ഒരിറ്റ് ശ്വാസത്തിനായി... കഴിഞ്ഞ സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ സ്വര്‍ണം നേടി നാടിന് അഭിമാനമായ കൊച്ചു മിടുക്കി ജീവന്‍ നിലനിര്‍ത്താന്‍ പാടുപെടുന്നു; ഒരിറ്റ് ശ്വാസത്തിനായി പോരാട്ടം തുടരുന്ന അതുല്യയുടെ കഥ എല്ലാവരുടേയും കണ്ണ് നനയിപ്പിക്കും

കണമലയെന്ന കൊച്ചു ഗ്രാമം ഒരു കുഞ്ഞ് ശ്വാസത്തിന് വേണ്ടി പോരാടുകയാണ്. അതുല്യ പ്രതിഭയായ അതുല്യ സജിയെന്ന കൊച്ചുമിടുക്കിയെ വിധിയ്ക്ക് വിട്ടുകൊടുക്കില്ല എന്ന ഉറച്ച തീരുമാനത്തോടെ. സുമനസുകളുടെ കാരുണ്യത്തിനായി അവര്‍ കൈകള്‍ നീട്ടുകയാണ്. എല്ലാം തങ്ങളുടെ പിഞ്ചു മകളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടു വരാന്‍...
കഴിഞ്ഞ സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ സ്വര്‍ണമെഡല്‍ നേടി നാടിന്റെ അഭിമാനമായ തുലാപ്പള്ളി പൊട്ടന്‍പറമ്പില്‍ സജി സിന്ധു ദമ്പതികളുടെ മകളാണ് അതുല്യ സജി (17) എന്ന കൊച്ചുമിടുക്കിയാണ് ഇപ്പോള്‍ സ്വന്തം ജീവന്‍ നിലനിര്‍ത്തുവാന്‍ പാടുപെടുന്നത്. തലച്ചോറില്‍ അണുബാധയും, ശ്വാസകോശക്കുഴല്‍ ചുരുങ്ങുന്ന അസുഖവും മൂലം ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററില്‍ ഒരിറ്റു ശ്വാസത്തിനായി കേഴുന്ന അവസ്ഥയില്‍ ആയ ആ കൊച്ചു മിടുക്കിയുടെ ജീവന്‍ രക്ഷിക്കുവാന്‍ അത്യാവശ്യമായി വേണ്ടുന്നത് 25 ലക്ഷം രൂപ .
സര്‍ക്കാരിന്റെ ചെറിയ സഹായം ലഭിച്ചുവെങ്കിലും അതുകൊണ്ടു ഒന്നുമാകാത്തതിനാല്‍ മാതൃവിദ്യാലയമായ കണമല സാന്തോം സ്‌കൂള്‍ പൂര്‍വിദ്യാര്‍ഥി അധ്യാപക സംഘടനയായ സാന്റ് മേറ്റ്‌സിന്റെ നേതൃത്വത്തില്‍ ചികിത്സക്ക് അഞ്ചു ദിവസം കൊണ്ട് പണം സ്വരൂപിക്കാനുള്ള പദ്ധതി ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. സുമനസുകള്‍ ഒന്നായി കനിഞ്ഞാല്‍ ചികിത്സക്ക് പണം തടസമാകാതെ അതുല്യയെ ജീവിതത്തിലേക്ക് തിരികെകൊണ്ടുവരാനാകും. പരിമിതമായ സാഹചര്യങ്ങളോട് പടവെട്ടി ഉന്നത വിജയത്തിലേക്ക് കുതിച്ചു നാടിനു മുഴുവന്‍ മാതൃകയായ ആ കൊച്ചുമിടുക്കിയെ വിധിയുടെ വിളയാട്ടത്തിനു വിട്ടുകൊടുക്കാതെ മാറോടു ചേര്‍ത്ത് പിടിച്ചു സംരക്ഷിക്കുവാന്‍ ശ്രമിക്കുകയാണ് കണമലയെന്ന കൊച്ചു ഗ്രാമം.
തിരുവനന്തപുരം ജിവി രാജ സ്‌കൂള്‍ വിദ്യാര്‍ഥിനിയായ അതുല്യ 20 ദിവസം മുമ്പ് ബാധിച്ച പനിയെത്തുടര്‍ന്നു കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്നു. വിദഗ്ധ ചികിത്സയ്ക്കായി വ്യാഴാഴ്ച അതുല്യയെ തിരുവനന്തപുരം കിംസ് ആശുപത്രിയിലേക്കു മാറ്റി. ശ്വാസകോശക്കുഴല്‍ ചുരുങ്ങുന്ന അസുഖമാണ് അതുല്യയെ വലയ്ക്കുന്നത്. ഇതുമൂലം സ്വയം ശ്വസിക്കാന്‍ സാധിക്കുന്നില്ല. വെന്റിലേറ്റര്‍ സംവിധാനങ്ങളുടെ സഹായത്തോടെയാണു ജീവന്‍ നിലനിര്‍ത്തുന്നത്. വെന്റിലേറ്റര്‍ സൗകര്യമുള്ള ആംബുലന്‍സിലാണ് ഇന്നലെ അതുല്യയെ തിരുവനന്തപുരത്ത് എത്തിച്ചത്.
ബേക്കറി ജീവനക്കാരനായ സജിയുടെ ചെറിയ വരുമാനംകൊണ്ടാണു കുടുംബം കഴിഞ്ഞു പോകുന്നത്. ഇതിനിടയിലാണ് അതുല്യയുടെ ചികിത്സച്ചെലവു കൂടി വരുന്നത്. തലച്ചോറിലെ അണുബാധ വലച്ചിരുന്ന അതുല്യ അതിനോടു പൊരുതിയാണു കായികമേളകളില്‍ വീണ്ടും ശ്രദ്ധാകേന്ദ്രമായത്.
25 ലക്ഷം രൂപയാണ് ഈ ചികിത്സയ്ക്കായി വേണ്ടി വരുന്നത്. അടിയന്തര സഹായമായി സംസ്ഥാന സര്‍ക്കാര്‍ മൂന്നു ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. കായിക വികസന നിധിയില്‍നിന്നാണു തുക അനുവദിക്കുന്നതെന്നു മന്ത്രി ഇ.പി. ജയരാജന്‍ അറിയിച്ചു. തിരുവനന്തപുരം കിംസ് ആശുപത്രിയുമായി ബന്ധപ്പെട്ടു തുടര്‍ചികിത്സ ഉറപ്പു വരുത്തിയെന്നും മന്ത്രി അറിയിച്ചു.
സംസ്ഥാന, ദേശീയ കായിക മേളകളില്‍ മിന്നും താരമായി ഉയര്‍ന്നുവന്ന കായികതാരം വേഗം ജീവിതത്തിലേക്കു തിരിച്ചെത്തണമെന്ന പ്രാര്‍ഥനയിലാണ് നാട്. ഇനിയും നാടിന്റെ അഭിമാനം ഉയര്‍ത്തിപ്പിടിക്കാന്‍ അതുല്യ ഉണ്ടാകുമെന്ന് തന്നെയാണ് നാട്ടുകാരുടെ വിശ്വാസം.
https://www.facebook.com/Malayalivartha

























