യുഡിഎഫില്‍ നിന്നും പുറത്താക്കൂ; കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താമെന്ന് പിള്ള

യുഡിഎഫില്‍ നിന്നും തന്നെ പുറത്താക്കിയാല്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്ന് കേരള കോണ്‍ഗ്രസ്-ബി ചെയര്‍മാന്‍ ആര്‍.ബാലകൃഷ്ണപിള്ളയുടെ മുന്നറിയിപ്പ്. തിരുവനന്തപുരത്ത് വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബാര്‍ കോഴയാരോപണം സിബിഐ അന്വേഷിക്കണം. സര്‍ക്കാര്‍ നല്കിയ മുന്നോക്ക കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനം ഒഴിയാന്‍ ഒരു മടിയുമില്ല. താന്‍ പലതവണ വേണ്ടെന്ന് പറഞ്ഞിട്ടും വേണ്ടപ്പെട്ടവരെ കൊണ്ട് പറയിച്ചാണ് സ്ഥാനം ഏറ്റെടുപ്പിച്ചത്. താനുമായി കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റാണ്. കഴിഞ്ഞ സെപ്റ്റംബര്‍ 28-നാണ് താന്‍ മുഖ്യമന്ത്രിയെ ക്ലിഫ് ഹൗസില്‍ പോയി കണ്ടത്. ക്ലിഫ് ഹൗസിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ ഇത് മനസിലാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യുഡിഎഫില്‍ നിന്നും തനിക്ക് സ്വയം മാറാന്‍ ബുദ്ധിമുട്ടുണ്ട്. തന്നെ പുറത്താക്കിയാല്‍ സന്തോഷമേയുള്ളൂ. പുറത്താകുന്ന ബാലകൃഷ്ണപിള്ള കൂടുതല്‍ ശക്തനായിരിക്കും. മുന്നണിയില്‍ നിന്നും പുറത്താക്കുമെന്ന പേടി തനിക്കില്ലെന്നും യുഡിഎഫിന് എന്തു ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു.
മകനായ ഗണേഷ്‌കുമാറിനെ തനിക്കെതിരേ തിരിച്ചത് ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ചേര്‍ന്നാണ്. അതിന് ശേഷം അധികാരത്തിന്റെ മത്ത് പിടിച്ചവനെ പോലെയാണ് ഗണേഷ് പെരുമാറുന്നത്. വാളകം കേസില്‍ സിബിഐയെ ഉപയോഗിച്ച് മുഖ്യമന്ത്രി തന്നെ അപമാനിച്ചു. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായത് മുതല്‍ താന്‍ വീര്‍പ്പുമുട്ടല്‍ അനുഭവിക്കുകയാണ്. എണ്ണം നോക്കി നടപടിയെടുക്കുന്ന യുഡിഎഫ് ഗുണം പിടിക്കില്ലെന്നും പി.സി.ജോര്‍ജിനെതിരേ യുഡിഎഫ് ഒരു നടപടിയും സ്വീകരിക്കില്ലെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























