്ചുവച്ചത്. ചവറ്റുകൊട്ടയില്‍ നിന്ന് മാത്രമായി കിട്ടിയത് 6780 രൂപയായിരുന്നു. എസ്.പി.യെ കണ്ട് ഓഫീസില്‍ നിന്നും ഇറങ്ങിയോടിയ എം.വി.ഐ പി.ഇ.ഷാജി നോട്ടുകള്‍ ഓടുന്നതിനിടയില്‍ വലിച്ചെറിഞ്ഞു. ഇത് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസിനു മുന്നിലെ ഇടനാഴിയില്‍ ചിതറിക്കിടക്കുകയായിരുന്നു. 870 രൂപയാണ് ഇടനാഴിയില്‍ നിന്ന് പെറുക്കിയെടുത്തത്.
ലൈസന്‍സ് കൃത്യ സമയത്ത് നല്‍കുന്നില്ലെന്നും ആര്‍.സി ബുക്കുകള്‍ കൈകാര്യം ചെയ്യുന്നത് ഏജന്റുമാരാണെന്നുമുള്ള പരാതിയെ തുടര്‍ന്നാണ് വിജിലന്‍സ് സംഘം പരിശോധനയ്ക്കെത്തിയത്. വൈകിട്ട് അഞ്ചു മണിയ്‌ക്ക് ഓഫീസ് സമയത്തിന് ശേഷം ഏജന്റുമാര്‍ക്കു വേണ്ടി അധിക നേരം ഉദ്യോഗസ്ഥര്‍ ഓഫീസില്‍ കറങ്ങുന്നതായും കൃത്യമായ വിവരം വിജിലന്‍സിന് ലഭിച്ചിരുന്നു.
ആര്‍.ടി ഓഫീസിലെ വരാന്തയില്‍ നിന്ന ഏജന്റുമാരെയും വിജിലന്‍സ് ചോദ്യം ചെയ്തു. ഇവരുടെ കൈയില്‍ നിന്ന് വിജിലന്‍സ് സംഘം 90 ആര്‍.സി ബുക്കുകള്‍ പിടിച്ചെടുത്തു. കഴിഞ്ഞ ഏപ്രിലില്‍ ഡ്രൈവിംഗ് ടെസ്റ്റ് പാസായ 372 പേരുടെ ലൈസന്‍സുകള്‍ ഇതുവരെ അയച്ചുകൊടുത്തിട്ടില്ലെന്ന്പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. മദ്യപിച്ച് വാഹനം ഓടിച്ചതിന് ലൈസന്‍സ് സസ്‌പെന്റ് ചെയ്യാന്‍ പൊലീസ് റിപ്പോര്‍ട്ട് നല്‍കിയ എട്ട് പേര്‍ക്ക് നോട്ടീസ് അയച്ചിട്ടില്ല. ലൈസന്‍സ് റദ്ദ് ചെയ്യാന്‍ പൊലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ച അഞ്ചു ലൈസന്‍സുകള്‍ മതിയായ കാരണമില്ലാതെ ഫയലില്‍ സൂക്ഷിച്ചിരുന്നു. ഇതു സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് ഇതുവരെയും സ്റ്റേഷനുകളിലേയ്‌ക്ക് അയച്ചു കൊടുത്തിട്ടുമില്ല.
വിജിലന്‍സ് ഡിവൈ.എസ്.പി എന്‍.രാജന്റെ നേതൃത്വത്തില്‍ സി.ഐമാരായ എ.ജെ തോമസ്, റിജോ പി.ജോസഫ്, വി.എ നിഷാദ്‌മോന്‍, രാജന്‍ കെ.അരമന, ജെര്‍ളിന്‍ വി സ്‌കറിയ, വിജിലന്‍സ് ഉദ്യോഗസ്ഥരായ അജിത് ശങ്കര്‍, ജയചന്ദ്രന്‍, തുളസീധരകുറുപ്പ്, ഷാജി, തോമസ്, ബിനു, സന്തോഷ്, വിന്‍സന്റ് എന്നിവര്‍ അടങ്ങിയ സംഘമാണ് റെയ്ഡ് നടത്തിയത്.
https://www.facebook.com/Malayalivartha


























