അർജ്ജുനെ കൊല്ലാൻ പദ്ധതിയിട്ടത് ഒരു വർഷം മുമ്പേ; സംഭവ ദിവസം രാത്രി പത്തുമണിക്ക് ശേഷം നെട്ടൂരിലേയ്ക്ക് തന്ത്രപൂർവം എത്തിച്ച അർജ്ജുന് ആക്രമിക്കും മുമ്പ് അമിത അളവിൽ കഞ്ചാവ് നൽകി:- അമിത ലഹരി ഉള്ളിൽ ചെന്നതോടെ കരയാനും, പ്രതിരോധിക്കാനും കഴിയാതെ വന്നതോടെ നിബിന്റെ സഹോദരൻ മരിച്ച ബൈക്ക് അപകടത്തെക്കുറിച്ച് ചോദിച്ചുകൊണ്ട് ക്രൂരമായ ദേഹോപദ്രവത്തിലേയ്ക്ക് വഴി മാറി- പ്രതികളുടെ വെളിപ്പെടുത്തൽ

എറണാകുളം നെട്ടൂരില്‍ യുവാവിനെ സുഹൃത്തുക്കൾ ചേർന്ന് മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ അർജുനെ ആക്രമിക്കും മുമ്പ് അമിത അളവിൽ കഞ്ചാവ് നൽകിയെന്ന് പ്രതികൾ പൊലീസിനു മൊഴി നൽകി. അമിതമായി ലഹരി ഉള്ളിൽ ചെന്ന അർജുൻ പ്രതിരോധിക്കാനോ കരയാനോ പറ്റാത്ത സാഹചര്യത്തിലായിരുന്നെന്നും ഇവർ പൊലീസിനോടു വെളിപ്പെടുത്തിയിട്ടുണ്ട്. പ്രതികളും ലഹരി ഉപയോഗിച്ചിരുന്നു. നിബിന്റെ സഹോദരൻ മരിച്ച ബൈക്ക് അപകടത്തെക്കുറിച്ച് ചോദിച്ചുകൊണ്ടാണ് ദേഹോപദ്രവം തുടങ്ങിയത്. തുടർന്ന് ചോദ്യം ചെയ്യൽ ക്രൂരമായ ആക്രമണത്തിലേയ്ക്ക് വഴിമാറുകയായിരുന്നു.
മരക്കഷണം കൊണ്ട് തലയ്ക്ക് അടിയേറ്റു വീണ അർജുനെ ക്രൂരമായി മർദിച്ചാണ് കൊലപ്പെടുത്തിയതെന്നും ഇവർ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. രണ്ടാം പ്രതി നിബിന്റെ നിർദേശപ്രകാരമാണ് അർജുന്റെ അയൽവാസിയും 17കാരനുമായ യുവാവ് കഴിഞ്ഞ രണ്ടാം തീയതി രാത്രി പത്തുമണിക്കു ശേഷം അർജുനെ നെട്ടൂരേയ്ക്ക് കൂട്ടിക്കൊണ്ടുവന്നത്. ഇവിടെ പ്രതികളുടെ സമീപത്ത് വിടാതെ മറ്റൊരിടത്താണ് അർജുനെ ഇറക്കിയത്. അതുകൊണ്ടാകണം കൊലയാളി സംഘത്തിൽ ആരൊക്കെയുണ്ടെന്ന ചോദ്യത്തിന് കൃത്യമായ മറുപടി പറയാൻ 17–കാരന് കഴിയാതെ പോയതെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു.
അർജുനെ കൊലപ്പെടുത്താൻ നിബിൻ ഒരു വർഷം മുമ്പു തന്നെ പദ്ധതിയിട്ടിരുന്നു എന്നാണ് പൊലീസിനോടു പറഞ്ഞിരിക്കുന്നത്. ഇതിനായി അർജുനുമായി മനപ്പൂർവം സൗഹൃദം സ്ഥാപിക്കുകയായിരുന്നു. കഴിഞ്ഞ വർഷം നടന്ന ബൈക്ക് അപകടത്തിൽ നിബിന്റെ സഹോദരൻ മരിക്കുകയും അർജുന് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തിരുന്നു.
ഗുരുതരമായി പരുക്കേറ്റ അർജുൻ പത്തുലക്ഷം രൂപയിലധികം ചെലവഴിച്ച് സ്വകാര്യാശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ ശേഷമാണ് ജീവിതത്തിലേയ്ക്ക് തിരികെ വന്നത്. സഹോദരന്റെ മരണത്തിനു കാരണം അർജുൻ ആണെന്നാണ് നിബിൻ വിശ്വസിച്ചിരുന്നത്. ഇതു തന്നെ കൂടെയുള്ളവരെയും പറഞ്ഞു വിശ്വസിപ്പിച്ചിരുന്നു. അങ്ങനെയാണ് ഇവർ സംഘം ചേർന്ന് അർജുനെ കൊലപ്പെടുത്താൻ പദ്ധതിയിടുന്നതും നടപ്പാക്കിയതും. പ്രതികൾ മയക്കുമരുന്ന് ഉപയോഗിക്കുന്നവരും വിതരണത്തിന് എറണാകുളത്ത് എത്തിക്കുന്ന സംഘത്തിലെ കണ്ണികളാണെന്നും പൊലീസിന് വ്യക്തമായിട്ടുണ്ട്.
https://www.facebook.com/Malayalivartha

























