കേരള സർവകലാശാലയുടെ പേരിൽ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ് നടക്കുന്നതായി പരാതി....വ്യാജ പ്രവേശന പോർട്ടലുകളിൽ വഞ്ചിതരാകരുതെന്ന് വൈസ് ചാൻസലർ

കേരള സർവകലാശാലയുടെ പേരിൽ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ് നടക്കുന്നതായി പരാതി. വ്യാജ പ്രവേശന പോർട്ടലുകളിൽ വഞ്ചിതരാകരുതെന്ന് വൈസ് ചാൻസലർ പ്രൊഫ. ഡോ. മോഹനൻ കുന്നുമ്മൽ വിദ്യാർത്ഥികൾക്കും അപേക്ഷകർക്കും മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. കേരള സർവകലാശാലയുടെ സ്‌കൂൾ ഓഫ് ഡിസ്റ്റൻസ് എജ്യുക്കേഷൻ (SDE) എന്ന പേരിലുള്ള വ്യാജ വെബ്സൈറ്റിനെതിരെയാണ് സർവകലാശാല മുന്നറിയിപ്പ് നൽകിയിരിട്ടുള്ളത്.
വിദൂര വിദ്യാഭ്യാസ പ്രോഗ്രാമുകളിലേക്കുള്ള വ്യാജ പ്രവേശന വിജ്ഞാപനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുള്ള വെബ്സൈറ്റ്, വിദ്യാർത്ഥികളിൽ നിന്ന് രജിസ്ട്രേഷനും ഓൺലൈൻ പേയ്മെന്റും സ്വീകരിക്കുന്നുണ്ട്.
ഇത് വ്യക്തിഗത വിവരങ്ങൾ ചോർത്തുന്നതിനും സാമ്പത്തിക തട്ടിപ്പ് നടത്തുന്നതിനുമുള്ള സാധ്യത ഉയർത്തുന്നതായി സർവകലാശാല അധികൃതർ മുന്നറിയിപ്പ് നൽകി. അനധികൃത പോർട്ടലിൽ നിന്നുള്ള പ്രവേശന വിജ്ഞാപനങ്ങളോ അപേക്ഷാ ലിങ്കുകളോ പേയ്മെന്റ് ആവശ്യങ്ങളോ വ്യാജമായി കണക്കാക്കേണ്ടതാണ്. വ്യാജ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യുകയോ വ്യക്തിഗത, അക്കാദമിക് വിവരങ്ങൾ നൽകുകയോ രേഖകൾ അപ്ലോഡ് ചെയ്യുകയോ ഏതെങ്കിലും തരത്തിലുള്ള പണമിടപാട് നടത്തുകയോ ചെയ്യരുതെന്ന് സർവകലാശാല നിർദേശിക്കുകയും ചെയ്തു.
പ്രവേശനവുമായി ബന്ധപ്പെട്ടുള്ള വിവരങ്ങൾക്കോ, വ്യക്തിഗത വിവരങ്ങൾ കൈമാറുന്നതിനോ, പണം അടയ്ക്കുന്നതിനോ മുമ്പ് സർവകലാശാലയുടെ ഔദ്യോഗിക വെബ്സൈറ്റ് പരിശോധിക്കണമെന്നും വൈസ് ചാൻസലർ ആവശ്യപ്പെടുകയും ചെയ്തു.
https://www.facebook.com/Malayalivartha


























