ബാര്‍ കോഴ: വിജിലന്‍സ് എ.ഡി.ജി.പി ജേക്കബ് തോമസിനെ മാറ്റാന്‍ നീക്കം

ധനമന്ത്രി കെ. എം മാണി ആരോപണവിധേയനായ ബാര്‍ കോഴക്കേസാണ് ഇപ്പോള്‍ ചൂടോടെ ചര്‍ച്ച ചെയ്തു കൊണ്ടിരിക്കുന്നത്. അതിനിടയിലാണ് ബാര്‍ കോഴക്കേസിന്റെ അന്വേഷണം അട്ടിമറിക്കാന്‍ നീക്കം നടക്കുന്നതായി സൂചന. കേസിന്റെ അന്വേഷണ ചുമതലയുള്ള വിജിലന്‍സ് എ.ഡി.ജി.പി ജേക്കബ് തോമസിനെ ഡി.ജി.പിയായി സ്ഥാനക്കയറ്റം നല്‍കി മാറ്റാനാണ് നീക്കം നടക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്നു ചേരുന്ന മന്ത്രിസഭായോഗത്തില്‍ ഇതു പരിഗണിച്ചേക്കും. മന്ത്രിസഭായോഗത്തിന്റെ അജണ്ടയില്‍ ഈ വിഷയവും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് സൂചന. ജേക്കബ് തോമസിനോട് ഇഷ്ടമുള്ള തസ്തിക ചോദിച്ചതായും സൂചനയുണ്ട്. എ.ഡി.ജി.പിയുടെ സ്ഥാനചലനത്തിന് ആഭ്യന്തര വകുപ്പിനു മേല്‍ കടുത്ത സമ്മര്‍ദ്ദം ഉണ്ടെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വെളിപ്പെടുത്തി.
ബാര്‍ കോഴക്കേസില്‍ രാഷ്ട്രീയ ഇടപെടലുകള്‍ക്ക് യാതൊരു പഴുതും നല്‍കാതെയാണ് വിജിലന്‍സ് സംഘത്തിന്റെ അന്വേഷണമെന്നാണ് അറിയുന്നത്. രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായ ശേഷമാണ് വിന്‍സണ്‍ എം.പോളിനെ വിജിലന്‍സ് ഡയറക്ടറായും ലോകായുക്ത എ.ഡി.ജി.പി ആയിരുന്ന ജേക്കബ് തോമസിനെ വിജിലന്‍സ് എ.ഡി.ജി.പിയായും നിയമിച്ചത്. വിന്‍സണ്‍ എം.പോളും ജേക്കബ് തോമസും ചേര്‍ന്ന് പല കേസുകളിലും നിര്‍ണായക ഇടപെടലുകളും നടത്തുകയും ചെയ്തു. പുതിയ തീരുമാനത്തോട് ചെന്നിത്തലയുടെ പ്രതികരണമെന്താണെന്ന് ഇപ്പോഴും വ്യക്തമല്ല. അനധികൃത സ്വത്ത് സമ്പാദനകേസില്‍ പെട്ട പൊതുമരാമത്ത് മുന്‍ സെക്രട്ടറി ടി.ഒ.സൂരജിന്റെ വീട്ടിലും ഓഫീസിലും റെയ്ഡ് നടത്തിയതും വിജിലന്‍സ് കേസ് എടുത്തതും ജേക്കബ് തോമസിന്റെ അന്വേഷണത്തെ തുടര്‍ന്നാണ്.
സൂരജിനെ സര്‍ക്കാരിന് സസ്‌പെന്‍ഡ് ചെയ്യേണ്ടിയും വന്നു.ലോകായുക്ത എ.ഡി.ജി.പി ആയിരിക്കെ പാറ്റൂര്‍ ഭൂമി ഇടപാട് കേസില്‍ അന്വേഷണത്തിന് കോടതി നിയോഗിച്ചത് ജേക്കബ് തോമസിനെയാണ്. ടൂറിസം ഡയറക്ടര്‍ ഷേക്ക് പരീതിനും സിഡ്‌കോ മാനേജിംഗ് ഡയറക്ടര്‍ സജി ബഷീറിനെതിരായ കേസും രജിസ്റ്റര്‍ ചെയ്തത് ജേക്കബ് തോമസാണ്. മുക്കുന്നിമലയിലെ ക്വാറികള്‍ അടച്ചപൂട്ടണമെന്ന ശുപാര്‍ശയും ജേക്കബ് തോമസിന്റേതായിരുന്നു. എന്നാല്‍, ബാര്‍ കോഴ വിഷയത്തില്‍ മാണിയെ ഒന്നാം പ്രതിയാക്കി കേസ് എടുത്തത് ജേക്കബ് തോമസിന്റെ കര്‍ശന നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. ഏതായാലും എഡിജിപിയെ മാറ്റാനുള്ള നീക്കം ഗൂഡാലോചനയാണോ എന്നത് വ്യക്തമല്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























