വിമത എം.എല്‍.എമാരെ അനുനയിപ്പിക്കാന്‍ മുംബയിലെ റിനൈസന്‍സ് ഹോട്ടലിലെത്തിയ കര്‍ണാടക കോണ്‍ഗ്രസ് നേതാവും എം.എല്‍.എയുമായ ഡി.കെ ശിവകുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു

കര്‍ണാടകയില്‍ അധികാരം നിലനിര്‍ത്താനുള്ള കോണ്‍ഗ്രസ് നീക്കങ്ങളെല്ലാം ബി.ജെ.പി പൊളിച്ചടുക്കുന്നു. വിമത എം.എല്‍.എമാരെ അനുനയിപ്പിക്കാന്‍ മുംബയിലെ റിനൈസന്‍സ് ഹോട്ടലിലെത്തിയ കര്‍ണാടക കോണ്‍ഗ്രസ് നേതാവും എം.എല്‍.എയുമായ ഡി.കെ ശിവകുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഹോട്ടലില്‍ മുറി ബുക്ക് ചെയ്ത ശേഷമാണ് ശിവകുമാര്‍ രാവിലെ എത്തിയത്. എന്നാല്‍ ഹോട്ടല്‍ അധികൃതര്‍ ബുക്കിംഗ് ക്യാന്‍സല്‍ ചെയ്തു. ഇത് പൊലീസിന്റെ ഇടപെടല്‍ കൊണ്ടാണെന്ന് ശിവകുമാര്‍ ആരോപിച്ചിരുന്നു. ശിവകുമാര്‍ എത്തിയതിന് പിന്നാലെ അദ്ദേഹത്തിന് ഗോ ബാക്ക് വിളിച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍ ഹോട്ടലിന് മുന്നില്‍ എത്തിയിരുന്നു. ഇതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥ ഉണ്ടായി. തുടര്‍ന്ന് പൊലീസ് ഹോട്ടലിന് അഞ്ഞൂറ് മീറ്റര്‍ ചുറ്റളവില്‍ നിരോധനാഞ്ജ പ്രഖ്യാപിക്കുകയായിരുന്നു. നിരോധനാഞ്ജ ലംഘിച്ചെന്ന് ആരോപിച്ചാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്.
ഹോട്ടലിലേക്ക് പൊലീസ് കടത്തി വിടാത്തതിനെ തുടര്‍ന്ന് മഴയത്ത് ആറുമണിക്കൂറോളം ശിവകുമാര്‍ ഹോട്ടലിന് മുന്നില്‍ കുത്തിയിരുന്നു. പൊലീസ് തന്റെ മൗലിക അവകാശം നിഷേധിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. മൂന്നു ദിവസത്തേക്കാണ് നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുന്നത്. മഹാരാഷ്ട്ര സര്‍ക്കാരും മുഖ്യമന്ത്രിയും വിമത എം.എല്‍.എമാരെ ഒളിപ്പിച്ച് വച്ചിരിക്കുകയാണെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ ആരോപിച്ചു. അതേസമയം എംഎല്‍.എമാരുടെ രാജി സ്പീക്കര്‍ അംഗീകരിക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് കര്‍ണാടക വിധാന്‍ സൗധയ്ക്ക് മുന്നില്‍ അവര്‍ പ്രതിഷേധം സംഘടിപ്പിച്ചു. കേന്ദ്രസര്‍ക്കാര്‍ കര്‍ണാടക ഗവണ്‍മെന്റിനെ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന് ആരോപിച്ച് കോണ്‍ഗ്രസ് രാജ്ഭവനിലേക്ക് മാര്‍ച്ചും നടത്തി.
അങ്ങനെ പ്രതിസന്ധി രൂക്ഷമായി. അതിനിടെ മുന്‍ മുഖ്യമന്ത്രി ബി.എസ്.യെഡിയൂരപ്പയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സംഘം ഗവര്‍ണര്‍ വാജുഭായ് വാലയുമായി കൂടിക്കാഴ്ച നടത്തി. ഭൂരിപക്ഷം നഷ്ടപ്പെട്ട സര്‍ക്കാര്‍ പിരിച്ചുവിടണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി നിവേദനവും കൈമാറി. സ്പീക്കറുടെ നിര്‍ദേശപ്രകാരം എംഎല്‍എമാര്‍ രാജിക്കത്ത് വീണ്ടും അയച്ചു. സ്പീഡ് പോസ്റ്റ് വഴിയാണ് കത്ത് അയച്ചത്. രാജി അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് എം.എല്‍.എമാര്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി അധ്യനായ ബെഞ്ച് നാളെ കേസ് പരിഗണിക്കും. അടിയന്തര സാഹചര്യമായതിനാല്‍ കോടതി ഇടപെടണമെന്ന് എം.എല്‍.എമാര്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മുഗുള്‍ രറോത്തഗി ആവശ്യപ്പെട്ടു.
ഡി.കെ ശിവകുമാറും മിലിന്ദ് ദിയോറയും അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളെ കലിന യൂണിവേഴ്‌സിറ്റി റെസ്റ്റ്ഹൗസിലാണ് പൊലീസ് തടഞ്ഞ് വച്ചിരിക്കുന്നത്. കസ്റ്റഡിയില്‍ ഇരിക്കുന്ന ചിത്രം വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ ട്വിറ്ററിലൂടെ പുറത്ത് വിട്ടു. കര്‍ണാടകത്തില്‍ രാഷ്ട്രീയ പ്രതിസന്ധി പുതിയ കാര്യമല്ല. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ഏറ്റവും വലിയ ഒറ്റകക്ഷിയായ ബി.ജെ.പിയെ സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണര്‍ വിളിച്ചത് മുതല്‍ തുടങ്ങിയതാണ്. യെദ്യൂരപ്പയെ അന്ന് അവിശ്വാസത്തിലൂടെ കോണ്‍ഗ്രസും ജെ.ഡി.എസും പുറത്താക്കിയപ്പോഴേ അവര്‍ കാത്തിരിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha

























