സാമൂഹിക സുരക്ഷ പെന്‍ഷന്‍ അപേക്ഷകരുടെ വീടിന്റെ വലുപ്പവും ഗൃഹോപകരണങ്ങളും പരിശോധിക്കുന്ന 'ഭൗതിക സാഹചര്യങ്ങള്‍ വിലയിരുത്തല്‍' ഉത്തരവ് മരവിപ്പിച്ചു

സാമൂഹിക സുരക്ഷ പെന്‍ഷന്‍ അപേക്ഷകരുടെ വീടിന്റെ വലുപ്പവും ഗൃഹോപകരണങ്ങളും പരിശോധിക്കുന്ന 'ഭൗതിക സാഹചര്യങ്ങള്‍ വിലയിരുത്തല്‍' ഉത്തരവ് മരവിപ്പിച്ചു. പെന്‍ഷന്‍ പട്ടികയില്‍ അനര്‍ഹര്‍ ഏറെയുണ്ടെന്നതിനാല്‍ ഗുണഭോക്താക്കളുടെയും അപേക്ഷകരുടെയും വിവരങ്ങള്‍ പരിശോധിക്കാന്‍ 2017 നവംബറില്‍ ധനവകുപ്പ് നിര്‍ദേശിച്ചിരുന്നു. ഇതു സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരുത്തണമെന്ന് പഞ്ചായത്ത് വകുപ്പ് ഡയറക്ടര്‍ കത്ത് നല്‍കിയതോടെയാണ് പെന്‍ഷന്‍ അപേക്ഷകര്‍ താമസിക്കുന്ന വീടിന്റെ വലുപ്പം, മേല്‍ക്കൂര കോണ്‍ക്രീറ്റാണോ, വീട്ടില്‍ എയര്‍ കണ്ടീഷന്‍, വാഷിങ് മെഷീന്‍, എല്‍.ഇ.ഡി ടെലിവിഷന്‍, എ.സി, വാഹനം എന്നിവയുണ്ടോ എന്നതടക്കമുള്ള കാര്യങ്ങള്‍ നേരിട്ട് പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷമേ തീരുമാനമെടുക്കാവൂ എന്ന് ധനവകുപ്പ് ജോയന്റ് സെക്രട്ടറി ബി. പ്രദീപ് കുമാര്‍ ജൂലൈ ആദ്യവാരം ഉത്തരവിറക്കിയത്.
അപേക്ഷകരുടെ വീട്ടുപകരണങ്ങളടക്കം ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി പരിശോധിക്കുന്നത് ആക്ഷേപത്തിനിടയാക്കുമെന്ന് വിവിധ കോണുകളില്‍നിന്ന് പരാതി ഉയര്‍ന്നതിനുപിന്നാലെ, ഉത്തരവിറങ്ങിയതിന്റെ തൊട്ടടുത്ത ദിവസമാണ് ഈ നിര്‍ദേശങ്ങള്‍ മരവിപ്പിച്ചത്. കുടുംബാംഗങ്ങളുടെ ജീവിതനിലവാരം, സമൂഹത്തിലെ അവരുടെ സ്ഥാനം, കുടുംബത്തിലെ അംഗങ്ങളുടെ ജോലിയും വരുമാനവും, കുടുംബാംഗങ്ങളുടെ കൈവശമുള്ള ഭൂമിയുടെ അളവ് എന്നിവയുള്‍പ്പെടെ പരിശോധിക്കണമെന്ന നിര്‍ദേശം ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ താല്‍ക്കാലികമായി തടഞ്ഞുവെച്ചിരിക്കുന്നു എന്നാണ് ധനവകുപ്പ് തദ്ദേശ സ്ഥാപനങ്ങളോട് വ്യക്തമാക്കിയിരിക്കുന്നത്.
അതേസമയം, പെന്‍ഷന്‍ തുക 1000 രൂപയില്‍നിന്ന് 1100 രൂപയാക്കി വര്‍ധിപ്പിച്ചതിനുപിന്നാലെ പെന്‍ഷന്‍ പട്ടികയിലെ അനര്‍ഹരെ കണ്ടെത്തുന്നതിനു കൊണ്ടുവന്ന വാര്‍ഷിക വരുമാനം ലക്ഷം രൂപയില്‍ കവിയരുത്, അപേക്ഷകന്‍ സര്‍വിസ് പെന്‍ഷണര്‍ ആവരുത്, ആദായനികുതി നല്‍കുന്ന ആളാകരുത് തുടങ്ങിയ നിര്‍ദേശങ്ങള്‍ക്ക് മാറ്റമുണ്ടാവില്ല. നിലവില്‍ സംസ്ഥാനത്ത് സാമൂഹിക സുരക്ഷ പെന്‍ഷന്‍ വാങ്ങുന്ന 42.5 ലക്ഷം പേരും ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ വാങ്ങുന്ന 10 ലക്ഷത്തോളം പേരുമുണ്ടെന്നാണ് സര്‍ക്കാര്‍ കണക്ക്.
https://www.facebook.com/Malayalivartha

























