പ്ലാവില കാണിച്ചാൽ നാക്ക് നീട്ടിപ്പോകുന്ന ആട്ടിൻകുട്ടിയെപ്പോലെ കുറേ ; ബിജെപിയിലേക്ക് ചേക്കേറിയ കോൺഗ്രസുകാരെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

ബിജെപിയിലേക്ക് ചേക്കേറിയ കോൺഗ്രസുകാരെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കോൺഗ്രസുകാരെ വിശ്വസിക്കാൻ പറ്റില്ലെന്ന് സിപിഎം പണ്ടേ പറയുന്നതാണെന്നും അതിനുള്ള തെളിവാണിപ്പോൾ നടക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. എപ്പോഴാണ് കോൺഗ്രസുകാർ പാർട്ടി മാറിപ്പോവുക എന്ന് പറയാൻ പറ്റില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു.
ബിജെപി ഒഴുക്കുന്ന പണത്തിന് കയ്യും കണക്കുമില്ല. ''പ്ലാവില കാണിച്ചാൽ നാക്ക് നീട്ടിപ്പോകുന്ന ആട്ടിൻകുട്ടിയെപ്പോലെ കുറേ ... പറയാൻ വേറെ വാക്കുണ്ട്, പക്ഷേ പറയുന്നില്ല. തൽക്കാലം ഡാഷ് എന്ന് കണക്കാക്കിയാൽ മതി'', എന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പിഎസ്‍സി എംപ്ലോയീസ് യൂണിയന്‍റെ പരിപാടിയിൽ തിരുവനന്തപുരത്ത് സംസാരിക്കുകയായിരുന്നു പിണറായി."
ബിജെപിക്ക് ആളെക്കൊടുക്കലാണ് കോൺഗ്രസിന്‍റെ പണിയെന്ന് സിപിഎം നേരത്തെ പറഞ്ഞതാണ്. കോൺഗ്രസിന്‍റെ അപചയത്തിൽ സഹതാപമുണ്ട്. നേതൃത്വം പോലുമില്ലാതെ അനാഥാവസ്ഥയിലാണ് കോൺഗ്രസ്. രാജ്യം ഇത്തരത്തിൽ ഒരു സങ്കീർണാവസ്ഥയിൽ നിൽക്കുമ്പോൾ, കോൺഗ്രസിനെപ്പോലൊരു പാർട്ടി അനാഥാവസ്ഥയിലെത്താൻ പാടുണ്ടോ? വൻതോതിൽ ജയിച്ചാൽ വിജയമേറ്റെടുക്കാൻ മാത്രമുള്ളതല്ല, കോൺഗ്രസിന്‍റെ ഉത്തരവാദിത്തം. അത് മറക്കരുത് എന്നും മുഖ്യമന്ത്രി ആഞ്ഞടിച്ചു.
കേന്ദ്രബജറ്റിൽ കേരളത്തെ എൻഡിഎ സർക്കാർ അവഗണിച്ചെന്നും മുഖ്യമന്ത്രി ആരോപിച്ചു. പ്രളയാനന്തര കേരളത്തിന്‍റെ പുനർനിർമ്മാണത്തിന് കേന്ദ്ര ബജറ്റിൽ ഒരു പൈസ മാറ്റി വച്ചില്ല. കേരളത്തിന് സ്വന്തമായി എയിംസ് വേണമെന്നത് വർഷങ്ങളായി ഉന്നയിക്കുന്ന ആവശ്യമാണ്. ഇതും പരിഗണിച്ചില്ല. എല്ലാ മേഖലകളിലും കേരളത്തിന് അവഗണന മാത്രമാണ്. അർഹമായ സഹായം കേരളത്തിന് കേന്ദ്രസർക്കാരിൽ നിന്ന് കിട്ടിയേ തീരൂ എന്നും മുഖ്യമന്ത്രി പറഞ്ഞു.
അടുത്തിടെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെ അബ്ദുള്ളക്കുട്ടി ബിജെപി അംഗത്വം സ്വീകരിച്ച സംഭവം ഏറെ വിവാദമുണ്ടാക്കിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തിയതിന്‍റെ പേരിലാണ് അബ്ദുള്ള കുട്ടിയെ കോൺഗ്രസിൽ നിന്ന് പുറത്താക്കിയത്. നരേന്ദ്രമോദിയുടെ വികസന അജണ്ടയ്ക്ക് കിട്ടിയ അംഗീകാരമാണ് തെരഞ്ഞെടുപ്പിലെ ബിജെപിയുടെ വൻ വിജയത്തിന് കാരണം എന്നായിരുന്നു എ പി അബ്ദുള്ളക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്. പോസ്റ്റിൽ മോദിയുടെ നേട്ടങ്ങൾ അക്കമിട്ട് നിരത്തുകയും ചെയ്തിരുന്നു.
കർണാടകയ്ക്ക് പിന്നാലെ ഗോവ കോൺഗ്രസിലും പൊട്ടിത്തെറി നടക്കുകയാണ്. പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിൽ കോൺഗ്രസിന്‍റെ ആകെയുള്ള പതിനഞ്ചിൽ പത്ത് എം എൽ എമാരും ബിജെപിയിൽ ചേർന്നു.
https://www.facebook.com/Malayalivartha

























