കെഎസ്ആർടിസിയുടെ വരുമാനത്തിൽ വർദ്ധനവ്... എറണാകുളം ഡിപ്പോക്ക് ചരിത്ര നേട്ടം

കഴിഞ്ഞ തിങ്കളാഴ്ച കെ.എസ്.ആർ.ടി.സി എറണാകുളം ഡിപ്പോക്ക് ചരിത്ര നേട്ടത്തിന്റെ ദിവസമായിരുന്നു . ഓണം കഴിഞ്ഞുള്ള ആദ്യ പ്രവൃത്തിദിനത്തിൽ ഡിപ്പോയുടെ വരുമാനം 29.88 ലക്ഷത്തിലെത്തി. 29,88,679 രൂപയാണ് ഒറ്റദിവസം കൊണ്ട് ഓടി നേടിയത്.
പ്രതിദിന വരുമാനത്തിൽ 116.07 ശതമാനത്തിന്റെ വർധനവ് രേഖപ്പെടുത്തി. 25,10,000 രൂപ ലക്ഷ്യമിട്ട സ്ഥാനത്താണ് വരുമാനം 29.88 ലക്ഷം കവിഞ്ഞത്. യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് കൂടുതൽ സർവിസുകൾ നടത്തിയും ട്രിപ്പുകളുടെ കാര്യത്തിൽ സമയനിഷ്ഠ പാലിച്ചുമാണ് എറണാകുളം ഡിപ്പോ അഭിമാനാർഹമായ ഈ നേട്ടം കൈവരിച്ചത്.
ഡിപ്പോയിൽ നിന്നുള്ള ആകെ സർവിസുകളുടെ എണ്ണം 83 ആണ്. യാത്രക്കാരുടെ വർദ്ധിച്ച തിരക്ക് കണക്കിലെടുത്ത് 31ാം തീയതി 95 സർവിസുകൾ നടത്തി. അവധി കഴിഞ്ഞ് മടങ്ങുന്ന വിദ്യാർഥികളും ജോലിക്കാരുമായിരുന്നു യാത്രക്കാരിൽ കൂടുതലും. സർവിസുകളുടെ കാര്യത്തിൽ തിരക്ക് മുൻകൂട്ടി കണ്ടുള്ള ആസൂത്രണം നടത്തിയിരുന്നു എന്ന് എറണാകുളം ഡിപ്പോയിലെ എ.ടി.ഒ അജിത് പറഞ്ഞു. ചരിത്രത്തിലെ ഏറ്റവും ഉയർന്ന വരുമാനമാണ് തിങ്കളാഴ്ച രേഖപ്പെടുത്തിയത്.
അതേസമയം ഓണ നാളുകളിലെ മറ്റ് ദിവസങ്ങളിലും പതിവിലും കവിഞ്ഞ വരുമാനമുണ്ടാക്കാനായി ഡിപ്പോക്ക് കഴിഞ്ഞു. ഈ ദിവസങ്ങളിലും ചില റൂട്ടുകളിൽ അധിക സർവീസ് നടത്തി. ഡിപ്പോയിൽ നിലവിലുള്ള 83 സർവിസുകളിൽ 21 എണ്ണം സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ച പ്രിയദർശിനി ബസുകളാണ്. ഇതിൽ കൂടുതലും ഗുരുവായൂർ, പിഴല, ജില്ലയുടെ കിഴക്കൻ പ്രദേശങ്ങൾ എന്നിവിടങ്ങളിലേക്കാണ്. ബജറ്റ് ടൂറിസം സർവിസുകളിലൂടെയും പുതിയ യാത്ര സർവിസുകളിലൂടെയും വരുമാനം ഉയർത്താനാണ് ഡിപ്പോയുടെ ലക്ഷ്യം.
"
https://www.facebook.com/Malayalivartha


























